പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പ്രളയക്കാട് വാര്യര്പടിക്ക് സമീപം മണലോടി തോടിന് കുറുകെ ഇട്ടിരുന്ന നടപ്പാലം തകര്‍ന്ന് തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകളുടെ ദേഹത്തുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പ്രളയക്കാട് കരയില്‍ കടക്കര രാധാകൃഷ്ണന്റെ ഭാര്യ രാജമ്മ (57), നെടുംപുറത്ത് വീട്ടില്‍ സോമന്റെ ഭാര്യ ഓമന (56), പടിഞ്ഞാറെക്കര വീട്ടില്‍ സുദര്‍ശനന്റെ ഭാര്യ സുജാത (38), ഓമനമണി (47), സാറാമ്മ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 9നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവര്‍ അഞ്ചുപേരും പാലത്തിനടിയിലായി തോട് നന്നാക്കുന്നതിനിടയിലാണ് പാലം തകര്‍ന്നുവീണത്. കൂടെയുണ്ടായിരുന്ന മറ്റ് 12 ജോലിക്കാര്‍ രജിസ്റ്ററില്‍ ഒപ്പിടുന്നതിനായി പാലത്തിലേക്ക് കയറിയപ്പോള്‍ ഇതിന്റെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. സ്ലാബിനടിയില്പ്പെട്ടുപോയവരെ പരിസരവാസികളാണ് രക്ഷപ്പെടുത്തിയത്. രാജമ്മ, ഓമന, സുജാത എന്നിവര്‍ക്ക് തോളെല്ലിനും കൈക്കുമാണ് പരിക്കേറ്റത്. ഇവര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തകര്‍ന്നുവീണ പാലത്തിന് 75 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കമ്പിക്ക് പകരം അടക്കാ മരവും ഇല്ലിയും ഉപയോഗിച്ചാണ് ഇതിന്റെ സ്ലാബ് വാര്‍ത്തിരുന്നത്. ഇത്തരത്തിലുള്ള നിരവധി പാലങ്ങള്‍ മുടക്കുഴ പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായുണ്ട്. ദിവസേന ധാരാളം ആളുകളും വാഹനങ്ങളും പോകുന്ന ഇത്തരം പാലങ്ങള്‍ മാറ്റി പണിയേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും പഞ്ചായത്ത് അംഗങ്ങളോ മറ്റുള്ള വകുപ്പ് ഉദ്യോഗസ്ഥരോ കാണുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: