ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് തീയതി പത്ത് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഖാമര്‍ സമന് ഖൈറ പറഞ്ഞു. അഴിമതി ഭരണത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച മതനേതാവ് തഹിറുള്‍ ഖാദ്രിയെ ലാഹോറില്‍ സന്ദര്‍ശിച്ച ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പ്രതിനിധി സംഘത്തിനൊപ്പമായിരുന്നു മന്ത്രി ഖാദ്രിയെ സന്ദര്‍ശിച്ചത്. പ്രവിശ്യാ അസംബ്ലികളും പാര്‍ലമെന്റും പിരിച്ചുവിടുന്ന തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കാവല്‍ പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും കാര്യത്തില്‍ സര്‍ക്കാരും ഖാദ്രിയുടെ അവാമി തെഹ്രിക് പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തുമെന്നും ഖൈറ വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ല. അഴിമതിക്കാരെ ഭരണത്തിന് പുറത്തുനിര്‍ത്തണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് ഖാദ്രി ഇസ്ലാമാബാദിലേക്ക് നടത്തിയ മാര്‍ച്ച് ഏറെ ജനവികാരം ഇളക്കിവിട്ടിരുന്നു. ഇസ്ലാമാബാദില് ധര്‍ണ നടത്തിയ ഖാദ്രിയുടെ സമരം അവസാനിപ്പിക്കാനുണ്ടാക്കിയ ധാരണയനുസരിച്ചാണ് സര്‍വകക്ഷിസംഘം അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്.
സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും അഴിമതിക്കാര്‍ പാര്‍ലമെന്റിലെത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഖാദ്രിക്ക് ഉറപ്പു നല്‍കിയിരുന്നു. അടുത്തിടെ പാക് മന്ത്രിസഭിയില്‍ നിന്ന് അഴിമതി വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും, പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും അഴിമതി ആരോപണം നേരിടുന്നുണ്ട്.
യൂസഫ് റാസാ ഗിലാനിക്കു പകരം തല്‍സ്ഥാനത്തെത്തിയ രാജാ പര്‍വേസ് അഷ്റഫും നിലവില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട്. രാജ്യത്തെ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും തമ്മില്‍ അഴിമതിയുടെ പേരിലാണ് നിരന്തരം ഏറ്റുമുട്ടല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: