കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) സംസ്ഥാന സമ്മേളനം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു സെന്റര്‍ ഫോര്‍ എക്സലന്‍സ് പദവിയിലേക്കുയര്‍ന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേരളം ഇന്നും ഏറെ പിന്നിലാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തു ആവശ്യമായ മുന്നേറ്റമുണ്ടാക്കാന്‍ നമുക്കായിട്ടില്ല.
സാമൂഹ്യപുരോഗതിക്കു അനുസൃതമായ വളര്‍ച്ച ഉന്നതവിദ്യാഭ്യാസ രംഗത്തും ഉണ്ടാകണം. സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചതിനു പിന്നിലും ഈ ലക്ഷ്യമാണുള്ളത്. കൗണ്‍സിലിന്റെ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ അതനുസരിച്ചുള്ള ഗുണപരമായ മാറ്റങ്ങള്‍ക്കു ഇക്കൊല്ലം തന്നെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെപിസിടിഎ. സാമൂഹ്യപുരോഗതിയില്‍ അധ്യാപക സംഘടനകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.സി ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ്, കെപിസിസി സെക്രട്ടറിമാരായ ലതിക സുഭാഷ്, എം. പ്രേമചന്ദ്രന്, അബ്ദുള്‍ മുത്തലിബ്, മേയര്‍ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കെപിസിടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനതലത്തില്‍ നടത്തിയ തൂലിക സാഹിത്യമത്സരങ്ങളിലെ വിജയികളായ റോസ് മരിയ വിന്‍സന്റ്, എം.എ അശ്വിനി, അശ്വിനി രാജ് എന്നിവര്‍ക്കു ചടങ്ങില്‍ മന്ത്രി കെ.ബാബു ഉപഹാരങ്ങള്‍ നല്കി. മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കുശേഷം നടന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ് ഉദ്്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ബി.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി ശ്രീനിവാസന്, പിഎസ്സി ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന്, എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി ജോര്‍ജ്, കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രഫ.കെ.രവീന്ദ്രനാഥ്, മുന്‍ മന്ത്രി ഡോ. എം.എ കുട്ടപ്പന്, പ്രഫ. സതീശ് കൊച്ചുപറമ്പില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് വി.പി ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സൗഹൃദസമ്മേളനവും കലാസന്ധ്യയും മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. പത്രപ്രവര്ത്തകന് കെ.എം റോയ്, പ്രഫ. എം. വര്‍ഗീസ് പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ 9.30നു സാംസ്കാരിക, വനിതാ സമ്മേളനം മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. കെപിസിടിഎ സംസ്ഥാന തലത്തില്‍ നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. 11നു മുതിര്‍ന്ന അധ്യാപകരെ ആദരിക്കുന്ന സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു ശേഷം പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: