കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക് മുട്ടത്ത് യാര്‍ഡ് സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്ന 41 ഏക്കര്‍ ഡി.എം.ആര്.സിക്ക് കൈമാറാന്‍ നടപടി തുടങ്ങി. ജില്ല ഭരണകൂടത്തിന് കീഴിലുള്ള മെട്രോ സ്ഥലമെടുപ്പ് യൂണിറ്റ് ആദ്യഘട്ടമായി ഏറ്റെടുത്ത മുപ്പത് പ്ലോട്ടുകളുടെ കൈമാറ്റം ഇന്ന് പൂര്‍ത്തിയാകും. തിങ്കളാഴ്ച നിര്‍മാണത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഡി.എം.ആര്.സി. ഇതിനകം മുഴുവന്‍ സ്ഥലവും കൈമാറാനാകുമെന്ന് ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ് പിള്ള പറഞ്ഞു. രേഖകള്‍ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിച്ച പ്ലോട്ടുകളാണ് ഘട്ടം ഘട്ടമായി കൈമാറുന്നത്.
മെട്രോ റെയില്‍ പദ്ധതിയില്‍ സുപ്രധാനമാണ് മുട്ടം യാര്‍ഡ് നിര്‍മാണം. മുട്ടം കേന്ദ്രീകരിച്ചാണ് മെട്രോയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക. ഭാവിയില്‍ മെട്രോ ട്രെയിനുകളുടെ പാര്‍ക്കിങ്, പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയവ ഇവിടെയായിരിക്കും. യാര്‍ഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ് മെട്രോ വില്ലേജിനായി കണ്ടെത്തിയിരിക്കുന്ന 233.57 ഏക്കര്‍.
മുട്ടം യാര്‍ഡിനുള്ള സ്ഥലം ഏറ്റെടുക്കല്‍ ജില്ല ഭരണകൂടം പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തിലാണ്. കഴിഞ്ഞ നവംബറിലാണ് സ്ഥലമേറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനം പുറപ്പെടുവിച്ചത്. ആകെ 106 കൈവശക്കാരില്‍ നിന്നാണ് 41 ഏക്കര്‍ ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് ഡി.എം.ആര്.സിക്ക് കൈമാറുന്നത്. സെന്റിന് 1.02 ലക്ഷം രൂപ നിരക്കിലാണ് ഏറ്റെടുക്കല്‍. 42 കോടി രൂപയോളമാണ് മുട്ടം യാര്‍ഡിന് സ്ഥലമേറ്റെടുക്കാന്‍ ചെലവിടുന്നത്. ദേശീയപാതയ്ക്ക് സമാന്തരമായി റെയില്‍വെ ലൈനിനോട് ചേര്‍ന്നാണ് യാര്‍ഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം. മുട്ടത്തുനിന്നും യാര്‍ഡിലേക്ക് പ്രത്യേക ട്രാക്ക് സ്ഥാപിച്ചാണ് മെട്രോ ട്രെയിനുകള്‍ കൊണ്ടുവരിക. ഏഴ് ലൈന്‍ ട്രാക്കുകള്‍, ഫ്ലൈഓവര്‍, മെയിന്റനന്‍സ് ഡിപ്പോ, സബ് സ്റ്റേഷന്, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ യാര്‍ഡിലുണ്ടാകും.
മെട്രോ പദ്ധതിക്ക് അനുബന്ധമായാണ് ഐ.ടി സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പാര്‍പ്പിട കേന്ദ്രങ്ങളുമടങ്ങിയ മെട്രോ വില്ലേജിന് പദ്ധതി തയാറാക്കിയിരിക്കുന്നത്. വില്ലേജിന് അനുയോജ്യമായ ബിസിനസ് മോഡല്‍ കണ്ടെത്താന്‍ താല്പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. വില്ലേജിന് ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര വ്യവസ്ഥ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. മെട്രോ യാര്‍ഡിനുള്ള സ്ഥലം കൈമാറല്‍ പൂര്‍ത്തിയായാലുടന്‍ വില്ലേജിനായുള്ള ഏറ്റെടുക്കല്‍ നടപടികളിലേക്ക് ജില്ല ഭരണകൂടം കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: