കൊച്ചി: മലപ്പുറം മാറഞ്ചേരി സ്വദേശി മുഹമ്മദ് ഫിറോസിന് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു. ഏഴ് വര്‍ഷമായി നാവികസേനയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ഫിറോസ് കഴിഞ്ഞ ആറ് മാസമായി ഐഎന്‍സ് സുദര്‍ശിനി കപ്പലിനൊപ്പമായിരുന്നു. ഇന്തോനേഷ്യയടക്കമുള്ള ഒമ്പത് ആസിയാന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ സുദര്ശിനിക്കൊപ്പമുണ്ടായിരുന്നു ഈ മലപ്പുറംകാരന് നാവിക ഉദ്യോഗസ്ഥന്. തികഞ്ഞ അഭിമാനത്തോടെ അതിലുപരി ആത്മവിശ്വാസത്തോടെയാണ് കഴിഞ്ഞ ആറുമാസക്കാലം പര്യടനം നടത്തിയതെന്ന് ഫിറോസ് സാക്ഷ്യപ്പെടുത്തുന്നു.
പരിശീലനത്തിന്റെ ഭാഗമായാണ് ഫിറോസ് പര്യടനത്തില്‍ പങ്കെടുത്തത്. ഏഴ് വര്‍ഷത്തെ സേവനകാലയളവില്‍ തന്നെ അത്ഭുതപ്പെടുത്തിയ അനുഭവമായിരുന്നു ഇതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 15ന് കൊച്ചിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. കൊച്ചിയില്‍ തന്നെ പര്യടനം അവസാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഫിറോസ് പറഞ്ഞു. ഇന്തോനേഷ്യ, ബ്രൂണെ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, കംബോഡിയ, തായ്ലന്റ്, സിംഗപ്പൂര്‍, മ്യാന്മര്, മലേഷ്യ തുടങ്ങിയ ഒമ്പത് ആസിയാന്‍ രാജ്യങ്ങളിലാണ് പര്യടനം പൂര്‍ത്തിയാക്കിയത്. ഇതിനിടെ പല വെല്ലുവിളികളും ഉണ്ടായതായി ഫിറോസ് ഓര്‍മിക്കുന്നു. കടല്ക്ഷോഭമുള്പ്പെടെ പല കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിനിടെ അഭിമുഖീകരിച്ചു. കമാന്റര്‍ ശ്യാം സുന്ദറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹകരണം വിസ്മരിക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.
പര്യടനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവാനാണെന്നും അടുത്ത ലക്ഷ്യത്തെക്കുറിച്ചോ തീരുമാനത്തെക്കുറിച്ചോ അറിയില്ലെന്നും ഫിറോസ് വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങള്‍ കൊച്ചിയിലുണ്ടാകും. ആസിയാന്‍ രാജ്യങ്ങളിലെ പര്യടനം മറക്കാനാവില്ല. കുട്ടികളടക്കം പതിനായിരക്കണക്കിനാളുകളാണ് സുദര്‍ശിനിയെ ഒരുനോക്ക് കാണാന്‍ എത്തിയത്. അവരില്‍ നിന്നുണ്ടായ സഹകരണം മികച്ചതായിരുന്നു. കൊച്ചിയില്‍ നിന്നും പര്യടനം ആരംഭിച്ചപ്പോള്‍ ലഭിച്ച പിന്തുണയും പ്രോത്സാഹനവും ഇപ്പോള്‍ പര്യടനം അവസാനിച്ചപ്പോഴും ലഭിക്കുന്നുണ്ടെന്നതില്‍ സന്തോഷം തോന്നുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. പ്രതിരോധ സേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഫിറോസ് കൂട്ടിച്ചേര്‍ത്തു. നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് ഇന്നലെ കൊച്ചിയില്‍ രചിക്കപ്പെട്ടത്. ആസിയാന്‍ രാജ്യങ്ങളിലെ പര്യടനത്തിനുശേഷം തിരിച്ചെത്തിയ ഐഎന്‍എസ് സുദര്‍ശിനി വീണ്ടും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ഒപ്പം ഫിറോസിന്റെ ഓര്‍മ്മകളും അനുഭവങ്ങളും.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: