തിരുവനന്തപുരം: ഒരു വര്‍ഷത്തെ ആശുപത്രിവാസത്തിനുശേഷം ജഗതി ശ്രീകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് മകന്റെ വസതിയിലാണ് മലയാളത്തിന്റെ പ്രിയനടന് മാധ്യമങ്ങളെ കണ്ടത്.
ജഗതി പൂര്‍ണ ആരോഗ്യവാനാകാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന് മകന് രാജ്കുമാര് മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും രാജ്കുമാര് പറഞ്ഞു. ഒരു വര്‍ഷത്തെ ചികിത്സക്ക് ശേഷം വെല്ലൂരില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജഗതിയെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത്.
ചികിത്സക്ക് ശേഷം ജഗതിയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി വന്നിട്ടുണ്ട്. സംസാരിക്കാന്‍ സാധിക്കുമെങ്കിലും വാക്കുകള്‍ പൂര്‍ണ്ണമായും സ്ഫുടമായും ഉച്ചരിക്കാന്‍ സാധിക്കില്ല. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സ്ഥിതിയാണ്. എന്നാല്‍ മുന്നോട്ടുള്ള ഫിസിയോ തെറാപ്പിയില്‍ ഇതും പൂര്‍ണ്ണമായി ഭേദപ്പെടും എന്നാണ് കരുതുന്നത്.
ജഗതിയെ ചികിത്സിച്ചിരുന്ന വെല്ലൂര്‍ ആശുപത്രിയിലെ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തന്നെയായിരിക്കും ഫിസിയോ തെറാപ്പിക്ക് തുടര്‍ന്നും മേല്‍നോട്ടം വഹിക്കുക. കഴിഞ്ഞ മാര്‍ച്ച് 10 നായിരുന്നു ജഗതി ശ്രീകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം റോഡിലെ ഡിവൈഡറില്‍ തട്ടി കാര്‍ മറിയുകയായിരുന്നു.
ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലുമായിട്ടായിരുന്നു ജഗതിയുടെ ചികിത്സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: