അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് നവംബറില്‍ ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് ക്ഷണം. ശനിയാഴ്ച ബ്ലോഗിലാണ് മോദി ഇക്കാര്യം സ്ഥിരീകരിച്ചത്. 27 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ പാര്‍ലമെന്റില്‍ പങ്കെടുക്കും. ഗുജറാത്തിന്റെ വികസനക്കുതിപ്പിനെ അഭിനന്ദിച്ച യൂറോപ്യന്‍ യൂണിയന് മോദിക്കും വിജയാശംസകള്‍ നേര്‍ന്നു. ഈ വര്‍ഷം അവസാനം ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ വ്യാപാരമേളയില്‍ പങ്കെടുക്കാനും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മോദി അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രിയുമായി യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനംഗങ്ങള്‍ ബംഗളൂരുവില്‍ നടക്കുന്ന പത്താമത് സഹകരണ സാംസ്കാരിക ആധ്യാത്മിക ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കവെ ആയിരുന്നു ഇതെന്ന് ബ്ലോഗില്‍ മോദി വ്യക്തമാക്കി.
ഗുജറാത്തിലെ വികസനപുരോഗതി ഊര്‍ജസ്വലമായി നിലനിര്‍ത്തുന്നതില്‍ നരേന്ദ്രമോദിയെ യുറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റംഗങ്ങള്‍ അഭിനന്ദിച്ചു. ആശയവിനിമയത്തിനിടെ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വിവിധപദ്ധതികള്‍ മോദി എടുത്തുകാട്ടിയതായും ബ്ലോഗില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ നാല് സംസ്ഥാനങ്ങളിലൊന്നും ഗുജറാത്താണെന്ന് മോദി യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
പാരമ്പര്യേതര ഊര്‍ജമേഖലകളിലെ ഗുജറാത്തിന്റെ സംഭാവനകള്‍ മോദി അവര്‍ക്ക് വ്യാഖ്യാനിച്ചു കൊടുത്തിരുന്നു. അതുപോലെ സൗരോര്‍ജ മേഖലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് പത്താന് ജില്ലയിലെ ചരങ്കയില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ സൗരോര്‍ജ നയമാണെന്നും മോദി ബ്ലോഗിലൂടെ പറഞ്ഞു. ഗുജറാത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് രാമപാതയും തിരികെ ശ്രീലങ്കയില്‍ നിന്നും ഗുജറാത്തിലേക്ക് ബുദ്ധപാതയും നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. യൂറോപ്യന്‍ പാര്‍ലമെന്റംഗവും ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗവുമായ നിര്‍ജ് ദേവ ഇതുസംബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റിനോട് സംസാരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഗുജറാത്തും റഷ്യയും തമ്മിലുള്ള പരമ്പരാഗത ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുപോലെ 2013 വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ റഷ്യയിലെ അസ്ട്രാഖാന്‍ പ്രൊവിന്‍സിനെ ഗുജറാത്തിന്റെ സഹോദരസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയിലെ രാഷ്ട്രീയ പ്രവര്‍ത്തകനും യൂറോപ്യന്‍ പാര്‍ലമെന്റിലെ പരിസ്ഥിതി കമ്മറ്റി, പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും എന്നിവയുടെ തലവനുമായ ജോ ലെനിന്, ബെല്‍ജിയന്‍ സെനറ്റിന്റെ പ്രസിഡന്റ് ആന്‍ മരിയ ലിസിന്, റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പാര്‍ലമെന്റ് ഡ്യൂമയിലെ ഡെപ്യൂട്ടിയുമായ വ്ലാദിസില്വ യൂര്ച്ചിക്, സൈബീരിയന്‍ നിയമനിര്‍മാണ സഭാംഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ വലേറി സാര്ജിയെങ്കോ എന്നിവരുമായാണ് മോദി സംവദിച്ചത്. ശനിയാഴ്ച നടന്ന ചര്‍ച്ചകളില്‍ ആധ്യാത്മിക ആചാര്യനും ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുത്തു. മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് മുമ്പെങ്ങുമില്ലാത്ത സമാധാനവും ശാന്തിയും പുരോഗതിയും കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: