കൊല്ലം: കാല്‍പ്പന്തുകളിയെ അരീക്കോടന്‍ പാടങ്ങളിലെ ലോകകപ്പ്കാല കാഴ്ചകളിലൊതുക്കിക്കെട്ടി കേരളം വീണ്ടും സന്തോഷ്ട്രോഫിക്ക് ആതിഥേയ മേലാപ്പെടുത്തുകെട്ടുന്നു. സേഠ് നാഗ്ജി ടൂര്‍ണമെന്റുള്‍പ്പെടെ എണ്ണം പറഞ്ഞ നൂറോളം ചെറുതും വലുതുമായ മത്സരപരമ്പരകള്‍ തിടംവെച്ചെടുത്ത കേളികേട്ട ഫുട്ബോള്‍ പാരമ്പര്യം പഴമക്കാരുടെ നെടുവീര്‍പ്പുകളിലൊതുങ്ങുമ്പോഴാണ് പുതിയ കെട്ടുകാഴ്ചകള്‍.
അറുപതുകളില്‍ തുടങ്ങിയതാണ് മലയാളികളുടെ ഫുട്ബോള്‍ ആവേശം. എണ്‍പതുകളില്‍ അത് കേരളത്തിന്റെ സമസ്ത മേഖലകളിലും കൊടുങ്കാറ്റ് പോലെ പകര്‍ന്നാടി. മറഡോണമാരെത്തേടി മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളും മുഹമ്മദന്‍ സ്പോര്‍ട്ടിംഗുമൊക്കെ കൊച്ചിയിലും കോഴിക്കോട്ടും പറന്നു നടന്ന കാലം. കേരളത്തിന്റെ ഒട്ടുമിക്ക സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് ഫുട്ബോള്‍ ടീമുകളുണ്ടായിരുന്നു. കേരളാ പോലീസും കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും ട്രാവന്‍കൂര്‍ ടൈറ്റാനിയവും സെന്‍ട്രല്‍ എക്സൈസും എസ്ബിടിയും കെല്‍ട്രോണുമൊക്കെ കേരളത്തിനകത്തും പുറത്തും പന്തുതട്ടി. തുടര്‍ച്ചയായി മൂന്നുതവണയാണ് ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോള്‍ രാജാക്കന്മാരെ തേടിയുള്ള ഫെഡറേഷന് കപ്പ് മത്സരങ്ങളില്‍ കേരള പോലീസ് കിരീടം നേടിയത്. ബാനര്‍ജിമാരും ചാറ്റര്‍ജിമാരും അടക്കിവാണ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരയിലേക്ക് വി.പി. സത്യനും തോമസ് സെബാസ്റ്റ്യനും സി.വി. പാപ്പച്ചനും ഷറഫലിയും ഐ.എം. വിജയനും കെ.ടി. ചാക്കോയുമൊക്കെ കടന്നു ചെന്നത് അക്കാലത്താണ്.
പിന്നീട് ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ പ്രലോഭനങ്ങളില്‍ കേരളത്തിന്റെ കളിക്കാര്‍ പലരും മറുനാടന്‍ ക്ലബ്ബുകളിലേക്ക് കൂടുമാറി. ഐ.എം. വിജയനെപ്പോലുള്ളവര്‍ ഈസ്റ്റ് ബംഗാളിലൂടെ ഇന്ത്യയുടെ കരുത്തായി. നൈജീരിയന്‍ താരമായ ചീമാ ഒക്കേരിയും ഐ.എം. വിജയനും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ക്ലബ്ബ് ഫുട്ബോളില്‍ പുതിയ വിസ്മയം പിറന്നു. പണമെറിഞ്ഞ് താരങ്ങളെ വിലയ്ക്കെടുത്ത് ബംഗാള്‍ ക്ലബ്ബുകള്‍ ഞെളിഞ്ഞപ്പോള്‍ കേരളം അര്‍ഹിക്കുന്ന പ്രാധാന്യം പോലും നല്‍കാതെ കളിയെ തന്നെ വിറ്റുതുലച്ചു.
കൊച്ചിയിലെ ഫുട്ബോള്‍ ലഹരിക്ക് ആവേശംപകര്‍ന്ന നെഹ്റു സ്റ്റേഡിയം ഷാരൂഖ്ഖാനും നര്‍ത്തകിമാര്‍ക്കും നിറഞ്ഞാടാന്‍ വിട്ടുകൊടുത്തപ്പോള്‍ നഗരം പ്രതിഷേധിച്ചു. വിജയന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അന്ന് പ്രതിഷേധ പ്രകടനം നടന്നു. സ്റ്റേഡിയങ്ങളില്‍ നിന്ന് ഫുട്ബോള്‍ പടിയിറങ്ങുകയും അവിടെ സെലിബ്രിറ്റി ഷോകള്‍ക്കും ക്രിക്കറ്റ് മത്സരങ്ങള്‍ക്കും വേദിയാവുകയും ചെയ്തതോടെ കളി സെവന്‍സിന്റെ തട്ടകത്തിലേക്ക് ഒതുങ്ങി.
ഫലമോ, ഫുട്ബോളിനെ പൊതുമേഖലാ സ്ഥാപനങ്ങളും കൈവിട്ടു. ആഗോളീകരണത്തിന്റെ കോര്‍പ്പറേറ്റ് മന്ത്രങ്ങള്‍ സര്‍ക്കാരും അത്താണിയാക്കിയതോടെ പിടിച്ചുനില്ക്കാന് പെടാപ്പാടുപെടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ക്കെന്ത് ഫുട്ബോള്‍! കെല്‍ട്രോണ്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയവയിലെല്ലാം അത് നഷ്ടസ്വപ്നമായി. പോലീസും സെന്‍ട്രല്‍ എക്സൈസും വല്ലപ്പോഴും കളിച്ചെന്നു വരുത്തി ഓര്‍മ്മ പുതുക്കി. നിലവില്‍ കെഎഫ്എയുടെ കണക്കുപുസ്തകത്തില്‍ ഇരുപത്തഞ്ചോളം ക്ലബ്ബുകളാണുള്ളത്. അതില്‍ പലതും കടലാസില്‍ മാത്രമായിത്തീര്‍ന്നിട്ട് കാലമേറെയായി, അടുത്തിടെ പൊട്ടിമുളച്ച വിവാ കേരളാ ആണ് ഇപ്പോഴത്തെ വമ്പന്മാര്. അതും എത്രകാലത്തേക്ക് എന്ന ആശങ്ക കായികപ്രേമികള്‍ മുന്നോട്ടുവെച്ചു തുടങ്ങി. ടീമുകള്‍ക്കൊപ്പം കേരളത്തില്‍ നിന്ന് പടിയിറക്കപ്പെട്ടത് ഫുട്ബോള്‍ ജീവിത സംസ്കാരമെന്ന് പഠിപ്പിച്ചിരുന്ന ടൂര്‍ണമെന്റുകള്‍ കൂടിയാണ്. കണ്ണൂരില്‍ തുടങ്ങിയ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റാണ് ഇപ്പോഴത്തെ ഏക ആശ്വാസം. അതാകട്ടെ കളിയേക്കാള്‍ രാഷ്ട്രീയക്കളിക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന ആക്ഷേപം തുടക്കം മുതലേ ശക്തമാണ്. കൊല്ലത്ത് മുന്‍സിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്ബോള്‍ തുടങ്ങിയ വര്‍ഷം തന്നെ മരണമടഞ്ഞു. ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തേണ്ട കോര്പ്പറേഷന് അതിലേറെ പണം കീശയിലാക്കാവുന്ന കൊല്ലംഫെസ്റ്റ് പോലെയുള്ള മാമാങ്കങ്ങളിലേക്ക് തിരിഞ്ഞു. കളിയായാലും ഫെസ്റ്റായാലും തനിക്കും കിട്ടണം പണം എന്നതായി അവരുടെ മുഖമുദ്ര. കൊച്ചി പ്രീമിയര്‍ ലീഗും തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റുമാണ് പട്ടികയില്‍ അവശേഷിക്കുന്നത്.കാല്‍പ്പന്തുകളിയെ ആവേശമാക്കിയ ഒരു തലമുറ ആരവങ്ങള്‍ക്ക് വീണ്ടും കാതോര്‍ക്കുന്നുണ്ട്. പക്ഷേ, കളിയിടങ്ങളും പോരാളികളും നഷ്ടപ്പെട്ട് മറ്റേതോ തുരുത്തിലകപ്പെട്ട നമ്മള് ലോക ഫുട്ബോളിന്റെ മിമിക്രി കാണാന്‍ ഓരോ നാലുവര്‍ഷം കൂടുമ്പോഴും അരീക്കോടന്‍ പാടങ്ങളിലേക്ക് മിഴിനട്ടിരിക്കുകയാണ്. സന്തോഷ്ട്രോഫിക്ക് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ കേരളം പുറകോട്ട് ചിന്തിക്കണം, നഷ്ടമായവയെപ്പറ്റി.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: