ചാലക്കുടി : ഏഷ്യയിലെ തന്നെ പ്രധാന തടാകമാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല കണിച്ചന്തുറയിലുള്ള ഓക്സബോ തടാകം. ഏകദേശം ഇരുപത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ തടാകം അവഗണനയില്‍. അധികൃതരുടെ അവഗണന മൂലം ഈ അപൂര്‍വ്വ തടാകം നശിച്ചുകൊണ്ടിരിക്കുന്നു. പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴ ഗതിമാറി കിഴക്കോട്ട് തിരിഞ്ഞ് ഒഴുകിയപ്പോള്‍ രൂപപ്പെട്ടതാണ് ഈ ഓക്സ്ബോ തടാകം. തിരിഞ്ഞൊഴുകുമ്പോള് ഒരു വശത്ത് മണ്ണൊലിപ്പിനും, മറുഭാഗത്ത് മണ്ണ് കുമിഞ്ഞു കൂടുന്നതിനും കാരണമാകും. ഇതില്‍ ഒരു ഭാഗം പുഴയില്‍ നിന്ന് വിട്ടുമാറും ഈ പ്രതിഭാസത്തിനെയാണ് ഓക്സ്ബോ എന്നു പറയുന്നത്. കാളകളുടെ പുറത്തെ കൂഞ്ഞയുടെ ആകൃതിയിലാണ് ഇവിടെ തടാകം കിടക്കുന്നതിനാല്‍ കൂടിയാണ് ഗവേഷകര്‍ ഓക്സോബോ തടാകം എന്ന് വിളിക്കുവാന്‍ കാരണം. സൂക്ഷ്മാണുക്കളായ അനവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണിവിടെ. ജൈവവൈവിധ്യങ്ങളുടെ ഒരു വലിയ കലവറ കൂടിയാണ് ഓക്സ്ബോ. വംശനാശഭീഷണി നേരിടുന്ന നിരവധി മത്സ്യസമ്പത്തുക്കളെ കൂടി ഇവിടെ കാണപ്പെടുന്നുണ്ട്.
സാധാരണയായി ഒരു പുഴ ഒഴുകുന്ന ദിശയില്‍ നിന്ന് പുഴയ്ക്കുണ്ടാകുന്ന സ്ഥാന ചലനമാണ് ഓക്സ്ബോ തടാകം രൂപപ്പെടുന്നതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും വിസ്തൃതമായ തടാകമാണിത്. അപൂര്‍വ്വ പ്രതിഭാസമായ ഓക്സ്ബോ തടാകം സംരക്ഷിക്കാന്‍ നാട്ടുകാര്‍ വൈന്തലയില്‍ സംരക്ഷണസമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നത്. 2002 ല്‍ ജിയോളജി വകുപ്പ് 2002ല്‍ ജിയോളജി വകുപ്പ് സര്‍വ്വേയും ഭൗമശാസ്ത്രജ്ഞന്മാരുടെ നിരവധി സംഘടനകളും ഓക്സ്ബോയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
ഓക്സ്ബോ തടാകത്തിന് സമീപത്തായി പാടശേഖരങ്ങളില്‍ നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് ഈ തടാകത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടാടന്‍ പാടത്ത് അനുമതിയില്‍ കൂടുതല്‍ താഴ്ചയില്‍ കളിമണ്ണ് എടുക്കുന്നത് ഓക്സ്ബോ തടാകത്തിന്റെ ഉറവകള്‍ വറ്റിവരളുവാന് കാരണമാകുന്നുണ്ട്. ഇതിനു പുറമെ ഓക്സ്ബോ തടാകത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ഇതിന് ഭീഷണിയാണ്.
സര്‍വ്വേ നടത്തി തടാകത്തിന്റെ യഥാര്‍ത്ഥ വിസ്തൃതി കണക്കാക്കി തടാകം കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നത്. തടാകം സംരക്ഷിക്കുവാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും ഒരു നടപടിയും ഇനിയുമായിട്ടില്ല. നിലവില്‍ പായല്‍ കയറി ചെളിനിറഞ്ഞ് തടാകം നശിച്ചുകൊണ്ടിരിക്കുകയാണ്.
2009ല്‍ കണിച്ചാന്തുറയുടെ വികസനത്തിനും, വിനോദ സഞ്ചാരമേഖലയായി പ്രഖ്യാപിക്കുന്നതിനുമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ശ്രമവും ഉപേക്ഷിച്ചപോലെയാണ്. ഓക്സ്ബോ തടാകം സംരക്ഷിച്ച് ജൈവവൈവിധ്യങ്ങളേയും പരിസ്ഥിതിയേയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ ആവശ്യത്തിന് ഒരു പരിഹാരമെന്നനിലയില്‍ തടാകം സംരക്ഷിക്കുന്നതിനും, പഠനം നടത്തുന്നതിനുമായി ജൈവ-വൈവിധ്യബോര്‍ഡ് ഉദ്യോഗസ്ഥസംഘം ഏപ്രില്‍ 12ന് ഓക്സ്ബോയില് ഇവിടെ എത്തുന്നുണ്ട്.
തടാകത്തിലെ മണ്ണും മറ്റും പരിശോധിച്ച് മുന്‍കാലങ്ങളിലെ ആവാസവ്യവസ്ഥ, പുഴജീവികള്, പാരമ്പര്യം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും. ഇത് കണ്ടെത്തുവാനാണ് ഉദ്യോഗസ്ഥ സംഘം എത്തുന്നത്. 98-2001 കാലഘട്ടങ്ങളില്‍ ഡോ.സണ്ണിജോര്ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ പുഴകളെക്കുറിച്ചുള്ള പഠനത്തിലാണ് ഓക്സ്ബോതടാകം എന്ന പ്രതിഭാസം കണ്ടെത്തിയത്.
ഷാലി മുരിങ്ങൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: