പ്രയാഗ്: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഗാള്‍. തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല. ഇപ്പോള്‍ തുണികൊണ്ട് നിര്‍മിച്ച താത്കാലിക ക്ഷേത്രത്തില്‍ നിലകൊള്ളുന്ന ശ്രീരാമവിഗ്രഹം എത്രയും വേഗം 70 ഏക്കര്‍ ഭൂമിയില്‍ ഉചിതമായ ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുംഭമേളയില്‍ വിളിച്ചുചേര്‍ത്ത് പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍.
കുംഭമേള രാഷ്ട്രത്തെയും ഹിന്ദുസംസ്കാരത്തെയും സംബന്ധിച്ച ഗൗരവമേറിയ വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സന്ദര്‍ഭമാണ്. 1966ലെ കുംഭമേളയിലാണ് ഗോരക്ഷാ തീരുമാനം ഉണ്ടായത്. 81ല്‍ ശ്രീരാമജന്മഭൂമി വീണ്ടെടുക്കാനുള്ള തീരുമാനവും പിന്നീട് പഞ്ചാബിലെ തീവ്രവാദത്തിനെതിരായ നിലപാടും സ്വീകരിക്കപ്പെട്ടത് കുംഭമേളകളിലാണ്. ഗോഹത്യകള്‍ അടക്കമുള്ള അപകടകരമായ പ്രവണതകള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2021 ആകുമ്പോള്‍ ഭാരതത്തില്‍ നാടന്‍ പശുക്കളുടെ വംശം ഇല്ലാതാകും. 2061ല്‍ ഭാരതത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റവും ലൗജിഹാദും മാവോയിസ്റ്റ് ആക്രമണവും മുമ്പെങ്ങുമില്ലാത്തവണ്ണം വര്‍ധിച്ചു. ഈ ഗുരുതര സാഹചര്യത്തില്‍ സന്ന്യാസി സമൂഹത്തിന് നിശ്ശബ്ദത പാലിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫെബ്രുവരി 6ന് ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കും. അതിന് മുന്നോടിയായി കേന്ദ്രമാര്ഗദര്ശക് മണ്ഡല് യോഗം ചേരും. ഇതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തോളം സന്ന്യാസിമാര്‍ പങ്കെടുക്കും. ഇതരവിഭാഗങ്ങളിലെ സന്ന്യാസിമാരും സിഖ്മതാചാര്യന്മാരും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഹിന്ദുഭീകരവാദമെന്ന ആരോപണമുയര്‍ത്തി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഹിന്ദുക്കളെയും ഹിന്ദുസന്ന്യാസിമാരെയും അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെയും ശക്തമായ നിലപാട് മാര്‍ഗ ദര്‍ശക് മണ്ഡലത്തില്‍ സ്വീകരിക്കുമെന്നും അശോക് സിംഗാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: