കൊട്ടാരക്കര: കോളിളക്കം സൃഷ്ടിച്ച നെല്ലിക്കുന്നം കൊലപാതകക്കേസിലെ പ്രതി പിടിയിലായി. കൊട്ടാരക്കര നെല്ലിക്കുന്നം വടക്കേപ്പുര വീട്ടില്‍ ജോര്‍ജിനെ കൊലപ്പെടുത്തി നെല്ലിക്കുന്നം ജംഗ്ഷനു സമീപമുള്ള തോട്ടില്‍ ഉപേക്ഷിച്ച കേസിലെ പ്രതി നെല്ലിക്കുന്നം സജിമന്ദിരത്തില്‍ ബിജു(36)വിനെയാണ് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജോര്‍ജ്ജിന്റെ കൈവിരലില്‍ നിന്നും മോഷ്ടിച്ചെടുത്ത സ്വര്‍ണമോതിരം ബിജു കൊലനടത്തി ഒരുമാസത്തിനുശേഷം ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വയ്ക്കുകയും പിന്നീട് അവിടെത്തന്നെ വില്‍ക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നെല്ലിക്കുന്നത്തു നടന്ന മറ്റു ചില ദുരൂഹമരണങ്ങളിലും ബിജുവിനു പങ്കുളളതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും മറ്റു ദുരൂഹമരണങ്ങളില്‍ ബിജുവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.
അന്വേഷണ സംഘത്തില്‍ എസ്.ഐ ജയകുമാര്‍, സമദ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ രാജീവന്, വിജയരാജന്‍, മധു എന്നിവരുമുണ്ടായിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് 2007 മാര്‍ച്ച് മൂന്നിന് വെളുപ്പിന് ജോര്‍ജിനെ നെല്ലിക്കുന്നം ജംഗ്ഷനു സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നെല്ലിക്കുന്നം ജംഗ്ഷനു സമീപം സ്റ്റേഷനറിക്കട നടത്തുകയായിരുന്ന ജോര്‍ജ്(70) മാര്‍ച്ച് രണ്ടിന് രാത്രി 8.45ന് കടഅടച്ച് വീട്ടിലേക്ക് പോവുമ്പോള്‍ ജംഗ്ഷനില്‍ കലുങ്കിനു സമീപം നിന്ന ബിജു തോട്ടിന്റെ വരമ്പത്തേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം ഒഴിച്ചുകൊടുക്കുകയും വിറകുകഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. അടികൊണ്ട് താഴെവീണ ജോര്‍ജിന്റെ കൈവിരലില്‍ നിന്നും സ്വര്‍ണമോതിരവും പോക്കറ്റില്‍ നിന്നും പണവും അപഹരിച്ചെടുത്തശേഷം തള്ളി തോട്ടിലിട്ടു.
തോട്ടിലിറങ്ങി ജോര്‍ജിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു മുഖം അമര്‍ത്തിവച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ചു. അതിനുശേഷം പ്രതി വീട്ടിലേക്ക് പോയി.
പിറ്റേദിവസം വെളുപ്പിന് താന്‍ ജോലിചെയ്യുന്ന ചായക്കടയിലെത്തിയ പ്രതി തന്നെയാണ് വെള്ളത്തില്‍ എന്തോ പൊങ്ങിക്കിടക്കുന്നു എന്നു പറഞ്ഞ് ജോര്‍ജിന്റെ മൃതദേഹം കടയുടമയ്ക്ക് കാണിച്ചുകൊടുത്തത്. അപ്പോഴാണ് ജോര്‍ജിന്റെ മരണം നാട്ടുകാരറിയുന്നത്. പോലീസ് എത്തിയശേഷം മൃതദേഹം കരയ്ക്കെടുത്തത് ബിജുവിന്റെ കൂടി സഹായത്തിലായിരുന്നു.
അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ ബിജു തന്റെ പതിവുജോലികളില്‍ വ്യാപൃതനായി. സംഭവം കണ്ട സമീപവാസിയായ ഒരാളെ ബിജു ഭീഷണിപ്പെടുത്തി. മറ്റുരണ്ടുപേരെ സംഭവദിവസം രാത്രിയില്‍ ജോര്‍ജിന്റെ കടയില്‍ വച്ചുകണ്ടു എന്നു പോലീസില്‍ മൊഴികൊടുപ്പിച്ചു. മരിച്ച ജോര്‍ജിനോട് അടുപ്പം പുലര്‍ത്തിയിരുന്ന ബിജുവിനെയും പോലീസ് പലപ്രാവശ്യം ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയാത്ത രീതിയില്‍ മൊഴികൊടുത്തു രക്ഷപെടുകയായിരുന്നു.
കൊട്ടാരക്കര പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൗരസമിതി രൂപീകരിച്ച് നടത്തിയ സമരങ്ങളെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ബിജു സമീപത്തെ ഒരു കള്ളുഷാപ്പില്‍ കയറി സെയില്‍സ്മാനെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായി.
ആ സംഭവത്തിനുശേഷം നെല്ലിക്കുന്നത്തു നടന്ന പല ദുരൂഹമരണങ്ങളിലും ബിജുവിനു പങ്കുണ്ടോ എന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ചിരുന്നു. ജോര്‍ജിന്റെ കൊലപാതകത്തിനു ശേഷവും ബിജു നെല്ലിക്കുന്നത്തും പരിസരത്തും പതിവുപോലെ തന്നെ വിഹരിച്ചിരുന്നു.
ഒരുവര്‍ഷം മുമ്പ് ബിജുവിനെ നുണപരിശോധനയ്ക്കു വിധേയനാക്കിയെങ്കിലും കൊലപാതകത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: