അഞ്ചല്‍: വിഭാഗീയതയും വെട്ടിനിരത്തലും കൊണ്ട് കുപ്രസിദ്ധമായ സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റിയില്‍ വീണ്ടും കലാപം. വേനല്‍ചൂടില്‍ ചുട്ടുപൊള്ളുമ്പോഴും പാര്‍ട്ടിക്ക് വിധേയരാകാത്തവരെ മൂടോടെ വെട്ടിനിരത്താനാണ് തീരുമാനം.
മേഖലയിലെ പ്രമുഖ സിപിഎം നേതാവും വിഎസ് പക്ഷക്കാരനുമായ അഡ്വ. അഞ്ചല്‍ ടി. സജീവനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ നീക്കാന്‍ പാര്‍ട്ടി ആലോചിക്കുകയാണ്. സജീവന് മുന്‍കൈ എടുത്ത് അഞ്ചലില്‍ തുടങ്ങിയ ജീവകാരുണ്യ സേവന പ്രസ്ഥാനമായ അര്‍പ്പിതാ ആശ്രയകേന്ദ്രത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായ ഒരാള്‍ മറ്റ് പാര്‍ട്ടിക്കാരെയും സഹകരിപ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടി ഏരിയാ നേതൃത്വം ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി അച്യുതാനന്ദനെ വെട്ടിനിരത്താന്‍ ആലോചിച്ചപ്പോള്‍ മേഖലയില്‍ അച്യുതാനന്ദന് അനുകൂലമായി ആളെ കൂട്ടാനും ഫ്ലക്സ് ബോര്‍ഡുകള്‍ അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിക്കാനും മുന്നില്‍ നിന്നത് വിഎസ് പക്ഷക്കാരനായ സജീവനായിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ സജീവനെ പുറത്താക്കാന്‍ ഏരിയാ നേതൃത്വം ശ്രമിച്ചെങ്കിലും ലോക്കല്‍ കമ്മറ്റിയില്‍ മുന്‍തൂക്കമുള്ള സജീവനെതിരെ നടപടി എടുക്കാനാവാതെ പാര്‍ട്ടി കുഴങ്ങി. തുടര്‍ന്ന് അര്‍പ്പിത ആശ്രയകേന്ദ്രത്തിനെതിരെ പാര്‍ട്ടി ശക്തമായ നിലപാടെടുത്തു. പാര്‍ട്ടിക്ക് കേന്ദ്രവുമായി യാതൊരു ബന്ധവുമില്ലെന്ന് പത്രക്കുറിപ്പ് ഇറക്കുകയും അര്‍പ്പിതക്ക് അനാശാസ്യ ബന്ധമാരോപിച്ച് ഡിവൈഎഫ്ഐ നേതൃത്വം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി നിലപാടുകളെ വെല്ലുവിളിച്ച് ആശ്രയകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയതാണ് സജീവനെതിരെ നടപടിയെടുക്കാന്‍ കാരണം.
വയല്‍ നികത്തലും കൈയേറ്റവും നിര്‍ബാധം തുടരുമ്പോള്‍ മൗനം പാലിക്കുന്ന മാര്‍ക്സിസ്റ്റ് ജില്ലാനേതൃത്വം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പട്ടിണിപ്പാവങ്ങളെ കാണാത്തത് വിഎസ് പക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. വരുംനാളുകളില്‍ പാര്‍ട്ടി പൊട്ടിത്തെറിയിലേക്കു നയിക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: