ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവു 1996ല്‍ ആണവപരീക്ഷണത്തിന് തയ്യാറായിരുന്നൂവെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം. എന്നാല്‍ തെരഞ്ഞെടുപ്പു ഫലം എതിരായതിനെത്തുടര്‍ന്ന് തന്റെ പിന്‍ഗാമി അടല്‍ ബിഹാരി വാജ്പേയി ഇക്കാര്യം തീരുമാനിക്കട്ടെയെന്ന് നിശ്ചയിക്കുകയായിരുന്നു. റോ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന ഏഴാമത് ആര് എന്‍ കാവോ അനുസ്മരണ പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്ന് കലാമായിരുന്നു പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ്. 1996 മെയ് മാസത്തിലെ ഒരു രാത്രിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും ഒരു ഫോണ്‍കാള്‍ വന്നു. ഉടന്‍ തന്നെ പ്രധാനമന്ത്രി റാവുവിനെ നേരില്‍ കാണാനായിരുന്നു നിര്‍ദേശം. പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. ആണവോര്ജവകുപ്പുമായി ബന്ധപ്പെട്ട് എന്നോടും സംഘത്തോടും ആണവപരീക്ഷണത്തിന് തയ്യാറാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, കലാം പറഞ്ഞു.
തിരുപ്പതിയിലേക്കു പോകുകയാണ്, പരീക്ഷണത്തിന് തന്റെ അനുവാദത്തിനായി കാത്തിരിക്കുക. ഡിആര്‍ഡിഒ-ഡിഎഇ സംഘവും ജോലിക്ക് തയ്യാറായിരിക്കണം. റാവു നിര്‍ദേശിച്ചതായി കലാം പറഞ്ഞു.
എന്നാല്‍ റാവു കരുതിയിരുന്നതു പോലെയല്ല തെരഞ്ഞെടുപ്പു ഫലം ഉണ്ടായത്. താന്‍ ആ സമയം ചന്ദിപ്പൂര്‍ മിസെയില്‍ റേഞ്ചില്‍ തിരക്കിലായിരുന്നു. അപ്പോഴാണ് റാവുവിന് പകരം പ്രധാനമന്ത്രിയായി വാജ്പേയി ചുമതലയേറ്റ വിവരം അറിയുന്നത്, കലാം പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിന് താന്‍ സാക്ഷ്യം വഹിച്ചു. പുറത്തു പോകുന്ന പ്രധാനമന്ത്രി റാവു ആണവപദ്ധതികളെക്കുറിച്ച് വാജ്പേയിക്ക് വിശദീകരിച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചതായും കലാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: