കൊച്ചി: കുരുമുളകിനും ഏലത്തിനുമായി കേന്ദ്രസര്‍ക്കാര്‍ രണ്ട് പ്രത്യേക കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. റബര്‍, കുരുമുളക്, ഏലം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി ഫോര്‍വേഡ് മാര്‍ക്കറ്റ്സ് കമ്മീഷന് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നോട്ടു വച്ച നിര്‍ദേശം അംഗീകരിച്ചാണ് കമ്മറ്റികള്‍ക്ക് രൂപം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റബര്‍ കര്‍ഷകര്‍ക്കായി രൂപീകരിച്ച കമ്മിറ്റിയുടെ മാതൃകയിലാണ് ഏലം, കുരുമുളക് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭ്യമാക്കുന്നതിനും ഇത് വഴിയൊരുക്കും. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഏഴായിരം ടണ്‍ കുരുമുളക് സംബന്ധിച്ച് ഉചിതമായ നടപടി കൈക്കൊള്ളും. കുരുമുളകിന്റെ ഗുണനിലവാരം സംബന്ധിച്ച് ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. അവധി വ്യാപാരത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അവധി വ്യാപാരത്തിന്റെ ഗുണം സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കണം. കാര്‍ഷിക വിഭവങ്ങള്‍ക്ക് ഉചിതമായ വില ലഭിക്കാന്‍ കര്‍ഷകരെ സഹായിക്കാന്‍ അവധിവ്യാപാരത്തിലൂടെ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി. തോമസ് എം.പി, ഫോര്‍വേഡ് മാര്‍ക്കറ്റ്സ് കമ്മീഷന് ചെയര്മാന് രമേഷ് അഭിഷേക്, ആര്. രാമശേഷന് എന്നിവരും പങ്കെടുത്തു.
അവധി വ്യാപാരത്തിലെ ഊഹക്കച്ചവടക്കാര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നാഷണല്‍ കമ്മോഡിറ്റി ആന്റ് ഡെറിവേറ്റീവ് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ആര്. രാമശേഷന് വ്യാപാരികളും കര്‍ഷകരുമായുള്ള മുഖാമുഖത്തില്‍ വ്യക്തമായി. അവധി വ്യാപാരത്തില്‍ കര്‍ഷകരെ സഹായിക്കുകയും നടപടികളില്‍ സുതാര്യത ഉറപ്പു വരുത്തുകയുമാണ് എക്സ്ചേഞ്ചിന്റെ ലക്ഷ്യം. പത്തു ലക്ഷം രൂപ വരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ആര്ബിട്രേഷന് ഫീസ് ഈടാക്കില്ല. അവധി വ്യാപാരത്തിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. കര്‍ഷകരെ വിശ്വാസമാര്‍ജിക്കാനുള്ള വിവിധ നടപടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികളെ കൂടി അവധി വ്യാപാരത്തിന്റെ ഭാഗമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത കര്‍ഷകരും വ്യാപാരികളും വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. ഏലത്തിന്റെ സംഭരണ സൗകര്യം ദീര്‍ഘകാലത്തേക്ക് ലഭ്യമാക്കുക, ഗ്രേഡിങ്ങില്‍ ഇളവ് നല്‍കുക, ആഭ്യന്തര വിപണിക്കനുസൃതമായി അവധി വ്യാപാരത്തിന്റെ നടപടിക്രമങ്ങള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: