ദാരിദ്ര്യം, രോഗം, പരാജയം, നിരാശ, ക്ഷയം, നാശം എന്നിവ മേഘങ്ങളുടെ ഭോഗവിലാസലോലങ്ങളായ ഉപധാനങ്ങള്ക്കുമേല് ചാരിക്കിടന്ന് വിശ്രമംകൊള്ളുന്ന പ്രതികാരേച്ഛുവായ ഏതോ ഒരു മഹാശക്തി നമ്മളില്‍ എല്ലാവര്‍ക്കുംവേണ്ടി പ്രത്യേകമായി നിയോഗിച്ചയക്കുന്നവയൊന്നുമല്ല! ഈ വെളിച്ചത്തില്‍ സ്വന്തം പ്രശ്നങ്ങളെ നോക്കിക്കാണുന്നവന്, ഏതോ ഒരന്യായനിയമത്താല് നിഷ്ഠുരമാംവണ്ണം താന്‍ ദണ്ഡിപ്പിക്കപ്പെടുകയാണെന്ന ആത്മക്ഷതികരമായ വിചാരംകൊണ്ട് തന്റെ മനസ്സിനെ ദുഷിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. ഈ അബദ്ധധാരണ നമ്മുടെ കഴിവുകളെയെല്ലാം വരട്ടുകയും നമ്മുടെ ത്രാണിയെ നിസ്തേജസ്ക്കരമാക്കുകയും ചെയ്യുന്നതായിരിക്കും.നേരെമറിച്ച്, യുദ്ധമുന്നണിയിലെ ഒരു ധീരയോദ്ധാവിനെപ്പോലെ, പതറാത്ത ധീരതയോടെ സംഭവവികാസങ്ങളെ നാം നേരിടുകയാണെങ്കില്‍, നൂറു ശതമാനം വിജയം നമുക്ക് ഉറപ്പിക്കുകതന്നെ ചെയ്യാം. ഇങ്ങനെ വീരഭടോചിതമായ ധീരതയോടെ, താനും ബാഹ്യലോകവുമായി കഴിയുന്നതും ഇണങ്ങിവര്ത്തിക്കുകയെന്ന ലഘുജീവിതപദ്ധതിയെ അംഗീകരിക്കുന്നപക്ഷം, ആത്മശക്തിപ്രതിദിനം വര്‍ധിക്കുകതന്നെ ചെയ്യുന്നതായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: