ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ഡേലയുടെ പ്രണയാഭ്യര്‍ത്ഥന നിരസിക്കാതിരുന്നെങ്കില് അമിന കച്ചാലിയ എന്ന ഇന്ത്യക്കാരി ദക്ഷിണാഫ്രിക്കയുടെ പ്രഥമവനിതയാകുമായിരുന്നു, അതേ, ദക്ഷിണാഫ്രിക്കയുടെ കറുത്ത വര്‍ഗക്കാരനായ ആദ്യപ്രസിഡന്റ് ഇന്ത്യന്‍വംശജയായ അമിനയെ അത്രമാത്രം പ്രണയിച്ചിരുന്നു.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യൂസഫ് കച്ചാലിയയുടെ വിധവയായിരുന്നു അക്കാലത്ത് അമിന. 27 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തുവന്ന നെല്‍സണ്‍ മണ്ഡേല ഭാര്യ വിന്നി യുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അമിനയുടെ ആത്മകഥയിലാണ് നെല്‍സണ്‍ മണ്ഡേലയുടെ അധികമാരുമറിയാത്ത പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. 83കാരിയായ അമിന കഴിഞ്ഞമാസം അന്തരിച്ചതിന് ശേഷമാണ് ഇവരുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്.കുടുംബസുഹൃത്തായ നെല്‍സണ്‍ മണ്ഡേലയും താനുമായുള്ള അപൂര്‍വ്വ അടുപ്പത്തെക്കുറിച്ച് അവര്‍ പുസ്തകത്തില്‍ വിവരിക്കുന്നു.
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നെല്‍സണ്‍ മണ്ഡേലയിപ്പോള്. അദ്ദേഹത്തിന് ഓര്‍മ്മശക്തി കുറഞ്ഞതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. മണ്ഡേലയുടെ വിവാഹാഭ്യര്‍ത്ഥനയെക്കുറിച്ച് അമ്മ തങ്ങളോട് തുറന്നുസമ്മതിച്ചിട്ടുണ്ടെന്ന് മക്കളും സാക്ഷ്യപ്പെടുത്തുന്നു. മണ്ഡേലയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം താനുമായി പ്രണയം പങ്കിട്ട നിമിഷങ്ങളെക്കുറിച്ചും അമിന തന്റെ ആത്മകഥയില്‍ തുറന്നെഴുതുന്നു. എന്നാല്‍ മധ്യവയസ്ക്കയായ തനിക്ക് മണ്ഡേലയുടെ പ്രണയം സ്വീകരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. പ്രണയപൂര്‍വ്വം ചെറുപ്പക്കാരിയെന്ന് സംബോധന ചെയ്തപ്പോള്‍ മണ്ഡേലയോട് ചെറുപ്പക്കാരിയല്ലെന്ന് എതിര്‍ക്കുകയും പ്രായമേറിയ സ്ത്രീ എന്ന് തിരുത്തിയതിന് വഴക്കുകൂടിയതും അമിന ആത്മകഥയില്‍ വിവരിക്കുന്നു.
മണ്ഡേലയുമായുള്ള ഇണക്കവും പിണക്കവും വിവരിക്കുന്ന പുസ്തകത്തില്‍ അദ്ദേഹം തന്നെ സന്തോഷിപ്പിക്കാനായി പ്രണയക്കുറിപ്പുകള്‍ എഴുതാറുണ്ടായിരുന്നെന്നും തീക്കളിയാണെന്ന് ഓര്‍മ്മിപ്പിച്ച് താനവ കത്തിച്ചുകളയാന്‍ ശ്രമിച്ചതായും അമിന അനുസ്മരിക്കുന്നു. എന്നാല്‍ എഴുതി പൂര്‍ത്തിയാക്കി താന്‍ തന്നെ കീറികളയാമെന്ന ഉറപ്പില്‍ മണ്ഡേല എഴുത്തു തുടരുമെന്നും അവര്‍ കുറിച്ചിട്ടുണ്ട്.
റൊമാന്റിക്കായ നെല്‍സണ്‍ മണ്ഡേലയെ അധികമാര്‍ക്കും പരിചയമുണ്ടായിട്ടില്ല. ദീര്‍ഘനാളത്തെ ജയില്‍വാസം അദ്ദേഹത്തിന്റെ പ്രണയഭാവങ്ങളെ മറച്ചു കളഞ്ഞതായിരിക്കുമെന്നാണ് അമിന പറയുന്നത്.
തനിക്ക് സമ്മാനിക്കാറുള്ള പ്രണയക്കുറിപ്പുകളാണ് അദ്ദേഹത്തിന്റെ സ്നേഹം ഏറ്റവുമധികം പ്രകടമാക്കിയിരുന്നവയെന്നും അവര്‍ പറയുന്നു. എന്നാല്‍ മണ്ഡേലയെ അഗാധമായി സ്നേഹിച്ചിരുന്നെങ്കിലും പ്രണയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അവര്‍ സമ്മതിക്കുന്നുണ്ട്.
മാസാംബിക്കുകാരിയായ ഗ്രാസാ മഷേലുമായുള്ള വിവാഹ ബന്ധം ചൂണ്ടിക്കാട്ടിയാണ് താന്‍ പലപ്പോഴും അദ്ദേഹത്തെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ ഏറെ സാമൂഹികപ്രവര്ത്തനപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു അമിന. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ അമിനയുടെ പിതാവ് ഇബ്രാഹിം അസ്വത് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ട്രാന്സാല് ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവു കൂടിയായിരുന്നു അദ്ദേഹം. വനിതാവിമോചന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനിടെയാണ് അമിന യൂസഫ് കച്ചാലിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: