കൊച്ചി: സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി സര്‍വ്വീസസ് സന്തോഷ് ട്രോഫി നിലനിര്‍ത്തി. കേരളത്തിന്റെ കിരീട സ്വപ്നങ്ങള്‍ സഡന്‍ ഡെത്തില്‍ മറികടന്നാണ് സര്‍വ്വീസസ് വിജയ ലഹരി നുണഞ്ഞത് (4-3). നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചതിനെത്തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്കും സഡന്ഡത്തിലേക്കും മത്സരം നീളുകയായിരുന്നു.
സര്വ്വീസസിനുവേണ്ടി എല്‍. ധന്‍ജി സിങ്, ശ്രാവണ്‍കുമാര്‍, ദിലീപ്.എം., കിരണ്‍ വര്‍ഗീസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കേരളത്തിന് വേണ്ടി റിനോ ആന്റോ, ബാസിത്, ശരത് എന്നിവരുടെ ഷോട്ടുകള്‍ വലയില്‍ പതിച്ചു. ഉസ്മാന്റെ കിക്ക് പുറത്തുപോയപ്പോള്‍ നസറുദ്ദീന്റെ ഷോട്ട് സര്‍വ്വീസസ് ഗോളി മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. അവസാന കിക്കെടുത്ത സുര്‍ജിത്തിന്റെ കിക്ക് ക്രോസ്ബാറില്ത്തട്ടിത്തെറിച്ചതോടെ കേരളത്തിന്റെ സന്തോഷ് ട്രോഫി സ്വപ്നങ്ങള്‍ക്ക് തകര്‍ന്നു.സ്റ്റേഡിയത്തില്‍ ഇതുവരെ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടവീര്യമായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. മെക്സിക്കന്‍ തിരമാലകണക്കെ ആര്‍ത്തലച്ച ആക്രമണ പ്രത്യാക്രമണങ്ങളാല്‍ കാല്‍പ്പന്തുകളിയുടെ ഉജ്ജ്വല നിമിഷങ്ങള്‍ അവര്‍ ഗ്യാലറിക്കു സമ്മാനിച്ചു. മുഴുവന്‍ സമയത്തും അധികസമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ നടത്തിയ അവിസ്മരണീയ രക്ഷപ്പെടുത്തലുകളും കാണികളുടെ കണ്ണിനു കുളിരേകി. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ കേരളത്തിന്റെ മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള ധാരണാപ്പിശക് സര്‍വ്വീസസിനെതിരായ ഫൈനലിലും ആവര്‍ത്തിച്ചു.
മത്സരം തുടങ്ങി ആദ്യ നാല് മിനിറ്റില്‍ സര്‍വ്വീസസ് രണ്ട് മൂന്നുതവണ കേരള ബോക്സിലേക്ക് മികച്ച റെയഡ് നടത്തിയെങ്കിലും കേരളം പിന്നീട് തുടര്‍ച്ചയായി സര്‍വ്വീസസ് ഗോള്‍ മുഖത്ത് അപകടം വിതയ്ക്കുന്നതാണ് കണ്ടത്.
മൂന്നാം മിനിറ്റില്‍ കോര്‍ണര്‍ ലഭിച്ചു ദീപക് ശ്രേഷ്ഠ എടുത്ത കോര്‍ണര്‍ ബോക്സിനുള്ളില്‍ നിന്ന് കേരള താരങ്ങള്‍ ക്ലിയര്‍ ചെയ്തെങ്കിലും പന്ത് കിട്ടിയ ലാല്റാംമിങ് മാവിയ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ തട്ടിയകറ്റി. തൊട്ടുപിന്നാലെ കേരളം ഇടതുവിംഗില്‍ക്കൂടി ജോണ്സണ് പന്തുമായി റോക്കറ്റ് വേഗത്തില്‍ കുതിച്ചശേഷം ബോക്സിലേക്ക് നല്കിയ ക്രോസ് സുമേഷ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് ലക്ഷ്യം വച്ചെങ്കിലും സര്‍വ്വീസസ് പ്രതിരോധനനിരക്കാരന് കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. പിന്നീട് തുടര്‍ച്ചയായി കേരളത്തിന്റെ ആക്രമണങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സര്‍വ്വീസസ് ഗോളിയൂടെ ഉജ്ജ്വല പ്രകടനമാണ് ഗോള്‍ നേടുന്നതില്‍ കേരളത്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ കണ്ണനെയും ഉസ്മാനയെയും ഷിബിന്‍ലാലിനെയും തടഞ്ഞുനിര്‍ത്തിയത്. 12-ാം മിനിറ്റില്‍ സര്‍വ്വീസസിന് അനുകൂലമായി ഫ്രികിക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെ കേരളം ഗോള്‍ വഴങ്ങിയെന്ന് തോന്നിച്ചെങ്കിലും പന്ത് നിയന്ത്രിക്കുന്നതിനിടെ ദീപക് ശ്രേഷ്ഠയുടെ കാല് വഴുതിയതിനാല്‍ അപകടം ഒഴിവായി.
14-ാം മിനിറ്റില്‍ സുമേഷിന്റെ പാസില്‍ നിന്ന് കേരളത്തിന്റെ ഉസ്മാന് ഉതിര്‍ത്ത ഷോട്ട് സര്‍വ്വീസസ് ഗോളി നാനോ സിംഗ് രക്ഷപ്പെടുത്തി. 18-ാം മിനിറ്റില്‍ വലതുവിംഗില്‍ക്കൂടി സര്‍വ്വീസസ് നടത്തിയ നല്ലൊരു മുന്നേറ്റം ശരത്ത് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ധന്ജിസിംഗ് എടുത്ത കോര്‍ണര്‍ കിക്ക് ജീന്‍ ക്രിസ്റ്റ്യന്‍ അവസരത്തിനൊത്തുയര്‍ന്ന് കുത്തിയകറ്റി.തുടര്‍ന്നും സര്‍വ്വീസസിന്റെ മുന്നേറ്റമാണ് സ്റ്റേഡിയത്തില്‍ ദൃശ്യമായത്. 32-ാം മിനിറ്റില്‍ ഇടതുവിംഗില്‍ നിന്ന് പന്ത് ലഭിച്ച സുബ്രത സര്‍ക്കാര്‍ പന്തുമായി ബോക്സിലേക്ക് കയറി തൊടുത്ത ഷോട്ട് കേരള ഗോളി രണ്ടാം ശ്രമത്തില്‍ കയ്യിലൊതുക്കി. തൊട്ടുപിന്നാലെ കേരളത്തിന്റെ ഒരു ശ്രമം വിഫലമായി. 35-ാം മിനിറ്റില്‍ സര്‍വ്വീസസിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 40-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ഷിബിന്‍ലാലിനെ ഫൗള്‍ ചെയ്തതിന് ദീപ്ക് ശ്രേഷ്ഠക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. 44-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചു. സുര്‍ജിത്ത് എടുത്ത കിക്ക് വലയിലേക്ക് തിരിച്ചുവിടാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും അപകടം ഴിവായി. അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് കേരളം കഷ്ടിച്ച് രക്ഷപ്പെട്ടു. ഫ്രീകിക്കിനൊടുവില്‍ ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധത്തിന് പാളിച്ച സംഭവിച്ചെങ്കലും ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ ഉജ്ജ്വലമായി കുത്തിയകറ്റി അപകടം ഒഴിവാക്കി. ആദ്യപകുതിയില്‍ കേരള ഗോളിയുടെ ഉജ്ജ്വല ഫോമാണ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. സര്‍വ്വീസസ് ഒരുക്കിയെടുത്ത നാലോളം അവസരങ്ങളാണ് ജീന്‍ ക്രിസ്റ്റ്യന്റെ ഫോമിന് മുന്നില്‍ വിഫലമായത്. ഫിറ്റ്നസ് വീണ്ടെടുക്കാത്ത കണ്ണനെയാണ് കളത്തിലിറക്കിയതെന്ന് തെളിയിക്കുന്ന പ്രകടനമാണ് കേരളത്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ നടത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും സര്വ്വീസസസിന്റെ മുന്നേറ്റമായിരുന്നു. 48-ാം മിനിറ്റില്‍ ഷാദീപ് റായിയുടെ നല്ലൊരു ഷോട്ട് ക്രോസ് ബാറിന് മുകളിലുടെ പറന്നു. തൊട്ടുടത്ത മിനിറ്റില്‍ രാഹുലിന്റെ നല്ലൊരു ഷോട്ടും പോസ്റ്റിന് മുകളിലുടെ പറന്നു. 49-ാം മിനിറ്റില്‍ സര്‍വ്വീസസിന്റെ ഒരു മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു. ഷാദിപ് റായി എടുത്ത കിക്ക് പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ കുത്തിയകറ്റി അപകടം ഒഴിവാക്കി. 56-ാം സര്‍വ്വീസസിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും സുമേഷിന്റെ കിക്ക് ഏറെ ഉയത്തില്‍ പറന്നുപോയി. 59-ാം മിനിറ്റില്‍ സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് ഉസ്മാന് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പന്തിന്മേല് നിയന്ത്രണം ലഭിച്ചില്ല. 63-ാം മിനിറ്റില്‍ കേരളത്തിന്റെ സജിത്ത് ഒറ്റക്ക് പന്തുമായി മൂന്നേറിയെങ്കിലും ബോക്സിന് പുറത്തുനിന്ന് തൊട്ടു ഷോട്ട് പുറത്തേക്ക് പാഞ്ഞു. തൊട്ടുപിന്നാലെ തീരെ ഫോമിലല്ലാതിരുന്ന കണ്ണനെ പിന്‍വലിച്ച് നസറുദ്ദീനെ കേരളം ഇറക്കി. 66-ാം മിനിറ്റില്‍ ബോക്സിന്റെ വലതുമൂലയില്‍ വച്ച് കേരളത്തിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഷിബിന്‍ലാല്‍ എടുത്ത കിക്ക് പോസ്റ്റിന്റെ പരിസരത്തുപോലും ഭീഷണി ഉയര്‍ത്തിയില്ല. 70-ാം മിനിറ്റില്‍ സര്‍വ്വീസസ് സുബ്രതസര്ക്കാരിനെ പിന്‍വലിച്ച് മലയാളിതാരം കിരണ്‍. കെ. വര്‍ഗീസിനെ കളത്തിലിറക്കി. തൊട്ടുപിന്നാലെ കേരള ക്യാപ്റ്റന്‍ ഒരു വിദൂര ശ്രമം പാഴാക്കി. സുമേഷ് നല്കിയ ക്രോസ് ലോംഗ്ഷോട്ടിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിടാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും വിഫലമായി. തൊട്ടുപിന്നാലെ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. കിരണ്‍ കെ. വര്‍ഗ്ഗീസ് ജോണ്‍സണെ ഫൗള്‍ ചെയ്തതിനാണ് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 73-ാം മിനിറ്റില്‍ സര്‍വ്വീസസിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പാഴായി. 74-ാം മിനിറ്റില്‍ നസറുദ്ദീന്റെ ശ്രമവും വിഫലമായി. 75-ാം മിനിറ്റില്‍ ഉജജ്വലമായൊരു നീക്കത്തിനൊടുവില്‍ ബോക്സില്‍ പ്രവേശിച്ച സുമേഷ് നല്കിയ ക്രോസ് ജോണ്സണ് വലയിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് സര്‍വ്വീസസ് പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 79-ാം മിനിറ്റില്‍ ദീപക് ശ്രേഷ്ഠ വലതുവിംഗിലൂടെ മുന്നേറി ബോക്സിനുള്ളില്‍ പ്രവേശിച്ച് നല്കിയ പാസ് ധന്‍ജി സിംഗ് കണക്ട് ചെയ്യുന്നതിന് മുന്നേ കേരള പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 82-ാം മിനിറ്റില്‍ സര്‍വ്വീസസ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലാലിയന്‍ മാവിയ തൊടുത്ത ബുള്ളറ്റ് ഷോട്ട് അതിലും ഗംഭീരമായ മെയ്വഴക്കത്തോടെ കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ പറന്നുയര്‍ന്ന് കുത്തിയകറ്റി. 85-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. കോര്‍ണറില്‍ നിന്ന് വന്ന പന്ത് ബോക്സിന് പുറത്തുനിന്ന് സുമേഷ് ഉജ്ജ്വലമായ ഇടംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പോസ്റ്റിന് ചുംബിച്ച് മുകളില്‍ പതിച്ചു. രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ഷര്‍വന്‍ കുമാറിന്റെ നല്ലൊരു ശ്രമവും കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയതോടെ മുഴുവന്‍ സമയം തീര്‍ന്നതായുള്ള ലോംഗ് വിസില്‍ ഉയര്‍ന്നു. മുഴുവന്‍ സമയവും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ഇതിനിടെ അവസാന നിമിഷങ്ങളില്‍ കേരള ക്യാപ്റ്റന്‍ രാഹുലിനെ പിന്‍വലിച്ച് അഹമ്മദ് മാലിക്കിനെ കളത്തിലിറക്കി.
അധികസമയം ആരംഭിച്ചതും സര്‍വ്വീസസിന്റെ മുന്നേറ്റത്തോടെയായിരുന്നു. തൊട്ടുപിന്നാലെ കേരളം നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ കേരളം കോര്‍ണര്‍ നേടിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 95-ാം മിനിറ്റില്‍ ജീന്‍ ക്രിസ്റ്റ്യന്റെ ഉജ്ജ്വല പ്രകടനം കേരളത്തെ വീണ്ടും രക്ഷിച്ചു. ഷദീപ് റായി തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ഉജ്ജ്വലമായ മെയ്വഴക്കത്തോടെ ജീന്‍ ക്രിസ്റ്റ്യന്‍ കുത്തിയകറ്റി. 104-ാം മിനിറ്റില്‍ മൈതാനമധ്യത്തുനിന്ന് പന്തുമായി കുതിച്ചുകയറിയ ഉസ്മാന് രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പൊള്ളുന്ന ഷോട്ട് ഉതിര്‍ത്തെങ്കിലും പുറത്തേക്ക് പാഞ്ഞു.
അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ കേരളം ഒരുമാറ്റവുമായാണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ നല്ല പ്രകടനം നടത്തിയ സജിത്തിനെ പിന്‍വലിച്ച് റിനോ ആന്റോയെ കേരളം കളത്തിലിറക്കി. 108-ാം മിനിറ്റില്‍ കേരളം നല്ലൊരു അവസരം പാഴാക്കി.
വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ സുമേഷ് ബോക്സിനുള്ളിലേക്ക് അളന്നുമുറിച്ച് നല്കിയ ക്രോസ് ഉസ്മാന് ഗംഭീരമായി വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും അതിലും ഉജ്ജ്വലമായ മെയ്വഴക്കത്തോടെ സര്‍വ്വീസസ് ഗോള്‍കീപ്പര്‍ നാനോ സിംഗ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ജോണ്‍സന്റെ നല്ലൊരു അവസരവും പട്ടാളക്കൂട്ടത്തിന്റെ പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ ജോണ്സണ് നല്കിയ പാസ് ഷിബിന്‍ ലാല്‍ പുറത്തേക്ക് അടിച്ച് നഷ്ടമാക്കി. പിന്നീട് ഇഞ്ച്വറി സമയത്ത് സര്‍വ്വീസസിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: