കൊച്ചി: പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ ശക്തീകരണവും നാട്ടറിവുകളുടെ സമാഹരണവും ലക്ഷ്യമിട്ട് കേരള ഫിഷറീസ് സര്‍വകലാശാലയില്‍ തുടങ്ങിയ നാട്ടറിവ് പഠനകേന്ദ്രത്തിന് സാമൂഹിക പരിഷ്കര്‍ത്താവ് പണ്ഡിറ്റ് കെ.പി.കറുപ്പന്റെ പേരിടണമെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍ദേശിച്ചു.
അടുത്തവര്‍ഷം സര്‍വകലാശാലയില്‍ പുതുതായി ഏഴു കോഴ്സുകള്‍ കൂടി തുടങ്ങും. സര്‍വകലാശാലയുടെ സ്റ്റാറ്റ്യൂട്ട് സംബന്ധിച്ച് ഒരാഴ്ച്ചക്കകം തീരുമാനമാകും. നിയമവകുപ്പിലെ പരിശോധനയ്ക്കു ശേഷം സ്റ്റാറ്റ്യൂട്ട് ധനകാര്യ സെക്രട്ടറിയുടെ പക്കല്‍ എത്തിയതായും ഇക്കാര്യത്തില്‍ തുടര്‍നടപടി വേഗത്തിലാക്കി ഇത് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടറിവുകള്‍ നേരിട്ടറിയാനുള്ള ഇന്ത്യന്‍ സര്‍വകലാശാലകളില്‍ തന്നെയുള്ള ആദ്യ ശ്രമമാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പിഎസ്സി ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാട്ടറിവുകളെ നമ്മുടെ സര്‍വകലാശാലകള്‍ അവഗണിക്കുകയായിരുന്നുവെന്നും നാട്ടറിവുകളുടെ ജ്ഞാനപദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി.മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മരട് നഗരസഭാധ്യക്ഷന്‍ ടി.കെ.ദേവരാജന്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മാസ്റ്റര്‍, സിഫ്ട് ഡയറക്ടര്‍ ഡോ. ടി.കെ. ശ്രീനിവാസ ഗോപാല്‍ , മാനേജുമെന്റ് സ്കൂള്‍ ഡയറക്ടര്‍ ഡോ. എം.എസ്.രാജു എന്നിവര്‍ പ്രസംഗിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.സി.മോഹനകുമാരന്‍ നായര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. അബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: