കാസര്‍കോട്: വിനോദസഞ്ചാര മേഖലയില്‍ കാസര്‍കോടിനെ അടയാളപ്പെടുത്തുന്ന ബേക്കല്‍ ടൂറിസത്തിന്റെ മറവില്‍ വന്‍കിട റിസോര്‍ട്ടുകളുടെ പകല്‍ക്കൊള്ള. ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികളുടെ പിന്തുണയോടെ കായല്‍ കയ്യേറി അനധികൃത നിര്‍മ്മാണം നടത്തി നിയമ സംവിധാനത്തെ വെല്ലുവിളിച്ച് കടലോരത്ത് സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കുകയാണ് ഇവിടെ റിസോര്‍ട്ട് മാഫിയകള്‍. സാധാരണക്കാരനില്‍ നിന്നും തുച്ഛവിലയ്ക്ക് ഭൂമിയേറ്റെടുത്ത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പാട്ടത്തിന് നല്കിയ സര്‍ക്കാറിന് പാട്ടക്കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 9 കോടിയോളം രൂപയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് നടപടികള്‍ ആരംഭിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ബേക്കല്‍ റിസോര്‍ട്ട് ഡവലപ്മെന്റ് കോര്പ്പറേഷന് (ബിആര്‍ഡിസി) ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലായി ആറ് വന്‍കിട റിസോര്‍ട്ടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഉദുമ പഞ്ചായത്തിലെ ലളിത് സൂരി റിസോര്‍ട്ടും താജ് റിസോര്‍ട്ടും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പള്ളിക്കരയില്‍ ഗ്രീന്‍ സ്ട്രീറ്റ് വേ ലിമിറ്റഡിന്റെയും ചെമ്മനാട് ഹോളിഡേ ഗ്രൂപ്പിന്റേയും മലാംകുന്ന് ഗ്ലോബ് ലിങ്കിന്റേയും റിസോര്‍ട്ടുകള്‍ അടുത്ത ജൂലായില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ബിആര്‍ഡിസി അധികൃതര്‍ വൃക്തമാക്കുന്നത്. അജാനൂരില്‍ ജോയിസ് എന്റര്‍പ്രൈസസ് ലിമിറ്റഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
പാവപ്പെട്ട തീരദേശവാസികളില്‍ നിന്നും നിസ്സാര തുകയ്ക്ക് സ്ഥലം വാങ്ങി റിസോര്‍ട്ടുകള്‍ക്ക് പാട്ടത്തിന് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ഥലവിലയുടെ നിശ്ചിതശതമാനം വര്‍ഷത്തില്‍ ബിആര്‍ഡിസിക്ക് അടക്കണം. മുപ്പതേക്കര്‍ വീതമാണ് ഓരോ റിസോര്‍ട്ടിനും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സ്ഥലം കൈമാറി രണ്ട് വര്‍ഷത്തിനുശേഷം പണം അടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ലളിത് സൂരി റിസോര്‍ട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായും മറ്റ് റിസോര്‍ട്ടുകള്‍ രണ്ട് വര്‍ഷമായും ഒരുരൂപ പോലും അടച്ചിട്ടില്ല. 9 കോടിയോളം രൂപയാണ് റിസോര്‍ട്ടുകള്‍ കുടിശ്ശിക വരുത്തിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുടിശ്ശിക ഈടാക്കാന്‍ ബിആര്ഡിസിക്കും സര്‍ക്കാറിനും താത്പര്യമില്ലെന്നതാണ് വസ്തുത.
ഇതിനുപുറമെയാണ് കായല്‍ത്തീരം കയ്യേറിയുള്ള റിസോര്‍ട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും. ഉദുമയിലെ ലളിത് സൂരി, താജ് റിസോര്‍ട്ടുകള്‍ കായല്‍ കയ്യേറിയതായും പാലം നിര്‍മ്മിച്ചതായും എഡിഎമ്മിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നൂറ് കണക്കിന് മണല്‍ നിറച്ച ചാക്കുകള്‍ ഉപയോഗിച്ചാണ് ലളിത് റിസോര്‍ട്ട് പാലം പണിതിരിക്കുന്നത്. കായല്‍തീരത്തെ അനധികൃത മണല്ക്കടത്തിനുപിന്നില് റിസോര്‍ട്ട് മാഫിയകളുടെ പിന്ബലമുള്ളതായും ആരോപണമുണ്ട്. തീരദേശ നിയന്ത്രണ നിയമം ചൂണ്ടിക്കാട്ടി നൂറില്‍ പരം പ്രദേശവാസികള്‍ക്ക് വീട് വെക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാറാണ് കടല്‍ത്തീരം ടൂറിസത്തിന്റെ മറവില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വന്‍കിട കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുന്നത്. കായലിന്റെ ഫോട്ടോ എടുക്കുന്നതിനുപോലും ഇവിടെ വിലക്കാണ്. എന്നാല്‍ അതേസമയം കടലോരം മുഴുവന്‍ റിസോര്‍ട്ടിന്റെ ക്യാമറയുടെ നിരീക്ഷണത്തിലുമാണ്. കടലോരത്ത് ഉല്ലസിക്കാനെത്തുന്നവരുടെ വീഡിയോ പോലും അവരറിയാതെ പകര്‍ത്തി എടുക്കുകയാണ് ലളിത് റിസോര്‍ട്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന റിസോര്‍ട്ട് മാഫിയകള്‍ തീരപ്രദേശങ്ങളില്‍ അതിര്‍ത്തി തിരിച്ച് വേലിക്കെട്ടി പ്രദേശവാസികളെപ്പോലും ആട്ടിയോടിക്കുകയാണ്. നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും പ്രാഥമികാന്വേഷണം നടത്താന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
ബേക്കല്‍ ടൂറിസത്തിനുപുറമെ നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും റിസോര്‍ട്ട് മാഫിയകള്‍ ഭൂമി കയ്യേറിയിട്ടുണ്ട്. നീലേശ്വരം ഹെര്‍മിറ്റേജ്, മന്ത്ര, കനാന്‍, മലബാര്‍ റിസോര്‍ട്ടുകള്‍ കയ്യേറിയ ഭൂമിയുടെ വിശദാംശങ്ങള്‍ എഡിഎം നേരത്തെ തയ്യാറാക്കിയിരുന്നു. 500 ഏക്കറോളം തീരപ്രദേശം കാസര്‍കോട് ജില്ലയില്‍ റിസോര്‍ട്ട് മാഫിയ കയ്യേറിയിട്ടുണ്ടെന്നായിരുന്നു പ്രാഥമിക കണക്കുകള്‍. തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് കടല്‍ ക്ഷോഭം ശക്തമല്ലാത്ത സ്ഥലങ്ങളെല്ലാം മാഫിയകളുടെ നിയന്ത്രണത്തിലാണ്. ആവാസ വ്യവസ്ഥയ്ക്കുതന്നെ ഭീഷണിയുയര്‍ത്തിയ സ്വകാര്യ റിസോര്‍ട്ടുകളുടെ കടന്നുകയറ്റം കടലാമ സംരക്ഷണ കേന്ദ്രമായ തൈക്കടപ്പുറത്തെ കടലാമകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്വകാര്യ റിസോര്‍ട്ടുകളില്‍ ചിലര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ബേക്കല്‍ ടൂറിസത്തിന്റെ മറവില്‍ സര്‍ക്കാറിന്റെ ഒത്താശയോടെ പകല്‍ക്കൊള്ള നടത്തുന്ന റിസോര്‍ട്ടുകളെ അധികാരികള്‍ തൊട്ടിട്ടില്ല. പൊതുമുതല്‍ പോലും വന്‍കിട കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത സര്‍ക്കാര്‍ റിസോര്‍ട്ട് മാഫിയയുടെ സമാന്തര ഭരണത്തെ ടൂറിസം വികസനത്തിന്റെ പേരില്‍ ന്യായീകരിക്കുകയാണ്. കോര്‍പ്പറേറ്റ് മുതലാളിമാരും കേന്ദ്രമന്ത്രിമാരും അതിഥികളായെത്തുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നില്ല.
കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: