ബ്യൂണസ് അയേഴ്സ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗൊണ്‍സാലോ ഹിഗ്വയിന്റെ ഇരട്ട ഗോളിന്റെ കരുത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം. ഹിഗ്വയിന് പുറമെ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ട മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
ഒന്‍പതു രാജ്യങ്ങളുടെ തെക്കേ അമേരിക്ക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 10 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി അര്‍ജന്റീന മുന്നേറ്റം തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് 9 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമാണുള്ളത്.
വാള്‍ട്ടര്‍ മൊന്റിലോ, മെസി സഖ്യം നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. മുന്നേറ്റത്തിനൊടുവില്‍ മെസ്സി തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ഹിഗ്വയിന് 29-ാം മിനിറ്റില്‍ വെനസ്വേല വലകുലുക്കി. പിന്നീട് ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ മെസ്സി പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. മെസ്സി വലയെ ലക്ഷ്യംവച്ച് ഉതിര്‍ന്ന ഷോട്ട് വെനസ്വേല ലെഫ്റ്റ് ബാക് ഗബ്രിയേല്‍ സിച്ചേറോയുടെ കയ്യില്‍ തട്ടിയതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി വലയിലെത്തിച്ചത്.
പിന്നീട് 59-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ മൂന്നാം ഗോള്‍. ഒരു താലത്തിലെന്ന വണ്ണം മെസി ബോക്സിലേക്കു നല്കിയ പന്ത് വെനസ്വേല ഗോളി ഹെര്‍ണാണ്ടസിനെ പിന്തള്ളി ഹിഗ്വയ്ന് വലയിലെത്തിക്കുകയായിരുന്നു.
അഞ്ചു മിനിറ്റിനു ശേഷം ഗോള്‍വല കിലുക്കാന്‍ വെനസ്വേലയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ റോമുല ഒട്ടെറോ അതു പാഴാക്കി. തുടര്‍ന്ന് വീണ്ടും ഗോള്‍ മുത്തേക്ക് റോമുല ഒട്ടെറെ എത്തിയെങ്കിലും അര്‍ജന്റീന ഗോളി റോമെറോ അത് വിജയകരമായി തടഞ്ഞു.
മറ്റൊരു മത്സരത്തില്‍ കൊളംബിയ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബൊളീവിയയെ കീഴടക്കി. കൊളംബിയക്ക് വേണ്ടി ടോറസ്, വാല്‍ഡസ്, ഗ്വിറ്റരസ്, ഫാല്‍കോ, അര്‍മേറോ എന്നിവരാണ് ഗോളുകള്‍ നേടിയത്.
അതേസമയം കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെയുടെ കഷ്ടകാലം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ പരാഗ്വെ ഉറുഗ്വെയെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 82-ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ഉറുഗ്വെ മുന്നിലെത്തിയെങ്കിലും നാല് മിനിറ്റിനുശേഷം എഡ്ഗാര്‍ ബെനിറ്റ്സിലൂടെ പരാഗ്വെ സമനില പിടിച്ചു. 10 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ഉറുഗ്വെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: