മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് സമനില. ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ വലന്‍സിയയാണ് റയലിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ 2-0ന്റെ മികവില്‍ റയല്‍ മാഡ്രിഡ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ഒമ്പത് പേരുമായി കളിച്ചശേഷമാണ് റയല്‍ ഇന്നലത്തെ നിര്‍ണായക പോരാട്ടത്തില്‍ സമനില സ്വന്തമാക്കിയത്. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ഫാബിയോ കോസെന്ട്രോയും 88-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ ആഞ്ചല്‍ ഡി മരിയയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെയാണ് റയല്‍ 9 പേരായി ചുരുങ്ങിയത്. ഇതിനിടെ മത്സരത്തിന്റെ 17-ാം മിനിറ്റില്‍ സൂപ്പര്‍ ഗോളി ഇകര്‍ കസിയസ് പരിക്കേറ്റ് മടങ്ങിയതും റയലിന് തിരിച്ചടിയായി. പെരുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കസിയസ് കളിക്കളത്തില്‍ നിന്ന് മടങ്ങിയത്. പിന്നീട് അന്റോണിയോ ആഡനാണ് റയല്‍ വല കാത്തത്. പരിക്ക് ഗുരുതരമാണെന്നും ആറാഴ്ചത്തെ വിശ്രമം ആവശ്യമാണെന്നും കോച്ച് ഹോസെ മൊറീഞ്ഞോ പറഞ്ഞു. അങ്ങനെയായാല്‍ അടുത്ത മാസം 13ന് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്ന റയലിന്റെ ഗോള്‍വല കാക്കാന്‍ കസിയസുണ്ടാവില്ല. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് കരീം ബെന്‍സേമയിലൂടെ റയലാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ മത്സരത്തിന്റെ 52-ാം മിനിറ്റില്‍ വലന്‍സിയ ഗോള്‍ മടക്കി. അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് വലന്‍സിയയുടെ സമനില ഗോള്‍ പിറന്നത്. ഫാബിയോ കോസന്‍ട്രോ പന്ത് കൈകൊണ്ട് തൊട്ടതിനാണ് ഫ്രീകിക്ക് ലഭിച്ചത്. ഈ ഫൗളിന് കോസന്ട്രോക്ക് രണ്ടാം മഞ്ഞകാര്‍ഡും മാച്ചിംഗ് ഓര്‍ഡറും ലഭിച്ചു. ടിനോ കോസ്റ്റ എടുത്ത ഫ്രീകിക്ക് റയല്‍ പ്രതിരോധമതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിക്കുകയായിരുന്നു.
മറ്റൊരു രണ്ടാം പാദക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സെവിയ ഒമ്പത് പേരുമായി കളിച്ച റയല്‍ സരഗോസയെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചു. കളി 26 മിനിറ്റ് മാത്രം പിന്നിട്ടപ്പോള്‍ പ്രതിരോധക്കാരന് ജോസ് ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് കളം വിട്ടതിന് പിന്നാലെ 66 -ാം മിനിറ്റില്‍ ഫ്രാന് ഗോണ്‍സാലസും മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയത് സരഗോസക്ക് തിരിച്ചടിയായി. സെവിയക്ക് വേണ്ടി നെഗ്രഡോ രണ്ട് ഗോളുകള്‍ നേടി. 36-ാം മിനിറ്റിലും 67-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമാണ് നെഗ്രഡോ സരഗോസ വല കുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഇവാന് റാക്കിറ്റിക്കും മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഡെല്‍ മോറലും മറ്റു ഗോളുകള്‍ നേടി. ഇരുടീമുകളും തമ്മിലുള്ള ആദ്യപാദ ക്വാര്‍ട്ടര്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: