കൊച്ചി: ജില്ലയിലെ കുടിവെള്ള ടാങ്കര്‍ലോറികള്‍ 19 ന് അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് നിര്‍ത്തി വെയ്ക്കുമെന്ന് എറണാകുളം ഡിസ്ട്രിക്ട് ഡ്രിങ്കിംഗ് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി വിതരണത്തിന് ആവശ്യമായ വെള്ളം നല്‍കാത്തതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കിണറുകളില്‍ നിന്ന് വെള്ളം എടുക്കുന്നത് തടസ്സപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നത് വരെ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുമെന്ന് അവര്‍ പറഞ്ഞു.
ജില്ലയിലെ 45ഓളം കിണറുകളില്‍ നിന്ന് കുടിവെള്ളം എടുക്കാന്‍ കളക്ടറും ആരോഗ്യ വകുപ്പും അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയും നഗരസഭയിലെ കിണറുകളില്‍ നിന്ന് കുടിവെള്ളം എടുക്കുന്നത് പരിസരവാസികളും അനുവദിക്കാത്ത സ്ഥിതിയാണ്. വാട്ടര്‍ അതോറിറ്റിയുടെ ആലുവ, ചൂണ്ടി, തമ്മനം എന്നിവിടങ്ങളില്‍ നിന്നും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. കുടിവെള്ള ടാങ്കറുകള്‍ സാധാരണ ജനങ്ങള്‍ക്കും ജില്ലയിലെ 1655 പ്രമുഖ സ്ഥാപനങ്ങള്‍ക്കുമായി ഏകദേശം മൂന്ന് കോടി ലിറ്റര്‍ വെള്ളം പ്രതിദിനം വിതരണം ചെയ്യുന്നുണ്ട്.
അസോസിയേഷന് പ്രസിഡന്റ് സക്കീര്‍ ഹുസൈന്, ജനറല്‍ സെക്രട്ടറി എ.ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി പി.എ അലി, ട്രഷറര്‍ എം.ഐ ഉബൈദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: