കാഞ്ഞങ്ങാട്: കടംവാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയ നെല്‍പ്പാടത്ത് കൊടും വരള്‍ച്ചയില്‍ കര്‍ഷകരുടെ കണ്ണീര് വീഴുന്നു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ഏറ്റവും വലിയ പാടശേഖരമായ നിലാങ്കര പനങ്കാവ് പാടശേഖര സമിതിയുടെ75 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. 250 ഏക്കറുള്ള പാടശേഖരത്തിണ്റ്റെ മറ്റുസ്ഥലത്തെ നെല്‍കൃഷിയില്‍ പകുതിയോളം ഉപയോഗശൂന്യവുമായി. ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് കാഞ്ഞങ്ങാട് കൃഷി ഓഫീസര്‍ കെ.പി.തങ്കമണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെല്‍പ്പാടത്ത് കരിഞ്ഞുകളഞ്ഞ സ്വപ്നങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഇരുന്നൂറോളം കുടുംബങ്ങള്‍. മൂന്ന് മാസം മുമ്പ് ഇറക്കിയ ഒന്നാംവിള കൃഷിയാണ് കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിച്ചത്. കൊയ്യേണ്ട സമയമാണിതെങ്കിലും നെല്ല് മുഴുവന്‍ പതിരായ് മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ വേനല്‍മഴയും ഇരട്ടി ദുരിതമായി. കൊയ്യാന്‍ പാകമായ നെല്‍പ്പാടങ്ങളില്‍ വെള്ളംകയറി കുറേഭാഗം നശിച്ചു. പരാഗണം നിലയ്ക്കുകയും ചെയ്തു. ഇതിനുപുറമേയാണ് വെട്ടുകിളിയുടേയും മറ്റുപ്രാണികളുടേയും ഉപദ്രവം. കാഞ്ഞങ്ങാട് നഗരസഭയില്‍ പനങ്കാവ്, ഐങ്ങോത്ത്, പനക്കോട്ട് പ്രദേശങ്ങളിലാണ് പാടശേഖര സമിതിയുടെ കൃഷി ഭൂമി വ്യാപിച്ചിരിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ൧൪൦ ഓളം കുടുംബങ്ങള്‍ സമിതിയില്‍ അംഗങ്ങളാണ്. പാട്ടത്തിന് കൃഷി ചെയ്യുന്നവര്‍ ഇതിനുപുറമേയാണ്. ഹെക്ടറിന് 20,000-25000 രൂപവരെ മുടക്കിയാണ് ഇവര്‍ കൃഷിയിറക്കിയത്. ആളെ കിട്ടാത്തതിനാല്‍ പുറത്തുനിന്നും പണിക്കാരെ ഇറക്കിയാണ് കൃഷി നടത്തിയത്. സാധാരണക്കാരായ ഇവര്‍ ഇതിനായി ആധാരം പണയപ്പെടുത്തിയും സ്വര്‍ണ്ണം പണയം വെച്ച് ബാങ്ക് ലോണെടുത്തുമാണ് പണം കണ്ടെത്തിയത്. കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍. നിരവധി തവണ നഗരസഭാധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് പാടശേഖര സമിതി ട്രഷറര്‍ രാജ്മോഹന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കുവന്നെങ്കിലും ഗൗരവത്തിലെടുത്തില്ല. കൃഷിഓഫീസറെ ചുമതലപ്പെടുത്തി നഗരസഭ കയ്യൊഴിയുകയായിരുന്നു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കൃഷിഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയു ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: