കാലടി: കാലടിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആരംഭിക്കുന്നതിനായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹൈക്കോടതി നടപടികള്‍ ആരംഭിച്ചതായി അഡ്വ.ജോസ് തെറ്റയില്‍ എംഎല്‍എ അറിയിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 13-ാം ധനകാര്യകമ്മീഷന് അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ചാണ് കേരളത്തില്‍ 27 സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികള്‍ 3 വര്‍ഷത്തേക്ക് താല്‍ക്കാലികമായി അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇ.സി.ഹരിഗോവിന്ദന് കോടതി സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥല പരിശോധന നടത്തിയിരുന്നു.
കാലടി, അയ്യമ്പുഴ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ വരുന്ന കാലടി, മഞ്ഞപ്ര, മലയാറ്റൂര്‍-നീലീശ്വരം, അയ്യമ്പുഴ, കാഞ്ഞൂര്‍, ശ്രീമൂലനഗരം തുടങ്ങിയ പഞ്ചായത്തുകളിലെ ക്രിമിനല്‍ കേസുകളാണ് കാലടി കോടതിയുടെ കീഴില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അയ്യമ്പുഴ,കാലടി പോലീസ് സ്റ്റേഷനുകളിലായി അയ്യായിരത്തിലധികം കേസുകള്‍ തീര്‍പ്പാക്കാതെ ഇപ്പോള്‍ വിചാരണ നേരിട്ട് വരികയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയുടെ വടക്കു-കിഴക്കു ഭാഗത്തുള്ള മലയോരപഞ്ചായത്തുകളായ മലയാറ്റൂര്‍-നീലീശ്വരം,അയ്യമ്പുഴ,മഞ്ഞപ്ര തുടങ്ങിയ പ്രദേശത്തുനിന്നുള്ള ആളുകള്‍ക്ക് കിലോമീറ്ററോളം സഞ്ചരിച്ച് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലിയ്ക്കുപുറമേ കാലടിയില്‍ ഒരു കോടതി എന്ന ആവശ്യം ഹൈക്കോടതി പരിഗണിച്ചത്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്ഥലപരിശോധനയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ ഇതു സംബന്ധമായ ഫുള്‍ ബെഞ്ച് കമ്മറ്റി താമസിയാതെ കൂടി തീരുമാനമെടുക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതോടെ കാലടിയില്‍ കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: