കൊച്ചി: പൊതുജനങ്ങള്‍ക്കുവേണ്ടി നവീകരിച്ചതിന്റെ പേരില്‍ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിന്റെ വാടക ജില്ലാ ഭരണകൂടം കുത്തനെ കൂട്ടി.
പ്രതിദിന വാടക 5000 രൂപയായിരുന്നത് 70,000 രൂപയാക്കിയാണ് ആരുമറിയാതെ കൂട്ടിയത്. കരുതല്‍ സംഖ്യയായി 30,0000 രൂപയും നല്‍കണം. സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ് ഗ്രൗണ്ട് കേടുകൂടാതെ തിരിച്ചേല്പ്പിക്കുമ്പോള് ഈ സംഖ്യ മടക്കിനല്‍കും. 5000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായി ഗ്രൗണ്ടിന്റെ വാടക ഉയര്‍ത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടൂറിസം വകുപ്പിന്റെ പണം ഉപയോഗിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്. ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് ഗ്രൗണ്ട് മോടിപിടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് വാടക അതിഭീമമായി വര്‍ധിപ്പിച്ചിരിക്കുന്നത്.
വാടക കുത്തനെ കൂട്ടിയതോടെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മാത്രം പ്രാപ്യമായ ഒരു പൊതുസ്ഥലമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് മാറിയിരിക്കയാണ്. ഗ്രൗണ്ട് കമ്പിവേലി കെട്ടി പൊതുജനങ്ങളെ അകറ്റാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഇടപെട്ട് വേലികെട്ടല്‍ നിര്‍ത്തിവെപ്പിച്ചത്. കൊച്ചി രാജാവിന്റെ ദര്‍ബാറും ഹാളും എറണാകുളത്തപ്പന്റെ ഉത്സവം ആഘോഷിക്കുന്നതിനും മറ്റ് ക്ഷേത്രാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനും പൊതുജനങ്ങള്‍ക്കും വേണ്ടിയാണ് വിട്ടുകൊടുത്തിരുന്നത്. സ്ഥലം എംഎല്‍എയായ ഹൈബി ഈഡന് മുന്‍കയ്യെടുത്ത് ഒന്നരക്കോടി രൂപ മുതല്‍മുടക്കി ഹാളും ഗ്രൗണ്ടും നവീകരിച്ചതോടെ സാധാരണ ജനങ്ങള്‍ക്ക് ഇവ അപ്രാപ്യമാകുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പൊതുപണം ഉപയോഗിച്ച് ഗ്രൗണ്ട് നവീകരണത്തിന് മുന്‍കൈ എടുത്ത ഹൈബി ഈഡന് എംഎല്‍എക്ക് അഭിനന്ദനം അറിയിച്ച് ഫ്ലക്സുകള്‍ നഗരത്തില്‍ ഉയര്‍ത്തിയവര്‍ ഇതിന് പിന്നാലെ നടക്കുന്ന കൊള്ള കണ്ടില്ലെന്ന് നടിക്കുകയാണ്.
ഗ്രൗണ്ട് വാടക കുത്തനെ കൂട്ടിയതിനെതിരെ പരാതി ഉയരുന്ന സാഹചര്യത്തില്‍ കളക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് ഹൈബി ഈഡന് എംഎല്‍എ ‘ജന്മഭൂമി’യോട് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: