സ്നേഹം സ്നേഹം മാത്രമാണ് ഞാന്‍ പ്രസംഗിക്കുന്നത്. എന്റെ ഉപദേശത്തിന്റ അധിഷ്ഠാനമായി ഞാന്‍ എടുത്തിട്ടുള്ളത് വിശ്വാത്മാവിന്റെ ഐക്യവും സര്വവ്യാപിതയുമെന്ന വമ്പിച്ച വേദാന്തതത്ത്വമത്രേ. ഏതാണ്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ രാജ്യത്ത് സാമൂഹ്യപരിഷ്കര്ത്താക്കന്മാരുടെയും വിചിത്രസാമൂഹ്യപരിഷ്കാരപരിപാടികളുടെയും ഒരു പ്രളയംതന്നെ അനുഭവപ്പെട്ടുവരികയാണ്. ആ പരിഷ്കര്ത്താക്കന്മാരെക്കുറിച്ച്, വ്യക്തിപരമായി പറഞ്ഞാല്‍, എനിക്കാക്ഷേപമൊന്നുമില്ല. അവരില്‍ ഏറിയകൂറും നല്ലവരും നല്ലത് ചെയ്യണമെന്ന് വിചാരിക്കുന്നവരുമാണ്. അവരുടെ ഉദ്ദേശ്യങ്ങളും ചില അംശങ്ങളില്‍ തുലോം ശ്ലാഘ്യങ്ങള്തന്നെ. പക്ഷേ ഒരു സംഗതി പ്രത്യക്ഷമാണ്. ഈ ഒരുനൂറ് കൊല്ലമായി നടക്കുന്ന സാമൂഷ്യപരിഷ്കാരങ്ങള് രാജ്യത്തെങ്ങും കാണത്തക്കവണ്ണം ശാശ്വതവും വിലപ്പെട്ടതുമായ ഫലമൊന്നും ഉളവാക്കിയിട്ടില്ല. ആയിരക്കണക്കിന് പ്രസംഗങ്ങള്‍ വേദികളില്നിന്നുതിര്ന്നു. ദുര്വിധിഹതമായ ഹിന്ദുജനതയുടെയും ഹൈന്ദവസംസ്കാരത്തിന്റെയും ശ്രദ്ധാനതമായ ഉത്തമാംഗത്തില്‍ അഭിശാപഗ്രന്ഥങ്ങളുടെ ധാരതന്നെ വര്‍ഷിക്കപ്പെട്ടു. എങ്കിലും പ്രായോഗികമായ നല്ല ഫലമൊന്നും കൈവന്നില്ല. ഇതിന് കാരണം അത് വേഗത്തില്‍ കണ്ടെത്താം. ഈ അഭിശാപത്തില്ത്തന്നെയാണ് അത് നിലകൊള്ളുന്നത്. മുമ്പുപറഞ്ഞതുപോലെ, ഒന്നാമതായി നാം ചെയ്യേണ്ടത്, ചരിത്രപ്രസിദ്ധവും ഒരു ജനതയെന്നനിലയില്‍ നാം സമ്പാദിച്ചതുമായ സ്വഭാവംവെച്ച് പുലര്‍ത്താന്‍ ശ്രമിക്കകയാണ്. എന്നാല്‍ ഇന്ന് നിലവിലുള്ള പരിഷ്കാരപദ്ധതികളില് ഏറിയകൂറും പാശ്ചാത്യമാര്ഗങ്ങളുടെയും പ്രവര്‍ത്തനരീതികളുടെയും അചിന്തിതാനുകരണങ്ങള് മാത്രമാണെന്ന് പറയേണ്ടിവന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഭാരതത്തിന് ഇത് പോര, നിശ്ചയം. ഇതുകൊണ്ടാണ് ഈയിടെ ഉണ്ടായിട്ടുള്ള പരിഷ്കരണപദ്ധതികള് നിഷ്ഫലമായിപ്പോയത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: