ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ അഴിമതിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. അഴിമതി വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥന് കമ്രാന്‍ ഫൈസലിനെയാണ് സര്‍ക്കാര്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അന്വേഷണ സംഘത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് കമ്രാന്‍ ആവശ്യപ്പെട്ടിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്നതിന് തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് കമ്രാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന്റേത് ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അഷ്റഫിനെതിരായ കേസ് അന്വേഷിക്കുന്നതിന് താന്‍ പാകപ്പെട്ടിട്ടില്ല. ബ്യൂറോയിലെ മറ്റേതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന് ഇതിന്റെ ചുമതല നല്‍കണമെന്നുമാണ് കമ്രാന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്കിയ കത്തില്‍ കമ്രാന്‍ ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പാക് പ്രധാനമന്ത്രി ഉള്‍പ്പെടെ 15 പേരെ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ അഷ്റഫിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് വര്‍ഷം മാത്രം സേവനകാലാവധിയുള്ള തനിക്ക് ഇത്രയും വലിയ കേസ് അന്വേഷിക്കാനാവില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില അഴിമതി കേസുകള്‍ മാത്രമാണ് താന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അഴിമതിക്കേസ് അന്വേഷണത്തില്‍ നിന്നും തന്നെ ഒഴിവാക്കി പകരം മറ്റ് കേസ് അന്വേഷണത്തിന് തന്നെ ചുമതലപ്പെടുത്തണമെന്നും കമ്രാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: