കൊച്ചി: കൊച്ചിമെട്രോയുടെ നിര്‍മ്മാണത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തരീതിയില് ഗതാഗതനിയന്ത്രണം സംബന്ധിച്ച പ്രാഥമിക രൂപരേഖ കെഎംആര്‍എല്‍ ഉന്നതതലയോഗം തയ്യാറാക്കി. വടക്കന്‍ മേഖലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കളമശ്ശേരി കണ്ടെയ്നര്‍ റോഡ്, ഹൈക്കോടതി വഴി നഗരത്തിലേക്ക് പ്രവേശിക്കും. വടക്ക് തെക്ക് മേഖലകളില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നുമുള്ള വാഹനങ്ങള്‍ വൈറ്റില ബൈപാസ്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്. വൈറ്റില സിറ്റിയില്‍ നിന്നും കടവന്ത്ര കലൂര്‍ റോഡിലൂടെ വരുന്നവ സലിംരാജന്‍ റെയില്വേമേല്പ്പാലത്തിലൂടെയാണ് എത്തേണ്ടത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പോലീസിനും ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കും പഠിക്കുന്നതിനായി നല്‍കിയിട്ടുണ്ട്. വിശദമായ പഠനറിപ്പോര്‍ട്ട് രണ്ടാഴ്ചക്ക്ശേഷം നടക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.
ആലുവ മുതല്‍ പേട്ടവരെയുള്ള സിവില്‍ വര്‍ക്കുകളുടെ ടെന്ററുകള്‍ പൂര്‍ത്തിയായി. ആലുവ മുതല്‍ കളമശ്ശേരി, കളമശ്ശേരി മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, സ്റ്റേഡിയം മുതല്‍ സൗത്ത് റെയില്വേസ്റ്റേഷന്, സൗത്ത് റെയില്വേസ്റ്റേഷന് മുതല്‍ പേട്ടവരെ എന്നിങ്ങനെനാല് മേഖലകളിലായിട്ടാണ് വര്‍ക്കുകള്‍ നടത്തുക. ഹൈവേയുടെ നടുക്ക് 4 മീറ്ററില്‍ ബാരിക്കേഡുകള്‍ കെട്ടിയാണ് നിര്‍മ്മാണം നടത്തുക. അത്യാവശ്യം ട്രാഫിക് സിഗ്നലുകളും സൂചനാബോര്‍ഡുകളും ലൈറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും.
രണ്ട്വരിഗതാഗതമാണ് ക്രമീകരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്ക്കാരമാണ് നടത്തുന്നത്. ഏപ്രില്‍- മെയ് മാസത്തോടെ നിര്‍മ്മാണങ്ങള്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് മാത്രമെ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുകയുള്ളൂ.
കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എല്യാസ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതലയോഗത്തില്‍ ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീത്, ഐജി കെ.പത്മകുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജെയിംസ്, ഡിസിപി മുഹമ്മദ് റഫീക്ക്, റൂറല്‍ എസ്പി സതീഷ് ബിനോ, കെഎംആര്‍എല്‍ പ്രോജക്ട് ഡയറക്ടര്‍ മഹേഷ്കുമാര്‍, ആര്‍ടിഒ ബി.ജെ.ആന്റണി, ട്രാഫിക് എസ്പി ശ്രീറാം മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: