ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ അടുത്തിടെ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നടത്തിയ പ്രസ്താവനകള്‍ കാര്യമാക്കേണ്ടതില്ലെന്ന് ഇന്ത്യ. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ ക്രൂരമായി വധിച്ച സംഭവത്തില്‍ പാക് ഹൈക്കമ്മീഷണര്‍ നടത്തിയ പ്രസ്താവനയെ നിസാരവല്‍ക്കരിച്ചാണ് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്നലെ രംഗത്തെത്തിയത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിച്ച് ബന്ധം ട്രാക്കിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഖുര്‍ഷിദ് പറഞ്ഞിരുന്നു. എന്നാല്‍ പാക് നേതാക്കളില്‍ നിന്നുണ്ടായ പ്രസ്താവനകളെ നിസാരവല്‍ക്കരിച്ച ഖുര്‍ഷിദ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പഴയ സ്ഥിതിയിലെത്താന്‍ സമയമെടുക്കുമെന്നും ഇന്നലെ ദല്‍ഹിയില്‍ പറഞ്ഞു.
അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ ഖുര്‍ഷിദ് ഇതിന് പരിഹാരമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസത്തെ അപേക്ഷിച്ച് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി. പാക് ഹൈക്കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. എല്ലാ പ്രസ്താവനകളോടും നമ്മള് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. എല്ലാ പ്രസ്താവനകളേയും ആഭ്യന്തരമായി കാണരുതെന്നും അവസാനത്തെ പ്രസ്താവനകളായി ഇതിനെ കാണുന്നില്ലെന്നുമായിരുന്നു ഖുര്‍ഷിദിന്റെ പക്ഷം.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച ആവശ്യമാണെന്നും ഇതിന് തങ്ങള്‍ തയ്യാറാണെന്നും പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര് പറഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ അതൊരു വാഗ്ദാനമായി താന്‍ കാണുന്നില്ലെന്നും ഖുര്‍ഷിദ് പ്രതികരിച്ചു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇക്കാര്യം എങ്ങനെ മുന്നോട്ട് വെക്കുമെന്നാണ് താന്‍ ചിന്തിക്കുന്നത്. ഇതിന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ നിന്നു പോലും ചില നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും ഖുര്‍ഷിദ് പറഞ്ഞു.
അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നു. ഏതൊരു വിഷയമായാലും അതിന്റെ എല്ലാ വശങ്ങളും പഠിച്ചതിനുശേഷം മാത്രമെ അടുത്ത നടപടി സ്വീകരിക്കുകയുള്ളൂവെന്നും ഉഭയകക്ഷി ബന്ധത്തിനിടെ ഉണ്ടാകുന്ന വിഷയങ്ങളില്‍ മൂന്നാം കക്ഷിയുടെ അന്വേഷണത്തെ ഇന്ത്യ ഗുണപരമായി മാത്രമെ കാണുന്നുള്ളുവെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.
അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളിലേയും ഡിജിഎംഒ മാരുടെ യോഗത്തില്‍ ചില ധാരണകളുണ്ടായതായും ഖുര്‍ഷിദ് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറിനും, എട്ടിനും അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണങ്ങളാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ ഇന്ത്യ പ്രതിഷേധമറിയിക്കുകയും ചെയ്തു. നിലവില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇരു രാഷ്ട്രങ്ങളും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെ ഈ മാസം അവസാനം ന്യൂദല്‍ഹിയില്‍ നടക്കാനിരുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്ന പാക് വാണിജ്യ മന്ത്രി അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: