കണ്ണൂര്‍: ആദിശങ്കരന്റെ നാട്ടില്‍ ആദ്യമായല്ല ഇദ്ദേഹം എത്തുന്നത്, എന്നാല്‍ ഈ വ്യക്തിയെ അത്ര പരിചയമില്ലാത്തവര്‍ക്കും സുപരിചിതമാണ് ആ ശബ്ദം. ‘ഇയം ആകാശവാണി, സംപ്രതി വാര്‍ത്താഃ ശ്രൂയന്താം’ എന്ന അശരീരി കേട്ടുകേട്ട് അത് ഏറ്റുപറയാത്തവരില്ലെന്നതാണ് സത്യം. ഇന്നലെ ആ ‘ശബ്ദം’ പറഞ്ഞു, പ്രാഥമിക തലംതൊട്ട് സംസ്കൃതം പാഠ്യവിഷയമാക്കിയ കേരളം സംസ്കൃത പോഷണത്തിനു മാതൃകയാണെന്ന്.
അതെ പറഞ്ഞു വരുന്നത് ബലദേവാനന്ദ സാഗറിനെക്കുറിച്ചാണ്. ‘ബലദേവാനന്ദ സാഗരഃ’ എന്നത് ഒരു പേരാണോ ‘പ്രവാചക’നാണോ എന്നു പോലും സംശയിച്ചിരുന്നവരുണ്ട്. അവര്‍ക്കു മുന്നില്‍ ഭാഷയിലും പെരുമാറ്റത്തിലും സംസ്കാരം തുളുമ്പും ഈ സൗമ്യ സാന്നിദ്ധ്യം. ആകാശവാണി ദല്‍ഹി നിലയത്തില്‍ 37 വര്‍ഷത്തിലധികമായി സംസ്കൃത വാര്‍ത്ത അവതാരകനാണ് ബലദേവാനന്ദ സാഗര്‍. കണ്ണൂരില്‍ നടക്കുന്ന കേരള സംസ്കൃതാധ്യാപക ഫെഡറേഷന് സംസ്ഥാന സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം ‘ജന്മഭൂമി’യോടു സംസാരിച്ചു.
സംസ്കൃത ഭാഷയ്ക്ക് കേരളത്തിലെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ നല്കുന്ന പ്രോത്സാഹനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതം ഒരു പ്രത്യേക ജീവിത കാഴ്ചപ്പാടും ചിന്തകളും സമൂഹത്തിന് പ്രദാനം ചെയ്യുന്നു. ഒരുപ്രത്യേക വിഭാഗത്തിന്റെ ഭാഷയല്ല സംസ്കൃതം;സാമൂഹ്യ ഭാഷയാണ്. ലോകരാജ്യങ്ങളിലടക്കം സംസ്കൃത ഭാഷയ്ക്ക് അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ദേവഭാഷയായ സംസ്കൃതം എഴുത്ത് ഭാഷയില്‍ നിന്ന് സംസാരഭാഷയായും മാറിക്കൊണ്ടിരിക്കുന്നതിന് തെളിവാണ് ഷിമോഗയിലും ഒറീസയിലും മധ്യപ്രദേശിലുമുള്ള മൂന്ന് ഗ്രാമങ്ങളില്‍ ഇന്ന് സംസാര ഭാഷ സംസ്കൃതഭാഷയായി എന്നുള്ളത്.
സാക്ഷരതയില്‍ മുന്നിട്ടുനില്ക്കുന്ന കേരളത്തില്‍ പ്രാഥമിക തലംതൊട്ട് സംസ്കൃതം പാഠ്യവിഷയമാക്കികൊണ്ടു നടത്തിയ പ്രഖ്യാപനവും ഉത്തരാഞ്ചല്‍ സംസ്ഥാനത്ത് രണ്ടാംഭാഷയായി സംസ്കൃതത്തെ പ്രഖ്യാപിച്ചതും സംസ്കൃത ഭാഷയ്ക്കുള്ള അംഗീകാരമാണ്. സംസ്കൃത ഭാഷാ പഠനവും ഉപയോഗവും പ്രത്യേക ഊര്‍ജ്ജവും ആര്‍ജ്ജവവും തരുന്നതാണെന്നും ഇതിനു കാരണം സംസ്കൃതം ദേവഭാഷയും വേദഭാഷയും ആയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ആകാശവാണി ദല്‍ഹി നിലയത്തില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചതിനുശേഷവും സംസ്കൃത ഭാഷാ സ്നേഹികളും മറ്റും നിരന്തരം ഇന്റര്‍നെറ്റ് വഴിയും ആവശ്യപ്പെട്ടതനുസരിച്ചതുകൊണ്ടും ഇപ്പോഴും ബലദേവാനന്ദസാഗര്‍ വാര്‍ത്ത വായന തുടരുന്നുണ്ട്. വര്‍ഷങ്ങളായി വാര്‍ത്ത വായന തുടരുന്ന താന്‍ ഇപ്പോഴും വായന ആസ്വദിക്കുകയാണെന്ന് ഗുജറാത്തിലെ ബാലനഗര്‍ ജില്ലക്കാരനായ അദ്ദേഹംപറഞ്ഞു. 1974ല്‍ ഇന്ത്യയില്‍ ആദ്യമായി ആകാശവാണി സംസ്കൃതവാര്‍ത്ത പ്രക്ഷേപണത്തിന് പരീക്ഷണാര്‍ത്ഥം തുടക്കമിട്ടപ്പോള്‍ തന്നെ ബലദേവാനന്ദ സാഗര്‍ അവതാരകനായി. 1994ല്‍ ദൂരദര്ശന് പ്രതിവാര സംസ്കൃത ബുള്ളറ്റിന് തുടങ്ങിയപ്പോള്‍ അവതാരകനായതും ബലദേവാനന്ദയാണ്.
ഗുജറാത്തിലെ വേദ് രഹസ്യ മാസികയുടെ പത്രാധിപരായിരുന്ന അര്ജുന് ഭായിയുടെയും ദുഗ്ദേശ്വരി ദേവിയുടെയും മകന് ബലദേവാനന്ദ് കുടുംബ ഗുരു ശിവോഹം സാഗറിെന്റ സത്സംഗുകളില്‍ നിന്ന് പ്രചോദിതനായാണ് സംസ്കൃതം പഠിക്കാനിറങ്ങിയത്. പേരിനൊപ്പമുള്ള സാഗര്‍ ഗുരുവില്‍നിന്ന് കടമെടുത്തതു തന്നെ. ഗുരുകുല സമ്പ്രദായത്തില്‍ ബനാറസില്‍നിന്ന് സംസ്കൃത ശാസ്ത്രിയായി. ദല്‍ഹി ഹിന്ദു കോളജില്‍ നിന്ന് പി ജിയും ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം ഫിലും നേടി. കുറച്ചുകാലം കാണ്‍പൂരിലെ കൈലാശ് വിദ്യാലോകില് നിര്‍ധന വിദ്യാര്‍ഥികളെ എഴുത്തും വായനയും പഠിപ്പിച്ചു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ബലദേവാനന്ദ സംസ്കൃത നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പ്രമുഖ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ആകാശവാണിയില്‍ സിന്ധി പരിപാടികളുടെ അവതാരികയും മുംബൈ സ്വദേശിയും എഴുത്തുകാരിയുമായ ഫാലിനി സാഗറാണ്. ഭാര്യയോടൊപ്പമാണ് ഇന്നലെ കണ്ണൂരിലെത്തിയത്.
- ഗണേഷ്മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: