തിരുവനന്തപുരം : റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു വിഹിതം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തത് കേരളത്തിന്റെ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പദ്ധതികള്‍ സമയ ബന്ധിതമായി തീര്ക്കാനാവാത്തതും വികസനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് ഉദ്ദേശിക്കുന്ന പദ്ധതികളോ ട്രെയിനുകളോ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഒരു വിഹിതം വഹിക്കുന്നുണ്ട്. കേരളം ഇതുവരെ അതിന് തയ്യാറായിട്ടില്ല എന്നത് പ്രധാന പ്രശ്നമാണ്. കേരളത്തിലെ സാമ്പത്തികാവസ്ഥ പ്രതികൂലമായത് കാരണമാവാം.
കേരളത്തില്‍ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ട സഹകരണമില്ല. റെയില്‍വേ വികസനത്തിനുവേണ്ടി സമരം നടത്തുമ്പോള്‍ തന്നെ വികസനത്തിന് തടസ്സം നില്ക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഷൊര്‍ണൂര്‍ – മാംഗ്ലൂര്‍ വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങള്‍ നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ സിഐടിയു തടഞ്ഞിട്ടിരിക്കുകയാണ്. ട്രാക്ക് നിര്‍മ്മാണത്തിനുവേണ്ടി ജില്ലാ കളക്ടര്‍മാര്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിന് സിപിഎമ്മിന്റെ പ്രാദേശിക ഘടങ്ങള്‍ വ്യാപകമായി തടസ്സം നില്ക്കുന്നു. ഒരു വശത്ത് മുതലകണ്ണീരൊഴുക്കുകയും മറുവശത്ത് വികസനത്തിന് തടയിടുകയുമാണ് സിപിഎം ചെയ്യുന്നത്.
റെയില്‍വേ ബജറ്റിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയിട്ടുണ്ട്. എംപിമാരുടെ യോഗത്തില്‍ പ്രത്യേകിച്ച് കാര്യമില്ല. കാരണം 25 വര്‍ഷം മുമ്പുള്ള അജണ്ട തന്നെയാണ് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇടത് എംപിമാര്‍ രാഷ്ട്രീയ ലാഭത്തിനാണ് നിലകൊള്ളുന്നത്. റെയില്‍വേ ബജറ്റിന് മുന്നോടിയായി മന്ത്രി ആര്യാടന് മുഹമ്മദ് നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്കറിവില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
റെയില്‍വേ ബജറ്റിലും പൊതു ബജറ്റിലും കേരളത്തെ ചില കാര്യങ്ങളില്‍ ഒഴിവാക്കിയത് എംപിമാരുടെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും റെയില്‍വേ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെക്കണ്ട് പരാതി ഉന്നയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരെ ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കേരളത്തില്‍ റെയില്‍വേ വികസനത്തിന് അനിവാര്യമായ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സിഗ്നലിംഗ് സംവിധാനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നതാണ് പ്രധാന ആവശ്യം. ഷൊര്‍ണൂര്‍ – മംഗലാപുരം, കായംകുളം – ആലപ്പുഴ, കായംകുളം-കോട്ടയം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാലേ കൂടുതല്‍ തീവണ്ടികള്‍ ലഭ്യമാവൂ. നിലവിലുള്ള പദ്ധതികള്‍ക്കുള്ള തുക കുറച്ചതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 400 കോടിയായിരുന്നത് 200 കോടിയായി കുറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി, പെനിസുലാര്‍ സോണ്‍, ബാംഗ്ലൂരിലേക്കും ഡല്‍ഹിയില്‍ നിന്നും പുതിയ ട്രെയിന്‍, നിലമ്പൂര്‍-നെഞ്ചന്‍കോട് റെയില്‍പാത, അങ്കമാലി-ശബരി പാത, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന നടപടി ഇവയൊക്കെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം കേരളത്തിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. പാലക്കാട് കോച്ചുഫാക്ടറിക്ക് തടസ്സം പിപിപി മോഡലിനുവേണ്ട കമ്പനിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്. റെയില്‍വേയാണ് കമ്പനിയെ കണ്ടെത്തേണ്ടത്. മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ കേന്ദ്ര ആര്യോഗ്യ മന്ത്രാലയവുമായി ഒരു ധാരണയിലെത്താന്‍ കഴിയാത്തതാണ് കാരണം. മറ്റ് സംസ്ഥാനങ്ങളിലും പ്രഖ്യാപനങ്ങള്‍ നടത്തിയുടന്‍ പദ്ധതികള്‍ നടക്കുന്നില്ലെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
പൊതുബജറ്റില്‍ വിഴിഞ്ഞം പദ്ധതിക്ക് തുക നീക്കി വയ്ക്കാത്തതും ഐഐറ്റിയെക്കുറിച്ചു മിണ്ടാത്തതും പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റുകളുടെ മറുപടി പ്രസംഗത്തില്‍ അര്‍ഹമായ വിഹിതം കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: