ചങ്ങനാശ്ശേരി: എന്‍എസ്എസ്സിനു പ്രത്യേക ലക്ഷ്യങ്ങളില്ലാത്തതിനാല്‍ കോണ്‍ഗ്രസ്സുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ധാരണ സംസ്ഥാന നേതൃത്വം അട്ടിമറിച്ചതിനെ തുടര്‍ന്ന് ആ പാര്‍ട്ടിയോടുണ്ടായിരുന്ന മൃദു സമീപനം മാറ്റിയിരുന്നു. മന്നം സമാധിദിനാചരണത്തിന് ശേഷം പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കന്മാര് ബന്ധപ്പെടാത്തതില്‍ ഒരു ദുഃഖവുമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുകുമാരന്‍ നായര്‍ പറഞ്ഞു. താക്കോല്‍സ്ഥാനത്ത് ആര് വരണമെന്ന് അതിനോടു നീതി പുലര്‍ത്തുന്നവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമദൂരത്തില്‍ നില്ക്കുമ്പോള് പ്രശ്നാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കും. നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളെ അതിജീവിക്കാനുള്ള കഴിവും സംഘടനയ്ക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം കൂടുതല്‍ ദൃഢമാക്കും. ആര്. ബാലകൃഷ്ണപിള്ളയും, ഗണേഷ്കുമാറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന് ധാര്‍മ്മികമായ ബാധ്യതയുണ്ട്. സൂര്യനെല്ലികേസുമായി ബന്ധപ്പെട്ട് ഇനി ഒന്നും പ്രതികരിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: