പെരുമ്പാവൂര്‍: ആലുവ മൂന്നാര്‍ റോഡില്‍ പാലക്കാട്ടുതാഴത്തിന് സമീപം പള്ളിക്കവലയില്‍ കൂട്ടിയിടിച്ച ബസും ബൈക്കും പൂര്‍ണ്ണമായും കത്തിനശിച്ചു. ബസ് യാത്രക്കാരും ബൈക്കിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന കുറുപ്പംപടി രായമംഗലം ഓടക്കല്വീട്ടില് അരുണിന് (27) കാലിന് പരിക്ക്പറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ഓടക്കാലി മന്നംകുഴിയില് മുഹ്സിന് (26) നിസാര പരിക്കേറ്റു.രാവിലെ 8.30നാണ് സംഭവം എറണാകുളം പെരുമ്പാവൂര്‍ റൂട്ടിലോടുന്ന ഫര്ഹാന് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്‍ഫോപാര്‍ക്കിലേക്ക് ജോലിക്ക് പോവുകയായിരുന്ന ബൈക്ക്യാത്രക്കാരെ ഓവര്‍ടേക് ചെയ്ത് വന്ന മറ്റൊരുകാര്‍ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് തെന്നിമറിഞ്ഞ് എതിരെവന്ന ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അരുണും, മുഹ്സിനും തെറിച്ച് റോഡില്‍ വീഴുകയും ചെയ്തു. കാര്‍നിര്‍ത്താതെ പോയി.
ബസിനടിയില്‍പ്പെട്ട ബൈക്ക് റോഡിലുരഞ്ഞുണ്ടായ തീപ്പൊരിയില്‍ ഡീസല്‍ടാങ്കിന് തീപിടിക്കുകയായിരുന്നു. പുകഉയരുന്നത് കണ്ടതോടെ മുഴുവന്‍ ആളുകളും ബസ്സില്‍ നിന്നും ഇറങ്ങി ഓടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിയില്പ്പെട്ടബൈക്കും ബസ്സും പൂര്‍ണ്ണമായും കത്തിനശിച്ചു.
അധികം യാത്രക്കാരില്ലാതിരുന്നതിനാലും, മുഴുവന്‍ ഡീസല്‍ നിറഞ്ഞ ടാങ്ക് പൊട്ടിത്തെറിക്കാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. പിന്നീട് പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണച്ചത്. ഒന്നരമണിക്കൂറിലധികം സമയം എടുത്താണ് തീ കെടുത്താനായതെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് റോബിന് വര്‍ഗീസ് പറഞ്ഞു. അപകടത്തെതുടര്‍ന്ന് എഎം റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: