ബ്യൂണസ് അയേഴ്സ്: ഇന്ന് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങുന്ന സൂപ്പര്‍താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ ഒരു ബഹുമതി കാത്തിരിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയാല്‍ സാക്ഷാല്‍ ഡീഗോ മറഡോണ രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തിന് ഒപ്പമെത്തും ലയണല്‍ മെസ്സി. 91 മത്സരങ്ങളില്‍ നിന്നായി 34 ഗോളുകളാണ് മറഡോണ അര്‍ജന്റീനക്കായി നേടിയിട്ടുള്ളത്. മെസ്സി ഇതുവരെ 78 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബൊളീവിയയെയാണ് അര്‍ജന്റീന നേരിടുന്നത്. കഴിഞ്ഞ ദിവസം വെനസ്വേലയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ 3-0 ന് അര്‍ജന്റീന ജയിച്ച കഴിഞ്ഞ കളിയില്‍ ഒരെണ്ണം മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു പിറന്നത്.
എന്നാല്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കണമെങ്കില്‍ മെസ്സിക്ക് ഇനിയും ഏറെ കാത്തിരിക്കണം. 1991 മുതല്‍ 2002 വരെ അര്‍ജന്റീനക്കായി ബൂട്ടുകെട്ടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത്. 78 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് ബാറ്റി സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. 64 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടിയ ഹെര്‍നന്‍ ക്രെസ്പോയാണ് തൊട്ടുപിന്നില്‍. ക്രെസ്പോയെ മറികടക്കാന്‍ മെസിക്ക് വേണ്ടത് വെറും നാല് ഗോളുകള്‍ മാത്രമാണ്.
അതേസമയം ബൊളീവിയയ്ക്ക് എതിരേ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്റ്റേഡിയങ്ങളില്‍ ഒന്നായ ലാപാസില്‍ നടക്കുന്ന മത്സരത്തെ ഏറെ ആധിയോടെയാണ് അര്‍ജന്റീന സമീപിക്കുന്നതെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് അവര്‍. കാരണം മെസ്സിയുടെയും ഹിഗ്വയിന്റെയും ആഞ്ചല്‍ ഡി മരിയയുടെയും സാന്നിധ്യം തന്നെ.
മറ്റ് മത്സരങ്ങളില്‍ ഇക്വഡോര്‍ പരാഗ്വെയെയും ചിലി ഉറുഗ്വെയെയും വെനസ്വേല കൊളംബിയയുമായും ഏറ്റുമുട്ടും. യോഗ്യതാ റൗണ്ടില്‍ ദയനീയ പ്രകടനം നടത്തുന്ന നിലവിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെക്ക് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: