കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 32 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. 32,44,71,264 കോടി രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷയും കോതമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ഡയാനാ നോബി അവതരിപ്പിച്ചത്. ഗ്രാമീണ ശുദ്ധജല വിതരണത്തിനും ശുചീകരണത്തിനുമായി 10 ലക്ഷം രൂപയും നെല്‍കൃഷി വികസനത്തിനായി 30 ലക്ഷം രൂപയും ക്ഷീര വ്യവസായ വികസനത്തിനായി 17 ലക്ഷം രൂപയും ചെലവഴിക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 2013-14 സാമ്പത്തിക വര്‍ഷം 18.84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഹില്‍ ഏരിയാ ഡവലപ്മെന്റ് പദ്ധതി പ്രകാരം 1.10 കോടി രൂപ ചെലവഴിക്കും. പഴം പച്ചക്കറി വികസനത്തിനായി ഹില്‍ ഏരിയാ ഡവലപ്മെന്റ് ഏജന്‍സിയുടെ ധനസഹായത്തോടെ 26 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കും.പട്ടികജാതിക്കാര്‍ക്കുള്ള ഭവന നിര്‍മാണത്തിനായി 1,72,70,000 രൂപയും പട്ടികവര്‍ഗക്കാര്‍ക്കുള്ള ഭവനനിര്‍മാണത്തിനായി 1,04,50,669 രൂപയും ചെലവഴിക്കും. പട്ടിക വര്‍ഗക്കാര്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളും ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. വനിതാ ഘടക പദ്ധതിയില്‍ 42 ലക്ഷം രൂപയും വൃദ്ധര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 21 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്ന പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.
പത്ത് ഗ്രാമപഞ്ചായത്തുകളും 14 ഡിവിഷനുകളും ഉള്‍പ്പെട്ടതാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബജറ്റിന്മേലുള്ള ചര്‍ച്ച 27 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: