കൊല്ലം: ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോയി ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണവും, പേഴ്സും അപഹരിച്ചെടുത്തശേഷം കല്ലമ്പലത്ത് ഉപേക്ഷിച്ചുവെന്ന പരാതി പെണ്‍കുട്ടി തന്റെ കാര്യസാദ്ധ്യത്തിനായി മെനെഞ്ഞെടുത്തതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സഹപാഠിയായിരുന്ന അന്യമതസ്ഥനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി അയാളെ വിവാഹം കഴിക്കുന്നതിനും, വീട്ടില്‍ വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നതിനുമായാണ് ഇത്തരത്തില്‍ കഥ മെനഞ്ഞത്. കൊല്ലം നഗരത്തില്‍ ഏറ്റവും തിരക്കേറിയതും, പോലീസിന്റെ ക്യാമറകളും പ്രവര്‍ത്തിക്കുന്നതുമായ ഒരു ഭാഗത്ത് കൂടെ ഇത്തരത്തില്‍ ഒരു തട്ടികൊണ്ടുപോകല്‍ സാധ്യമായതെങ്ങനെയെന്ന് പോലീസിന് ആദ്യമെ സംശയം ഉണ്ടായിയെങ്കിലും, ആ സാധ്യത തള്ളിക്കളയാതെ ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ റോഡ് ഫോക്കസ് ചെയ്ത ക്യാമറകളുടെയും, പോലീസിന്റെ ക്യാമറകളും സസൂക്ഷ്മം പരിശോധിച്ച പോലീസ് അത്തരത്തില്‍ സംശയാസ്പദമായി യാതൊന്നും ശ്രദ്ധയില്‍പെട്ടിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഷ്ടപ്പെട്ട മൊബെയില്‍ ഫോണിനെപ്പറ്റി പരിശോധിച്ചതില്‍ ഡ്യുയല് സിം ഉപയോഗിക്കാവുന്ന ഫോണാണെന്നും, പെണ്‍കുട്ടി രണ്ട് സിം ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന് എടുത്ത് നല്കിയ സിമ്മിന്റെ നമ്പര്‍ മാത്രമെ എല്ലാവര്ക്കും അറിയാമായിരുന്നുള്ളു.
രണ്ടാമത് ഒരു സീം കാര്‍ഡ് ഉള്ളത് പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത ഒരു സഹപ്രവര്‍ത്തകയ്ക്ക് മാത്രമെ അറിവുള്ളുവെങ്കിലും നമ്പര്‍ അറിയില്ലായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ രണ്ടാമത്തെ ഫോണ്‍ നമ്പര്‍ കണ്ടുപിടിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 2011-ല്‍ നിര്‍ത്തിവച്ച ഒരു കമ്പനിയുടെ ഫോണായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട് പോലീസിന് ലഭ്യമായ ഐ. എം. ഇ. ഐ. നമ്പര്‍ നല്കിയ ശേഷം അതിന്റെ ജോഡി ഐ. എം. ഇ. ഐ. നമ്പര്‍ ശേഖരിക്കുകയും, കമ്പനി നല്കിയ രണ്ടാമത്തെ ഐ. എം. ഇ. ഐ. നമ്പര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ രഹസ്യനമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തുകയും കാള്‍ ഡീറ്റയില്സില് നിന്നും കേവലം ഒരു നമ്പരിലേക്ക് മാത്രമുള്ള കോളുകളും മെസേജുകളും അതില്‍ നിന്നും കണ്ടെത്തി. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കൂടെപഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയുടേതാണന്ന് മനസിലാവുകയും, തുടര്‍ന്ന് ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തതില്‍ പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി സ്നേഹബന്ധത്തിലാണെന്നും വിവാഹം നടക്കുന്നതിന് പെണ്‍കുട്ടി എന്തോ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, അത് വിജയകരമായി നടന്നുകഴിഞ്ഞാല്‍ പിന്നെ തന്നെ വിവാഹം കഴിക്കുവാന്‍ ആരും വരില്ലായെന്നും അങ്ങനെ അവര്‍ക്ക് വിവാഹം കഴിക്കുവാന്‍ പറ്റുമെന്നും പെണ്‍കുട്ടി പലതവണ പറഞ്ഞിട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം വൈകിട്ട് പെണ്‍കുട്ടി വിളിച്ച് താന്‍ ആസൂത്രണം ചെയ്ത പരിപാടി ഇന്ന് നടപ്പിലാക്കും എന്നും, കേള്‍ക്കുന്നതൊന്നും കേട്ട് വിഷമിക്കരുതെന്നും, രണ്ടുമൂന്ന് ദിവസം കാണാനോ, സംസാരിക്കാനോ പറ്റില്ലായെന്നും മറ്റും പറഞ്ഞതായും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയില്‍ ആദ്യമെ സംശയം ഉണ്ടായിരുന്ന പോലീസിന് പെണ്‍കുട്ടിയുടെ മൊഴി വളരെ വിശദമായിത്തന്നെയാണ് എടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റയുടെ മേല്‍നോട്ടത്തില്‍ അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. സുഗതന്, കൊല്ലം ഈസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, ഗ്രേഡ് എസ്. ഐ. പ്രകാശന്, എ. എസ്. ഐ. സുകുമാരപിള്ള, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്പ്രകാശ്, അനന്‍ബാബു, ഹരിലാല്‍, ശ്രീലാല്‍, സജിത്, ഹരിഹരിന്, ഡെല്ഫിന്, സബീന എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയാണ് കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. സംഭവദിവസം സംഭവിച്ചതിങ്ങനെ; തന്റെ കാമുകനെ ഫോണില്‍ വിളിച്ച് വിവിരം പറഞ്ഞ ശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിയുള്ള കൂട്ടുകാരില്‍ ആരുടെയെങ്കിലും വീട്ടില്‍ പോയി മാറിനില്‍ക്കാം എന്ന തീരുമാനത്താല്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി തിരുവനന്തപുരത്തേയ്ക്ക് ടിക്കറ്റ് എടുത്തു. എന്നാല്‍ പോകുംവഴി വീട്ടൂകാരെ ഓര്‍ത്ത് മാനസികസംഘര്‍ഷം ഉണ്ടാകുകയും, കല്ലമ്പലത്ത് ഇറങ്ങുകയും ചെയ്തു. ബസില്‍ നിന്നും ഇറങ്ങുംമുമ്പ് ചാത്തന്നൂര്‍ കഴിഞ്ഞുള്ള ഏതോ സ്ഥലത്ത് തന്റെ സ്വര്‍ണ്ണാഭരണങ്ങളും, പേഴ്സും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
കല്ലമ്പലത്തില്‍ ഇറങ്ങിയ പെണ്‍കുട്ടി വേഷങ്ങള്‍ അലങ്കോലമാക്കുകയും, ദേഹത്ത് മുറിപ്പാടുകള്‍ സ്വയം ഉണ്ടാക്കിയ ശേഷം വഴിയാത്രക്കാരോട് സഹായം അഭ്യാര്‍ത്ഥിക്കുകയുമാണ് ചെയ്തത്. എന്നാല്‍ എല്ലാ സത്യങ്ങളും പറയാമെന്നാണ് ഈസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ താന്‍ വിചാരിച്ചതെന്നും എന്നാല്‍ ചില പ്രമുഖ വ്യക്തികള്‍ ഉള്‍പ്പടെ ധാരാളം പേരില്‍ നിന്നും സ്റ്റേഷനില്‍ പലവിധത്തില്‍ മാറി മാറി ചോദ്യങ്ങള്‍ വന്നസമയം ഇനി മാറ്റിപ്പറഞ്ഞാല്‍ കുഴപ്പമാകുമെന്ന് ഭയന്നാണ് സത്യങ്ങള്‍ വളച്ചൊടിച്ചതെന്നും പെണ്‍കുട്ടി സമ്മതിച്ചു. കേസില്‍ പോലീസിന് തെറ്റായ വിവരം നല്‍കിയതിനും, അന്വേഷണം വഴിതെറ്റിച്ചതിനും തെറ്റായ മൊഴി നല്‍കിയതിനും പെണ്‍കുട്ടിയുടെ പേരില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: