ഏതാനും ആഴ്ചകളായി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരായി ദുരുപദിഷ്ടമായ ആരോപണങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയിരിക്കുന്നു. ജയപൂരില്‍ കഴിഞ്ഞ മാസം നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ശിന്ന്ദേയാണ് ആദ്യവാണം വിട്ടത്. ആര്‍എസ്എസിന്റെ ശിബിരങ്ങളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനമാണെന്ന് അദ്ദേഹം ആരോപിച്ചു.
മറ്റു പല ഉന്നതന്മാരും അതാവര്‍ത്തിക്കുകയും ചെയ്തു. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്ക്കറെ തോയ്ബപോലുള്ള ഇസ്ലാമിക മൗലികവാദ ഭീകരപ്രസ്ഥാനങ്ങള്‍ അത് ഭാരതവിരുദ്ധ പ്രചരണത്തിനുള്ള സൗകര്യ പ്രദമായ ആയുധമായി ഉപയോഗിച്ചു. ഭാരതത്തില്‍ നടന്ന എല്ലാ അക്രമ സംഭവങ്ങളുടേയും പിന്നില്‍ ആര്‍എസ്എസ് ആണെന്നുവരെ അവര്‍ പറഞ്ഞുവെച്ചു. മാലേഗാവ്, സംഝോത എക്സ്പ്രസ്, മെക്ക മസ്ജിദ് സംഭവം എന്നിവയ്ക്ക് പിന്നിലും ഹിന്ദു ഭീകരന്മാരാണുള്ളതെന്ന് ആരോപിച്ചുകൊണ്ട് സംഘപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് ചിലരെയും ചില സൈനികോദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മതമില്ലെന്നും അവരാരായാലും ഭീകരതാ നിയമമനുസരിച്ച് തന്നെ വിചാരണ ചെയ്യപ്പെടണമെന്നുമുള്ള സംഘത്തിന്റെ നിലപാട് സര്‍സംഘചാലക് ശ്രീ മോഹന്‍ഭാഗവത് അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
സുശീല്‍ കുമാര്‍ ശിന്ന്ദേയുടെ പ്രസ്താവന ഭാരതമെങ്ങുമുള്ള പത്രങ്ങളും ചാനലുകളും ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. എന്നാല്‍ ശിന്ദേയുടെ പ്രസ്താവന ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ഗാന്ധിയുടെ യുവരാജാഭിഷേകമായിരുന്നു ജയപൂര്‍ ചിന്തന്‍ ശിബിരത്തിന്റെ മുഖ്യപരിപാടിയെങ്കിലും ആഭ്യന്തരമന്ത്രിയുടെ ഉണ്ടയില്ലാ വെടിയായ പരാമര്‍ശങ്ങള്‍ക്കായി കൂടുതല്‍ പ്രചാരം.
സുശീല്‍കുമാര്‍ ശിന്ന്ദേയുടെ പ്രസ്താവനകളിലെ ആരോപണം യാദൃച്ഛികമല്ലെന്നും ബോധപൂര്‍വം തന്നെയാണെന്നും വ്യക്തമാക്കുന്ന സംഭവങ്ങളാണ് പിന്നീട് രാജ്യവ്യാപകമായി നടന്നത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ എല്ലായിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മേളിച്ച് ഒരു പ്രതിജ്ഞ പുതുക്കുകയുണ്ടായി. അതിനായി തൊടുപുഴയിലെഗാന്ധിസ്ക്വയറില്‍ അവര്‍ ഒരുമിച്ചു ചേര്‍ന്ന് എഴുതി തയ്യാറാക്കി വായിച്ച പ്രതിജ്ഞയില്‍ “സനാതന ഹിന്ദുവായിരുന്ന മഹാത്മാഗാന്ധിയെ ആര്‍എസ്എസ് ഭീകരന് നാഥുറാം വിനായക ഗോഡ്സെ വെടിവെച്ചുകൊന്ന സംഭവത്തെ അനുസ്മരിച്ചു” കൊണ്ടാണ് വാചകം പൂര്‍ത്തിയാക്കിയത്. ആ പരാമര്‍ശത്തിനെതിരെ തൊടുപുഴയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തവര്‍ക്കും ഏറ്റുപറഞ്ഞവര്‍ക്കുമെതിരെ നിയമനടപടികള്‍ക്കും നീക്കമുണ്ടെന്നറിയുന്നു.
ഗാന്ധിവധമെന്ന ആരോപണം സംഘത്തിനെതിരെ അത്യുന്നത സര്‍ക്കാര്‍ തലത്തില്‍ 1948 ഫെബ്രുവരിയില്‍ തന്നെ ഉന്നയിച്ചിരുന്നതാണ്. ജനുവരി 30നാണല്ലോ ഗാന്ധിജി കൊല്ലപ്പെട്ടത്. ആ കുറ്റത്തിന് ഫെബ്രുവരി രണ്ടാം തീയതി സര്‍സംഘചാലക് ശ്രീഗുരുജിയെ അറസ്റ്റ്ചെയ്തു. സംഘത്തെ നിരോധിച്ചു. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. എന്നാല്‍ അഞ്ചു ദിവസങ്ങള്‍ക്കകം ഫെബ്രുവരി 3 ന് ആ കുറ്റങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. ഗാന്ധിഹത്യ കേസ് വിചാരണയിലും വിധിന്യായത്തിലും ആര്‍എസ്എസിനെപ്പറ്റി പരാമര്‍ശമുണ്ടായതേയില്ല.
അന്യായമായ സംഘനിരോധം പിന്‍വലിക്കാന്‍ വേണ്ടി സംഘം നടത്തിയ രാജ്യവ്യാപകമായ സത്യഗ്രഹവും തുടര്‍ന്നുള്ള നിരോധനം പിന്‍വലിക്കലും ചരിത്രത്തിന്റെ ഭാഗമായി. സംഘം പൂര്‍വാധികം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനമാരംഭിച്ചു. എന്നാലും ഇടയ്ക്കിടെ സംഘത്തെ ഗാന്ധിഹത്യക്ക് കാരണക്കാരായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് ശീലം തുടര്‍ന്നുവന്നു. ഗാന്ധിഹത്യ കേസ് വിചാരണ ചെയ്ത പ്രത്യേക കോടതി ജഡ്ജി ആത്മാചരന്റെ വിധിയില്‍ സംഘത്തെ പരാമര്‍ശിക്കാതിരുന്നിട്ടും ആരോപണം തുടര്‍ന്ന സാഹചര്യത്തില്‍ 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ജ:എസ്.എല്‍.കപൂറിനെ ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കമ്മീഷനായി നിയമിച്ചു. നാഥൂറാം ഗോഡ്സെയുടെ സഹോദരനും കേസിലെ ഒരു പ്രതിയുമായിരുന്ന ഗോപാല്‍ ഗോദ്സെയുടെ ശിക്ഷാവിധി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സത്യനാരായണ പൂജ നടത്തിയത് പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കമ്മീഷന് നിയമിതമായത്. 1969 ല്‍ കപൂര്‍ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഘത്തിന് ഗാന്ധിവധത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസിനുമേല്‍ ഗാന്ധിഹത്യ ആരോപിക്കുന്നത് സ്ഥിരം തൊഴിലാക്കിയിരുന്നു. ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചു വന്ന കലണ്ടറില്‍ വിശേഷ ദിവസങ്ങളുടെ കൂട്ടത്തില്‍ ജനുവരി 30 മഹാത്മാഗാന്ധിയെ ആര്എസ്എസ്സുകാരന് വെടിവെച്ചുകൊന്ന ദിവസം എന്ന് കൊടുക്കാറുണ്ടായിരുന്നു.
അന്നത്തെ ദിവസം മറക്കാതെ മുഖപ്രസംഗവും എഴുതിവന്നു. 1959 ല്‍ കോഴിക്കോട്ടെ സംഘചാലക് ശ്രീ.പി.കെ.എം.രാജാ ദേശാഭിമാനിക്കെതിരെ അപകീര്‍ത്തിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അന്ന് വി.ടി.ഇന്ദുചൂഡനായിരുന്നു പത്രാധിപര്‍. അദ്ദേഹം പികെഎം ന് ഖേദപ്രകടനത്തോടെ മാപ്പു ചോദിച്ചുകൊണ്ടയച്ച കത്തില്‍ ഇനി മുതല്‍ കലണ്ടറില്‍ തിരുത്തല്‍ ചെയ്യുമെന്നുറപ്പു നല്‍കുകയും ഖേദപ്രകടനം 1969 ഡിസംബര്‍ 31 ന്റെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു വി.ടി.ഇന്ദുചൂഡനാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന് സിപിഐയില്‍ ആകുകയും പത്രമുടമയായിരുന്ന ഇഎംഎസിന്റെ ഉത്തരവിന് പടി കെ.പി.ആര്.ഗോപാലന് അദ്ദേഹത്തെ ബലം പ്രയോഗിച്ച് പത്രാധിപ കസേരയില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. ക്രമേണ വി.ടി.ഇന്ദു ചൂഡന്‍ സംഘത്തോടടുക്കുകയും 1978 ല്‍ സര് സംഘചാലക് ശ്രീ ബാളാസാഹിബ് ദേവറസ് ആലുവ ശിവരാത്രി മണപ്പുറത്ത് അഭിമുഖീകരിച്ച സാംഘിക്കില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടുതന്നെ വിട പറഞ്ഞ ജീവിതമാണ് പിന്നീടദ്ദേഹം നയിച്ചത്.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ജനിപ്പിക്കുന്ന വിധത്തില്‍ പ്രചരണം നടത്തുന്ന പതിവ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും എന്നും നടത്തിവന്നു. 1970 കളില്‍ സംഘത്തിന്റെ വാര്‍ഷിക പരിശീലനം പാലക്കാട്ട് നടന്നപ്പോള്‍ കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ പോലീസ് നിയമം ഉപയോഗിച്ച് ശാസ്ത്രപരിശീലനം നിരോധിക്കുകയുണ്ടായി. ശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസിക്കാന്‍ സ്കൂളുകള്‍ അനുവദിക്കരുതെന്ന ചട്ടം ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്നു. ആദ്യത്തേതില്‍ സ്വയം സേവകര്‍ പാലക്കാട്ടെ വീടുകളില്‍ ആതിഥേയരായി താമസിച്ചുകൊണ്ടും രണ്ടാമത്തേതില്‍ നീതിന്യായ കോടതിയില്‍നിന്ന് വിധി സമ്പാദിച്ചുകൊണ്ടും സംഘം വിജയം കൈവരിച്ചു.
പാശ്ചാത്യ സംസ്ക്കാര പ്രകാരമുള്ള വിവാഹ സമ്പ്രദായത്തിലെ പോരായ്മകളെപ്പറ്റി സര് സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞകാര്യങ്ങളെ വളച്ചൊടിച്ച് ആഘോഷിച്ച ചാനലുകളും പത്രങ്ങളും തെറ്റ് ബോധ്യപ്പെട്ട് നിരുപാധികം ക്ഷമചോദിക്കാന്‍ നിര്‍ബന്ധിതരായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പു മാത്രമാണല്ലോ ചാനലുകാരും പത്രക്കാരും പ്രചരിപ്പിച്ചതുപോലുള്ള പരാമര്‍ശങ്ങള്‍ സര് സംഘചാലകന് ചെയ്യില്ലെന്ന സ്വയംസേവകരുടെ ഉറച്ചവിശ്വാസവും എടുത്തു പറയേണ്ടതുണ്ട്.
ഗാന്ധിജിയുടെ സ്മരണയ്ക്കായി അധാര്‍മിക പ്രതിജ്ഞയെടുക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം, മഹാത്മാഗാന്ധിയുടെ ജന്മംകൊണ്ട് പവിത്രമാക്കപ്പെട്ട പോര്‍ബന്ദര്‍ നിയമസഭാ മണ്ഡലവും അതുള്‍ക്കൊള്ളുന്ന ലോക്സഭാ മണ്ഡലവും ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് തങ്ങളാണോ എന്ന്.
അതോ തങ്ങള്‍ നിരങ്കുശം എതിര്‍ത്ത് നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആര്എസുഎസുകാര് ഉള്‍ക്കൊള്ളുന്ന ബിജെപിയാണോ? ഗാന്ധിജിയുടെ ജന്മസ്ഥലമെങ്കിലും തങ്ങള്‍ക്കുറപ്പിക്കാന്‍ ശ്രമിക്കുന്നതല്ലെ ഇത്തരം പ്രതിജ്ഞയേക്കാള്‍ നല്ലത്.
** പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: