ലാഹോര്‍: പാക്കിസ്ഥാനിലെ ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് അവസാനം പാക് സര്‍ക്കാര്‍ സമ്മതിച്ചു. ഹിന്ദുക്കളുടെ പലായനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇതാദ്യമാണ്. ന്യൂനപക്ഷ കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പോള്‍ ഭട്ടിയാണ് കുടിയേറ്റ വാര്‍ത്തകള്‍ക്ക് സാധൂകരണം നല്‍കിയത്.
മെച്ചപ്പെട്ട ഭാവി തേടിയാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ പാക്കിസ്ഥാന് വിട്ടുപോകുന്നതെന്ന് ഭട്ടി പറയുന്നു. ഇതിന് യാതൊരു നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഭട്ടിയെ ഉദ്ധരിച്ച് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണകക്ഷിയായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അംഗമായ ഭട്ടി ന്യൂനപക്ഷ സഖ്യത്തിന്റെ ചെയര്മാന് കൂടിയാണ്.
നാല് ദശലക്ഷത്തിലധികം ഹിന്ദുക്കള്‍ പാക്കിസ്ഥാനിലുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു കൂടാതെ 3.9 ദശലക്ഷം ക്രിസ്ത്യാനികളും 16,000 സിഖുകാരും പാക്കിസ്ഥാനിലുണ്ട്. പാക്കിസ്ഥാനിലെ സാമൂഹികവ്യവസ്ഥിതിയും മതവിവേചനവും നിര്‍ബന്ധിത മതംമാറ്റവുമെല്ലാം ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളെയും അസംതൃപ്തരാക്കുന്നു. നിര്‍ബന്ധിത വിവാഹങ്ങള്‍ക്കും ന്യൂനപക്ഷസമൂഹം ഇവിടെ ഇരയാകേണ്ടിവരുന്നു. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയിലെ കുത്തഴിഞ്ഞ ക്രമസമാധാന നിലയും വെല്ലുവിളിയാണ്. ഇക്കാരണങ്ങളാല്‍ 7000 മുതല്‍ 10,000 വരെ ഹിന്ദുകുടുംബങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയി ലേക്ക് കുടിയേറിയതായാണ് കഴിഞ്ഞ ആഗസ്റ്റില്‍ കണക്കുകള്‍ ഉദ്ധരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂനപക്ഷങ്ങളുടെ കുടിയേറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒരു പാര്‍ലമെന്ററി കമ്മറ്റിക്ക് രൂപം കൊടുത്തിരുന്നു. എന്നാല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടു പ്രകാരം പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപക കുടിയേറ്റം നടക്കുന്നില്ല.
അമ്പതോളം ഹിന്ദു കുടുംബങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും മെച്ചപ്പെട്ട ഭാവി തേടി ഇന്ത്യയിലേക്ക് പോയിട്ടുള്ളതായി ഡോ.പോള്‍ ഭട്ടി പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ അവര്‍ അസംതൃപ്തരാണെന്നും അദ്ദേഹം കണ്ടെത്തി. പാക്കിസ്ഥാനിലെ ഹിന്ദുക്കളോട് യാതൊരു അനീതിയും പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: