കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന് വധിക്കപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പ്രതികള്‍ ഇന്നോവ കാറില്‍ കറങ്ങിയത് കണ്ടതായി 22-ാം സാക്ഷി പി.എം പ്രമോദ് മാറാട് പ്രത്യേക കോടതിയില്‍ മൊഴി നല്കി. കേസിലെ നാലാംപ്രതി ടി.കെ. രജീഷും 22-ാം പ്രതി സനൂപും ഇന്നോവ കാറില്‍ കറങ്ങുന്നത് കണ്ടതായാണ് മൊഴി. പ്രതികളെയും വാഹനവും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ആശാരിപ്പണിക്കാരനായ താന്‍ 2012 ഏപ്രില്‍ 26ന് രാവിലെ ഒന്‍പതിന് നാദാപുരം റോഡിലെ എ.കെ.ജി സെന്ററിനു കിഴക്കുള്ള ഫര്‍ണിച്ചര്‍ കടയില്‍ പോയിരുന്നു. അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകനായ അശോകന്റെ കടയാണത്. ഡോ. സുധീര്‍കുമാര്‍ എന്നയാളുടെ വീടിന്റെ വാതിലിന് പ്ലെയിനര്‍ അടിക്കാനാണ് പോയത്. അന്ന് വൈകിട്ട് 5.30 വരെ താന്‍ അവിടെയുണ്ടായിരുന്നു. നാലുമണിക്ക് എ.കെ.ജി സെന്ററിനടുത്ത ബസ് സ്റ്റോപ്പില്‍ തന്റെ അയല്‍വാസിയായ സനൂപ് ഇന്നോവകാറില്‍ വന്നിറങ്ങുന്നതുകണ്ടു. മുന്‍സീറ്റില്‍ കറുത്ത് കഷണ്ടിയുള്ള ഒരാളും ഡ്രൈവറും ഉണ്ടായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രണ്ടുമൂന്നുപേരുണ്ടായിരുന്നു. കറുത്ത് കഷണ്ടിയുള്ള ആള് ടി.കെ രജീഷാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. സനൂപ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. അയാള്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്നും പ്രമോദ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.മോഹനനെ മര്‍ദ്ദിച്ചതടക്കമുള്ള കേസുകള്‍ തനിക്കെതിരെ ഉണ്ടെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് സാക്ഷി മറുപടി നല്കി. സാക്ഷി നിരവധി കേസുകളിലെ പ്രതിയാണെന്നും ആര്എംപിക്കാരനാണെന്നും സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: