തിക്രിത്: ഇറാഖില്‍ പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഏഴ് പേര് മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരും പരുക്കേറ്റവും പോലീസുകാരാണെന്നാണ് വിവരം. സദ്ദാം ഹുസൈന്റെ ജന്മനഗരമായ തികൃതിലെ പോലീസ് ആസ്ഥാനത്തായിരുന്നു സ്ഫോടനം.
പ്രാദേശിക സമയം രാവിലെ 8.40 ഓടെയായിരുന്നു ആക്രമണം. ടാങ്കര്‍ ലോറിയില്‍ എത്തിയ ചാവേര്‍ പോരാളികള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ ഭരണത്തെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രധാന സര്‍ക്കാര്‍ ഷിയാ ഓഫീസുകള്‍ക്ക് നേരെ ആക്രമിക്കുമെന്ന് അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സുന്നി ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ പലതവണകളായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാഖ് തലസ്ഥാനം ബാഗ്ദാദില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് തിക്രിത്. ഇറാഖിലെ വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ കഴിഞ്ഞ ആഴ്ച്ച ഉണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: