ചെന്നൈ: വിശ്വരൂപം സിനിമയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തന്നെ പിന്തുണച്ചവരോട് നടനും സംവിധായകനുമായ കമല്ഹാസന് നന്ദി അറിയിച്ചു. എക്കാലവും താന്‍ തമിഴ്നാടിനോടും ഇന്ത്യന്‍ ജനതയോടും ഏറെ കടപ്പെട്ടവനാണ്. തമിഴ്നാട്ടില്‍ നിന്നും വ്യക്തിപരമായി പിന്തുണച്ചവര്‍ അനേകമുണ്ട്. ഇന്നുവരെ പരിചയമില്ലാത്ത അനേകം ആള്ക്കാര്, രാജ്യത്തെമ്പാടുമുള്ള ആരാധകര്‍ എന്നിവര്‍ തനിക്കായി പ്രതിരോധമുയര്ത്തിയെന്നും പ്രസ്താവനയില്‍ കമല്‍ അറിയിച്ചു. തനിക്കായി ഈ യുദ്ധം ഏറെ മുന്നോട്ടു കൊണ്ടുപോയത് മാധ്യമങ്ങളാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മാധ്യമങ്ങളുടെ വാദം ഏറെ സഹായിച്ചു. തന്റെ ചെറിയ ആവശ്യത്തിനുവേണ്ടി മാധ്യമങ്ങള്‍ ഉയര്‍ത്തിയ വലിയ ശബ്ദം തന്നെ ഏറെ കരുത്തനാക്കിയെന്നും കമല്‍ പറഞ്ഞു. 95 കോടി മുടക്കി നിര്‍മിച്ച ബിഗ്ബജറ്റ് ചിത്രം തമിഴിലും തെലുങ്കിലും ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കെ തലേദിവസമാണ് തമിഴ്നാട് സര്‍ക്കാര്‍ മുസ്ലീം തീവ്രവാദസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞത്. തമിഴ്നാട് ആഭ്യന്തരസെക്രട്ടറി ആര്.രാജഗോപാലും മുസ്ലീംസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സിനിമയിലെ ചിലഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് കമല്‍ സമ്മതിച്ചു. തുടര്‍ന്നാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് സാമ്പത്തികപ്രതിസന്ധി ഉണ്ടായെങ്കിലും അത് മറികടക്കാന്‍ രാജ്യത്തെമ്പാടുമുള്ള ആരാധകര്‍ തനിക്ക് പണമയച്ചിരുന്നതായി കമല്‍ വെളിപ്പെടുത്തി. എന്നാല്‍ സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണത്തില്‍ ആദ്യഘട്ടത്തിലെ നഷ്ടം ഏതാണ്ട് 30 മുതല്‍ 80 കോടി രൂപയോളം വരും.
നീതികേട് സംഭവിച്ചത് തന്നെ ക്രുദ്ധനാക്കിയെന്നും മുറിവേല്‍പ്പിച്ചെന്നും കമല്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടയിലും അക്ഷോഭ്യനായി നിലകൊണ്ടതാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലഭിച്ചിരുന്ന പണവും തടഞ്ഞത് തന്നെ വൈകാരികമായി തളര്‍ത്തി. പണം അയച്ചവര്‍ക്കെല്ലാം അത് തിരികെ നല്‍കുകയാണ്. ഇത് ദയവായി തടയരുത്. എല്ലാ ആരാധകര്‍ക്കും ഫാന്‍സിനും അഭിവാദ്യമര്‍പ്പിക്കുന്നു. പ്രകോപനത്തിന് പകരം സമാധാനവും ശാന്തിയും കൈവിടാതിരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമല്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ഫെബ്രുവരി 7ന് പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: