തൃപ്പൂണിത്തുറ: ഇരുമ്പനം ബിപിസിഎല്ലില്‍ ടാങ്കര്‍ ലോറി പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിന് കമ്പനി അധികൃതരും തൊഴിലാളിയൂണിയനുമായി ശനിയാഴ്ച രാവിലെ 11 ന് നടത്തിയ ചര്‍ച്ച പൊളിഞ്ഞു. ഇതേതുടര്‍ന്ന് സമരം ശക്തമാക്കി.
ചര്‍ച്ച പരാജയപ്പെട്ടതോടെ ബിപിസിഎല്ലില്‍നിന്ന് ടാങ്കര്‍ലോറികള്‍ വഴി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള പെട്രോള്‍, ഡീസല്‍ എന്നിവയുടെ നീക്കം പൂര്‍ണ്ണമായും നിലച്ചു. തെക്കോട്ട് തിരുവനന്തപുരം വരെയും, വടക്കോട്ട് കോഴിക്കോട്വരെയുമാണ് ഇരുമ്പനത്തുനിന്ന് ഇന്ധനം കൊണ്ടുപോകുന്നത്.
സമരം തുടര്‍ന്നാല്‍ തിങ്കളാഴ്ചയോടെ ബിപിസിഎല്ലിന്റെ പെട്രോള്‍ പമ്പുകള്‍ വറ്റിവരളുന്ന സ്ഥിതിയുണ്ടാവും. ലോറിവാടകവര്ദ്ധനവ് ഉള്‍പ്പെടെ പ്രധാനമായും 3 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടാങ്കര്‍ലോറികള്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്. സിഐടിയു യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
ലോറിവാടകവര്ദ്ധന നല്‍കുക, കുടിശിക തീര്‍പ്പാക്കുക, എന്നിവക്ക് പുറമെ 200 ഓളം ടാങ്കറുകള്‍ക്ക് കമ്പനി എന്‍ഒസി നല്കാതിരിക്കുന്നതും പണിമുടക്കിന് കാരണമാണ്. കഴിഞ്ഞ ഒക്ടോബറില്‍ പുതുക്കിയ ടെണ്ടര്‍ പ്രകാരം കമ്പനിടാങ്കര് ലോറിവാടകവര്ദ്ധിപ്പിച്ചുനല്കേണ്ടതുണ്ട്. 700 ഓളം ടാങ്കറുകളാണ് ബിപിസിഎല്ലില്‍ നിന്നും ഇന്ധനം കൊണ്ടുപോകുന്നത്. കമ്പനിടാങ്കര് ലോറികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്കാത്തതിനാല് കൂടിയവാടക കിട്ടുന്നില്ല. അതിനാല്‍ ഒക്ടോബര്‍ മുതലുള്ള കുടിശികയും കിട്ടാത്ത അവസ്ഥയാണ്. അതേസമയം ഇന്ധനം കൊണ്ടുപോകാന്‍ 500 ഓളം ടാങ്കര്‍ ലോറികള്‍ മതിയെന്ന കമ്പനിനിലപാടാണ് 200 ഓളം ലോറികള്‍ വര്‍ക്ക് ഓര്‍ഡര്‍ കിട്ടാതിരിക്കാന്‍ കാരണം.
ശനിയാഴ്ചനടന്ന ചര്‍ച്ചയില്‍ ലോറികള്‍ക്ക് എന്‍ഒസി നല്കാന് കമ്പനി അധികൃതര്‍ വിസമ്മതിച്ചതാണ് ചര്ച്ചപരാജയപ്പെടാന് കാരണം. അതിനാല്‍ സമരം ശക്തമായി തുടരുമെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: