കോട്ടയം: ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ചതും രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്വരെ പ്രസവ ശസ്ത്രക്രിയവരെ നടന്നിരുന്നതുമായ ആതുരാലയമിന്ന് അവഗണനയുടെ പരകോടിയില്‍. രാജഭരണ കാലത്ത് അത്യാധുനിക സൗകര്യങ്ങളുണ്ടായിരുന്ന ഈ ആതുരാലയം ഇന്ന് ജനകീയ ഭരണവേളയില്‍ ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളി പഞ്ചായത്തിലാണ് ഈ ആതുരാലയ മുത്തശ്ശിയുള്ളത്.
1945-ല്‍ അന്നത്തെ പ്രമുഖ വ്യാപാരകേന്ദ്രമായിരുന്ന തോട്ടയ്ക്കാട് മാര്‍ക്കറ്റിന് സമീപം തെക്കുംകൂര്‍ രാജാവ് സ്ഥാപിച്ചതാണ് ഈ ആശുപത്രി. അക്കാലത്ത് ജലമാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിന് പുകള്‍പെറ്റ കൈതേപ്പാലത്തിനും തോട്ടയ്ക്കാട് മാര്‍ക്കറ്റിനും മദ്ധ്യേ സ്ഥാപിതമായ ഈ ആതുരാലയത്തില്‍ ഇന്നും ദിനംപ്രതി 100 കണക്കിന് രോഗികളാണ് ചികിത്സതേടിയെത്തുന്നത്.
73ഓളം കിടക്കയുള്ള ആശുപത്രിയാണ് തോട്ടക്കാട്ട് സര്‍ക്കാര്‍ ആശുപത്രി. നാല് ഡോക്ടര്‍മാര്‍ അടക്കം 35 ജീവനക്കാരാണിവിടെയുള്ളത്. ഒരു ദിവസം ഇരുനൂറിന്മേല് രോഗികള്‍ ചികിത്സതേടിയെത്തുന്നു. പനി പടരുന്ന കാലാവസ്ഥയില്‍ അഞ്ഞൂറിലേറെ രോഗികള്‍ ചികിത്സതേടി ഈ ആശുപത്രിയില്‍ എത്തുന്നു. ഇവിടെ 7 ഡോക്ടര്‍മാരെങ്കിലും വേണം. ഒരു ഡോക്ടര്‍ എന്‍ആര്‍എസ്എ ആണ്. പഴയ കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. കെട്ടിടം അപകടാവസ്ഥയിലായതോടെ രോഗികകളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ കെട്ടിടത്തില്‍ സ്ക്രീന്‍ ഉപയോഗിച്ചു വേര്‍തിരിച്ചാണ് പുരുഷ-സ്ത്രീ വാര്‍ഡുകള്‍ ക്രമീരിച്ചിരിക്കുന്നത്. നിലം പൊത്താറായ കെട്ടിടത്തില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.
2009ല്‍ ഉദ്ഘാടനം ചെയ്ത എക്സറേ യൂണിറ്റില്‍ കെട്ടിടം മാത്രമാണുള്ളത്. ടെക്നീഷ്യന്മാരില്ല, ഡാര്ക്ക്റൂമില്ല, ലാബില്ല. പരാതികള്‍ മാത്രമാണ് എക്സ്റേ യൂണിറ്റിന് പറയാനുള്ളത്. ഒരു ആംബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ വെറുതെ കിടക്കുന്നു. 7 മുറികളുള്ള പേവാര്‍ഡിലും സൗകര്യങ്ങള്‍ മെച്ചമല്ല.
കെട്ടിടത്തിന്റെ അപര്യാപ്തതയാണ് ആശുപത്രിയെ വീര്‍പ്പുമുട്ടിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികകളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നു. കിണര്‍ വറ്റിക്കഴിഞ്ഞാല്‍ പഞ്ചായത്ത് തരുന്ന വെള്ളം മാത്രമാണ് ഏക ആശ്രയം. മാലിന്യ സംസ്കരണത്തിനുള്ള സൗകര്യവും വേണമെന്ന ആവശ്യം ശക്തമാണ്.
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ ആശുപത്രി മീനടം, കറുകച്ചാല്‍, വാകത്താനം, പുതുപ്പള്ളി എന്നീ പഞ്ചായത്തിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ യാണ് ഈ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്നത്. തോട്ടയ്ക്കാട് സര്‍ക്കാര്‍ ആശുപത്രിയെ തകര്‍ക്കുന്നത് സമീപപ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്.
കെ.വി. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: