തിരുവനന്തപുരം: കേരളത്തിന്റെ സമരചരിത്രത്തില്‍ ആദ്യമായുണ്ടായ രണ്ടു ദിവസത്തെ പണിമുടക്ക് ജനങ്ങള്‍ ആഘോഷമാക്കി. രണ്ടു ദിവസം തുടര്‍ച്ചയായി അവധി കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. എന്നാല്‍ രണ്ടു ദിവസം കടകളൊന്നും തുറക്കാത്തതിനാല്‍ സാധനങ്ങളെല്ലാം നേരത്തെ തന്നെ വാങ്ങി വയ്ക്കാന്‍ ആരും മറന്നില്ല. തിങ്കളാഴ്ച വൈകുന്നേരം മാര്‍ക്കറ്റുകളിലെല്ലാം വലിയ തിരക്കനുഭവപ്പെട്ടു.
തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ ഓണത്തലേന്നത്തേതു പോലെ വലിയ തിരക്കായിരുന്നു. തുടര്‍ച്ചയായി രണ്ടു ദിവസം അവധിയായതിനാല്‍ പച്ചക്കറികള്‍ വിലകുറച്ചാണ് വ്യാപാരികള്‍ വിറ്റത്. അത്യാവശ്യം വീട്ടു സാധനങ്ങള്‍ വാങ്ങുന്നിടത്തെല്ലാം വലിയ തിരക്കാണനുഭവപ്പെട്ടത്. ചാലക്കമ്പോളത്തില്‍ രാത്രി പതിനൊന്നു മണിക്കു ശേഷവും തിരക്കായിരുന്നു. രണ്ടു ദിവസത്തെ അവധിക്കാര്യം വൈകി തിരിച്ചറിഞ്ഞ് കമ്പോളത്തിലെത്തിയവര്ക്കും നിരാശപ്പെടേണ്ടി വന്നില്ല. രാത്രിയായപ്പോഴുണ്ടായ ജനങ്ങളുടെ തള്ളിക്കയറ്റം വ്യാപാരികളെയും അമ്പരപ്പിച്ചു. തിരക്കു മുന്കൂട്ടിക്കാണാന് കാഴിയാതിരുന്നവര് ആവശ്യത്തിനുള്ള സാധനങ്ങള്‍ കരുതിയിരുന്നില്ല.
പണിമുടക്ക് പ്രമാണിച്ച് വീട്ടില്‍ സദ്യയൊരുക്കി, വാഴയിലയില്‍ ഊണുകഴിക്കാന്‍ തീരുമാനിച്ചവര്‍ ചാലക്കമ്പോളത്തില്‍ നിന്ന് വാഴയിലയും വാങ്ങിയാണ് മടങ്ങിയത്. എന്നാല്‍ പണിമുടക്ക് പ്രമാണിച്ച് വീട്ടില്‍ ജോലിക്കാര്‍ വരില്ലെന്നതിനാല്‍ പാത്രങ്ങള്‍ കഴുകുന്നത് ഒഴിവാക്കാന്‍ ഭക്ഷണം കഴിപ്പ് ഇലയിലാക്കിയവരാണ് വാഴയില കൂടുതല്‍ വാങ്ങിയതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കോഴിക്ക് വലിയ വിലയാണെങ്കിലും അതുകാര്യമാക്കാതെയായിരുന്നു തിങ്കളാഴ്ചയിലെ കച്ചവടം. ചിക്കന്‍ 124 രൂപ കിലോയ്ക്ക് വിലയുണ്ടായരുന്നെങ്കിലും പണിമുടക്ക് ആഘോഷമാക്കുമ്പോള്‍ ചിക്കന്‍ ഒഴിവാക്കാന്‍ ആരും തയ്യാറായിരുന്നില്ല. തലസ്ഥാനത്തെ ചിക്കന്‍ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടു ദിവസത്തേക്കുള്ള ചിക്കന്‍ വാങ്ങി ജനം സ്റ്റോക്ക് ചെയ്തു. മത്സ്യക്കച്ചവടവും തകൃതിയായി തന്നെ നടന്നു. എന്നാല്‍ വലിയ വിലകൊടുത്ത് മത്സ്യം വാങ്ങേണ്ടെന്ന് തീരുമാനിച്ചവര്‍ ചിക്കനില്‍ അഭയം കണ്ടെത്തിയപ്പോള്‍ ആവശ്യത്തിന് കോഴികളെ കരുതാതിരുന്ന കച്ചവടക്കാര്‍ക്ക് വൈകിട്ടു തന്നെ കടയടക്കേണ്ടി വന്നു. പണിമുടക്കായതിനാല്‍ രണ്ടു ദിവസം ലോഡ് വരില്ലെന്നതിനാല്‍ ചിക്കന്റെ സ്റ്റോക്ക് തീര്‍ന്ന കച്ചവടക്കാര്‍ നിരാശയിലാണ്.
ബിവേറജസ് ഷോപ്പുകള്‍ക്കു മുന്നിലാണ് തിങ്കളാഴ്ച നീണ്ട ക്യൂ കാണപ്പെട്ട മറ്റൊരിടം. രണ്ടു ദിവസം ചിക്കനും ഇഷ്ടവിഭവങ്ങളും കൂട്ടി ശരിക്കു മിനുങ്ങാന്‍ എല്ലാവരും തീരുമാനിച്ചതിന്റെ തെളിവായിരുന്നു അത്. വലിയ വില്പനയാണ് പണിമുടക്കിനുമുമ്പ് ബിവറേജസ് ഷോപ്പുകളില്‍ നടന്നത്. സാധാരണ ഓണക്കാലത്താണ് ഇത്തരത്തില്‍ വില്പന നടക്കുന്നതെന്ന് ഷോപ്പുകാര്‍ പറയുന്നു. എന്നാല്‍ എത്ര രൂപയുടെ കച്ചവടമാണ് നടന്നതെന്ന കണക്ക് പുറത്തു വിട്ടിട്ടില്ല.
പണിമുടക്കിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ തലസ്ഥാന നഗരിയില്‍ ജയില്‍ ചപ്പാത്തിക്കും ചിക്കനും നല്ല ഡിമാന്റായിരുന്നു. തമ്പാന്നൂരും കിഴക്കേകോട്ടയിലും ജയില്‍ ഭക്ഷണം വില്‍ക്കുന്ന താല്‍ക്കാലിക കൗണ്ടര്‍ തുറന്നിരുന്നു. റയില്‍വേസ്റ്റേഷനിലും മറ്റും വന്നവര്‍ക്ക് ഇത് ആശ്വാസമായി. വിലകുറച്ച് നല്ല ഭക്ഷണം കിട്ടിയ ആശ്വാസത്തില്‍ പണിമുടക്കിന്റെ അസ്വസ്ഥത മറക്കാന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ ജനം പണിമുടക്ക് ആഘോഷമാക്കിയപ്പോള്‍ ടിവി ചാനലുകാരും അതിനൊപ്പം കൂടി. നല്ല സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ ആഘോഷത്തിനു മാറ്റുകൂട്ടി. രുചികരമായ ഭക്ഷണം കഴിച്ച്, ലഹരി നുണഞ്ഞ്,ചാനലുകളിലെ പരിപാടികള്‍ മാറിമാറി ആസ്വദിച്ച് 48 മണിക്കൂര്‍ പണിമുടക്ക് ഉത്സവമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: