കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പ്പെട്ട കൊടിസുനിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തിയതായി സാക്ഷിമൊഴി. കേസിലെ 33-ാം സാക്ഷിയും ആര്‍എസ്എസ് മണ്ഡലം സേവാപ്രമുഖുമായ തുവക്കുന്ന് വടക്കേപൊയില് സന്തോഷ്ഭവനില്‍ കെ.സന്തോഷ് ആണ് മൊഴിനല്‍കിയത്. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണപിഷാരടി മുമ്പാകെ നടന്ന വിസ്താരത്തിനിടെയാണ് മൊഴി.
2012 മെയ് നാലിന് 2012ന് വൈകീട്ട് നാലിനാണ് സംഭവം. വൈകീട്ട് സുഹൃത്തും ആര്‍എസ്എസ് ഖണ്ഡ്കാര്യവാഹ് രാജീവന്, മുന്കാര്യവാഹ് രമേശന് എന്നിവരോടൊപ്പം ജീപ്പില്‍ ചൊക്ലി ടാക്സി സ്റ്റാന്റിന് സമീപം നില്‍ക്കുമ്പോഴാണ് കൊടിസുനിയുടെ നേതൃത്വത്തില്‍ ഇന്നോവ കാറില്‍ എത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന രമേശന് പെണ്ണുകാണുന്നതിനായാണ് അവിടെ എത്തിയത്. രാജീവന്റേതായിരുന്നു ജീപ്പ്. രാജീവന് തന്നെയായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. കല്യാണ ബ്രോക്കറായ പ്രകാശനെ കാത്ത് നില്‍ക്കുമ്പോഴാണ് കൊടിസുനിയുടെ നേതൃത്വത്തില്‍ ഏഴംഗസംഘം എത്തിയത്.
ചൊക്ലി ടാക്സിസ്റ്റാന്റിന് സമീപത്തായാണ് ജീപ്പ് നിര്‍ത്തിയത്. ഇതിന് അല്പം മുമ്പിലായാണ് ഇന്നോവ കാര്‍ നിര്‍ത്തിയത്. കാറില്‍ നിന്ന് ഏഴ്പേരാണ് ഇറങ്ങിയത്. ഇതില്‍ കൊടിസുനി, മുഹമ്മദ്ഷാഫി, മരംമുറിക്കാരന്‍ പ്രദീപ് എന്നിവരെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. എന്നാല്‍ ബാക്കിയുള്ളവരെ അറിയില്ലായിരുന്നു.
താന്‍ മുന്‍സീറ്റിലും രാജീവന് ഡ്രൈവറുടെ സീറ്റിലും രമേശന് പിന്നിലെ സീറ്റിലുമാണ് ഇരുന്നത്. മുന്‍സീറ്റില്‍ ഇരുന്ന തന്റെ ഷര്‍ട്ട് ഷാഫി പിടിച്ചുവലിക്കുകയും മൊബെയില്‍ എടുത്ത് വലിച്ചെറിയുകയും ചെയ്തു. ജീപ്പിന്റെ മുന്‍ഭാഗത്തെ സ്റ്റെപ്പില്‍ കയറി നിന്നാണ് ഷാഫി ഇങ്ങനെ ചെയ്തത്. കൊടിസുനിയും ഷാഫിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്തെടാ ഉദ്ദേശ്യം, ഇവിടെ എന്തിനാടാ വണ്ടി പാര്ക്ക്ചെയ്തത് എന്നിങ്ങനെയുള്ള രീതിയിലായിരുന്നു ഭീഷണി. വേഗം വണ്ടിയെടുത്ത് പോകാനും പറഞ്ഞു. ഇതിനിടയില്‍ സംഘത്തില്‍പ്പെട്ടവര്‍ ജീപ്പിന്റെ പിന്നിലെ മാറ്റ് പരിശോധിക്കുകയും കൊടിസുനിയും ഷാഫിയും രമേശനെയും രാജീവിനെയും കൈകൊണ്ട് തട്ടുകയും ചെയ്തതായും സന്തോഷ് മൊഴിനല്‍കി. തുടര്‍ന്ന് അക്രമിസംഘം വന്ന ഇളം നിറത്തിലുള്ള ഇന്നോവ കാറില്‍ തന്നെ തിരിച്ച് പോവുകയും ചെയ്തു. ഭീഷണിപ്പെടുത്തിയ കൊടിസുനി അടക്കമുള്ളവര്‍ സിപിഎം നേതൃത്വത്തില്‍ നടന്ന നിരവധി കൊലപാതകകേസുകളില് പ്രതിയായതിനാല്‍ അന്നുതന്നെ പാനൂര്‍ സിഐക്ക് ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ ഇത്തരമൊരു കേസ് പോലീസിനെ സഹായിക്കാനായി കൃത്രിമമായി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും സന്തോഷ് കള്ളം പറയുകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഈ വാദം പാടെ തള്ളിയ സന്തോഷ് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും എതിര്വിസ്താരത്തിനിടെ കോടതിയെ അറിയിച്ചു. കൊടിസുനിയും സംഘവുമല്ല മറ്റ് ആരായിരുന്നെങ്കിലും തങ്ങള്‍ പരാതി നല്കുമായിരുന്നെന്നും കോടതിയെ അറിയിച്ചു.
കൊടിസുനി, ഷാഫി തുടങ്ങിയവര്‍ ചൊക്ലിടൗണ് കേന്ദ്രീകരിച്ചാണ് എല്ലാപ്രവര്‍ത്തനങ്ങളും നടന്നത്. അതുകൊണ്ട് ഭയന്നാണ് പാനൂര്‍ സിഐയുടെ പരിധിയില്‍വരുന്ന പ്രദേശം കൂടിയായതിനാല്‍ സിഐക്ക് പരാതി നല്‍കിയത്.
പരാതി നല്കി രണ്ടാഴ്ചക്കകം ചൊക്ലി പോലീസ് വിളിപ്പിക്കുകയും കൊടിസുനി, ഷാഫി എന്നിവര്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിളിപ്പിക്കാന്‍ സാധിക്കില്ലെന്നും അറിയിക്കുകയായിരുന്നെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
ചൊക്ലി ടൗണില്‍വെച്ച് ഭീഷണിപ്പെടുത്തിയ കൊടിസുനിയും സംഘവും സഞ്ചരിച്ചിരുന്ന ഇന്നോവകാറാണ് ടിപിയുടെ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പിന്നീട് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. കെഎല്‍ 58 ഡി 8144 ഇന്നോവ കാറിലാണ് സംഘം എത്തിയത്. എന്നാല്‍ ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഒന്നും കണ്ടിരുന്നില്ലെന്നും സന്തോഷ് മൊഴിനല്‍കി.
കേസിലെ ഒന്നാംപ്രതി അനൂപ്, കൊടിസുനി, മുഹമ്മദ്ഷാഫി, ഷിനോജ്, പ്രദീപന് എന്നിവരെ സന്തോഷ് കോടതിമുറിയില്‍ വെച്ച് തിരിച്ചറിഞ്ഞ് ജഡ്ജിക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. കോടതി വളപ്പില്‍ ഉണ്ടായിരുന്ന ഇന്നോവകാറും സാക്ഷി തിരിച്ചറിഞ്ഞു.
എന്നാല്‍ കേസിലെ 34-ാം സാക്ഷി രാജീവന് 35-ാം സാക്ഷി രമേശന് എന്നിവരെ വിസ്തരിക്കുന്നതില്‍ നിന്നും പ്രോസിക്യൂഷന് ഒഴിവാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ. ശ്രീധരന്, അഡ്വ.പി.കുമാരന്‍കുട്ടി എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എം.അശോകന്, അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. എ.വിശ്വന് തുടങ്ങിയവരും ഹാജരായി.
സിപിഎം നേതാവ് കുഞ്ഞനന്തന്റെ വീട്ടില്‍ കൊലയാളിസംഘം എത്തുന്നത് കണ്ട 29-ാം സാക്ഷി പി.ബാബു, 30-ാം സാക്ഷി കെ.വത്സന് എന്നിവരെ ഇന്ന് വിസ്തരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: