പാലക്കാട്: വിവാദവ്യവസായിയും സൂര്യഗ്രൂപ്പ് ചെയര്‍മാനുമായ വി.എം.രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തതോടെ വിവാദങ്ങള്‍ക്ക് അവസാനമാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് താത്കാലിക വിരാമമായിരിക്കുകയാണ്.
2011 മാര്‍ച്ച് 24നായിരുന്നു മലബാര്സിമെന്റ്സ് ലിമിറ്റഡിലെ കമ്പനിസെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററുമായ ശശീന്ദ്രന് രണ്ടുമക്കളോടൊപ്പം തന്റെ കുരുടിക്കാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആ മരണം കൊലപാതകമാണെന്നും കമ്പനിയില്‍ നടന്ന അഴിമതികളുമായി അതിനു ബന്ധമുണ്ടെന്നും ശശീന്ദ്രന്റെ ഭാര്യ ടീനയെപോലെ അന്ന് ജനങ്ങളും വിശ്വസിച്ചു. കേരളപോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ടീനനല്കിയ അപേക്ഷ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. അന്വേഷണത്തിലുള്ള തൃപ്തിക്കുറവല്ല മറിച്ച് കേസില്‍ മൂന്നാം പ്രതിയായി പേരുചേര്‍ക്കപ്പെട്ട വി.എം.രാധാകൃഷ്ണന് ഭരണതലത്തിലുള്ള സ്വാധീനമാണ് ടീനയെക്കൊണ്ട് അങ്ങനെ ആവശ്യമുന്നയിപ്പിച്ചത്.
വി.എം.രാധാകൃഷ്ണന് മലബാര്‍ സിമന്റ്സിലെ ചാക്ക് കരാറുകാരനാവുന്നതോടെയാണ് അദ്ദേഹം എല്ലാ സംഘടനക്കാര്ക്കും ഒരുപോലെ അഭികാമ്യനാവുന്നത്. രാധാകൃഷ്ണനെ കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രത്തിലും വരെയുള്ള മന്ത്രിമാര്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൈയയച്ചു സഹായിച്ചുകൊണ്ടിരുന്നു എന്നത് വാസ്തവമാണ്.
അഴിമതിക്കഥകളില്‍ ഇയാള്‍ പ്രതിസ്ഥാനത്താണ് നില്ക്കുന്നതെങ്കിലും പാലക്കാട്ടുകാര്‍ക്ക് ഇയാള്‍ നായകസ്ഥാനത്തു തന്നെയാണിപ്പോഴും. യുഡിഎഫിലെയും എല്‍ഡിഎഫിലെയും വ്യവസായമന്ത്രിമാര്‍ ഇയാള്ക്കൊരുപോലെയാണ്. കോണ്‍ഗ്രസ്സിലെയും ലീഗിലെയും സിപിഎമ്മിലെയും പ്രമുഖനേതാക്കള്‍ ഇയാളുടെ ആജ്ഞാനുവര്‍ത്തികളായി. മലബാര്‍ സിമന്റ്സിലെ അവസാനവാക്ക് രാധാകൃഷ്ണന് എന്നതായിമാറി. എം ഡിക്കോ മറ്റു പ്രമുഖ ഉദ്യോഗസ്ഥര്‍ക്കോ അവിടെ വിലയില്ല. തമിഴ്നാട്ടിലെ വൈദ്യുതിബോര്‍ഡില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുന്ന ഫ്ലൈ ആഷ് നേരിട്ട് വാങ്ങാതെ രാധാകൃഷ്ണന് വലിയ തുകയ്ക്ക് കരാര്‍ നല്കാന് കമ്പനി ഉദ്യോഗസ്ഥരും വ്യവസായവകുപ്പും ഒത്തുകളിക്കുകയായിരുന്നു. ലാഭത്തില്‍ വീതമെന്ന നിലയ്ക്ക് രാധാകൃഷ്ണന് പടുത്തുയര്‍ത്തിയ വ്യവസായ സാമ്രാജ്യങ്ങളില്‍ ഇവര്‍ക്കൊക്കെ ബിനാമി പാര്‍ട്ട്ണര്‍ഷിപ്പും ഉണ്ടായിരുന്നത്രെ.
2007ല്‍ പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ടില്‍ കമ്പനിയില്‍ മൊത്തം 400 കോടിയുടെ അഴിമതി നടന്നു എന്ന് വെളിവാക്കപ്പെട്ടത് അന്ന് വലിയ കോലാഹലത്തിനിടയാക്കി. 2004-06 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ഈ അഴിമതിക്കെതിരായി അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ് അടക്കം ശക്തമായി പ്രതിഷേധസ്വരമുയര്‍ത്തി മുന്നോട്ടുവന്നു. പക്ഷേ ഭരണം ലഭിച്ച് മുഖ്യമന്ത്രിയായതോടെ അദ്ദേഹവും പിന്നീടാവഴി ചെന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
2006ല്‍ മലബാര്‍ സിമെന്റ്സിലെ മുഴുവന്‍ അഴിമതികളും പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്ജിയുമായെത്തുകയായിരുന്നു.
പ്രഥമദൃഷ്ട്യാ അഴിമതി നടന്നു എന്ന് ബോദ്ധ്യപ്പെട്ട കോടതി നിര്‍ദ്ദേശിച്ച പ്രകാരം വിജിലന്‍സ് കേസന്വേഷണം തുടങ്ങിയെങ്കിലും വെറും നാലുകോടിയുടെ അഴിമതി മാത്രമാണ് ഇവര്‍ക്ക് കണ്ടുപിടിക്കാനായത്. ഇതിനിടെ മലബാര്‍ സിമന്റ്സിലെ അഴിമതി സിബിഐ അന്വേഷിക്കേണ്ടെന്നും വിജിലന്‍സ് അന്വേഷണമുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം നല്കിയതും ഏറെ വിവാദമായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: