ബംഗളൂരു: ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ചെന്നൈയില്‍ വിലക്കേര്‍പ്പെടുത്തിയ ഐപിഎല്‍ നടപടിയില്‍ മുത്തയ്യ മുരളീധരന് ആശങ്ക പ്രകടിപ്പിച്ചു. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരായ ആക്രമണങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയസമ്മര്‍ദ്ദം വര്‍ധിച്ച സാഹചര്യത്തിലാണ് ഐപിഎല്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്.
ഇന്ത്യയുടെ ഏതെങ്കിലുമൊരു ഭാഗത്ത് കളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയ ഈ ദിവസം ദുഃഖദിനമാണ്. താരങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന കാരണത്താല്‍ സര്‍ക്കാരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് അത് ബോധ്യമുണ്ട്, ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ കൂടിയായ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ റോയല്‍ ചലഞ്ചേഴ്സിനോട് സംസാരിച്ചതായും അവര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ചെന്നൈയിലല്ലാതെ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
തനിക്ക് സ്ഥാനചലനം സംഭവിച്ചതായി ഒരിക്കലും തോന്നിയിട്ടില്ലെന്ന് ശ്രീലങ്കന്‍ തമിഴന് കൂടിയായ മുരളീധരന് പറഞ്ഞു. താന്‍ 20 വര്‍ഷം ലങ്കന്‍ ടീമിന് വേണ്ടി കളിച്ചു. തമിഴനായതിന്റെ പേരില്‍ ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. പല പ്രശ്നങ്ങളും താന്‍ നേരിട്ടകാലത്ത് ലങ്കന്‍ സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും നല്ല പിന്തുണയാണ് നല്‍കിയിട്ടുള്ളത്. നേരത്തെ ലങ്കയില്‍ തമിഴരും സിംഹളരും തമ്മില്‍ യുദ്ധം നടന്നിരുന്നു. എന്നാല്‍ ഇന്ന് അവിടെ ജനങ്ങള്‍ സമാധാനപൂര്‍വം കഴിയുന്നു. ഇക്കാര്യം ഇന്ത്യയിലെ ബന്ധപ്പെട്ടവര്‍ക്ക് നേരിട്ട് ശ്രീലങ്കയിലെത്തി പരിശോധിക്കാം. കഴിഞ്ഞ കാലങ്ങളില്‍ നടന്നത് എല്ലാവരും മറക്കണം. ലങ്കയിലെ ജനങ്ങള്‍ വീണ്ടുമൊരു യുദ്ധസാഹചര്യം ആഗ്രഹിക്കുന്നില്ല, മുരളീധരന് വ്യക്തമാക്കി.
ചെന്നൈയില്‍ കളിക്കാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ തീര്‍ച്ചയായും കളിക്കും. ചെന്നൈ തനിക്ക് രണ്ടാമത്തെ വീടാണ്. കാരണം തന്റെ ഭാര്യ മധിമലര്‍ ചെന്നൈയില്‍ നിന്നുമാണ്. ഇക്കാര്യത്തില്‍ തനിക്ക് ഏറെ വൈകാരിക സാഹചര്യമാണുള്ളത്. രാഷ്ട്രീയത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് കളി മാത്രമാണ് തങ്ങളുടെ ജോലി. ക്രിക്കറ്റിലൂടെ ആരാധകരെ സന്തോഷിപ്പിക്കുക, അതു മാത്രമാണ് ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു.
2011ല്‍ മുംബൈയില്‍ നടന്ന ലോകകപ്പിന് ശേഷമാണ് മുത്തയ്യ മുരളീധരന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ നിരവധി 20 ട്വന്റി ലീഗ് മത്സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ഐപിഎല്ലിലെ അഞ്ച് സീസണുകളിലും മത്സരിച്ചിട്ടുണ്ട്. 2008-2010 കാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയും 2011ല്‍ കൊച്ചി ടാസ്കേഴ്സ് കേരളയ്ക്കു വേണ്ടിയും 2012ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിന് വേണ്ടിയും മുരളീധരന് കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: