തൃപ്പൂണിത്തുറ: ഹില്‍പാലസ് മ്യൂസിയം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി ഡയറക്ടര്‍ ജനറല്‍ ഡോ.എം.ജി.എസ്. നാരായണന് അറിയിച്ചു. സിഎച്ച്എസിന്റെ പ്രവര്‍ത്തനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് യോഗത്തിനുശേഷം സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ എംജിഎസ് പറഞ്ഞു.
സിഎച്ച്എസിന്റെ കോഴ്സുകള്‍ക്ക് യൂണിവേഴ്സിറ്റികളുടെ അംഗീകാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മാനേജ്മെന്റ് ബോര്‍ഡ് യോഗം ആവശ്യപ്പെട്ടതായും എംജിഎസ് പറഞ്ഞു. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ വിവിധ കോഴ്സുകള്‍ പഠിച്ച് പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകാരം കിട്ടാത്ത അവസ്ഥയാണുള്ളത്. അടിയന്തര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്തപക്ഷം സിഎച്ച്എസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണുണ്ടാവുക. ബോര്‍ഡ് ഓഫ് മാനേജ്മെന്റ് യോഗത്തില്‍ ഡോ. എന്‍.എം. നമ്പൂതിരി പുതിയ ഡീന്‍ ആയി ചുമതലയേറ്റു. സിഎച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനും തീരുമാനമായി.കേരള ആര്‍ക്കൈവ്സ് രേഖകളുടെ പരിരക്ഷണത്തിനുവേണ്ടിയുള്ള പ്രൊജക്ട് ഏറ്റെടുത്ത് നടത്തുന്നതിനുള്ള രൂപരേഖ നിലനില്വന്നു. കേരള ഹെറിറ്റേജ് സര്‍വെ നടത്തുന്നതിനും ഫണ്ട് നീക്കിവെക്കുന്നതിനും യോഗം തീരുമാനിച്ചു. സ്മാര്‍ട്ട് ക്ലാസ്റൂം, ഇതര പുസ്തകങ്ങളുടെ പ്രസിദ്ധീകരരം എന്നിവക്ക് രൂപരേഖയായി. സിഎച്ച്എസ് കാമ്പസില്‍ പ്രഭാതസവാരി നടത്തുന്നതിന് ഒരു കൊല്ലത്തേക്ക് 150 രൂപയും 6 മാസത്തേക്ക് 100 രൂപനിരക്കും ഏര്‍പ്പെടുത്തും. കാമ്പസില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. കാമ്പസ് വികസന പദ്ധതികളുടെ ഏകോപനത്തിനായി എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തും. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ക്രമപ്പെടുത്തുന്നതിന് സര്‍വീസ് കണ്‍സള്‍ട്ടന്റിന്റെ സഹായം തേടും. ലൈബ്രറി ഓട്ടോമേഷന്‍ ആവശ്യമായ സോഫ്റ്റ്വെയര് വാങ്ങും. പുതിയ സ്ഥലസൗകര്യത്തിന് ആര്‍ക്കിയോളജി വകുപ്പിന്റെ അനുമതി തേടും. കോഴ്സുകളുടെ അംഗീകാരത്തിനാവശ്യമായ സിലബസ് പരിഷ്കരിച്ച് ആവശ്യമെങ്കില്‍ പുതിയ വകുപ്പ് ഉണ്ടാക്കും. സിഎച്ച്എസിന്റെ നിലവിലെ വെബ്സൈറ്റ് മെച്ചപ്പെടുത്തും. കേരള പൈതൃകം അടിസ്ഥാനമാക്കി മാസംതോറും പ്രഭാഷണം സംഘടിപ്പിക്കും.വികസന പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് സര്‍ക്കാരില്‍നിന്നും ലഭ്യമാകുന്ന മുറക്ക് എത്രയും വേഗം നടപ്പാക്കുമെന്ന് എംജിഎസ് പറഞ്ഞു. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും എംജിഎസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡീന്‍ ഡോ.എന്‍.എം. നമ്പൂതിരി, ബോര്‍ഡ് അംഗം ഡോ.കെ.എ.എം. അന്‍വര്‍ എന്നിവരും പങ്കെടുത്തു. രാവിലെ നടന്ന മാനേജ്മെന്റ് ബോര്‍ഡ് യോഗത്തില്‍ ഗോപകുമാര്‍ (ഫൈനാന്‍സ്), ഡോ. രമാരാജന്‍ (ബോര്‍ഡ് അംഗം), രജിസ്ട്രാര്‍ സോന എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: