വാഷിങ്ങ്ടണ്‍: ഭീകരസംഘടനയായ ലഷ്കറേ തോയ്ബയ്ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത കേസില്‍ 14 വര്‍ഷം തടവ്ശിക്ഷയ്ക്ക് വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഭീകരന് തഹാവൂര്‍ റാണെയുടെ അഭിഭാഷകന് പാട്രിക് ബ്ലെഗാന് പറഞ്ഞു. റാണയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് അപ്പീല്‍ നല്കാന് തീരുമാനിച്ചതെന്നും അഭിഭാഷകന് പറഞ്ഞു.
ഷിക്കാഗോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയാണ് അടുത്ത നടപടി. വിചാരണയില്‍ പാകപ്പിഴകളുണ്ടായിട്ടുണ്ട്. ഏകപക്ഷീയമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കോടതി വിധി മാനിക്കുന്നതായും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.
ലഷ്കറെ തോയ്ബ ഏജന്റായ റാണയ്ക്ക് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വ്യാഴാഴ്ച്ച ഷിക്കോഗോ കോടതിയാണ് ശിക്ഷ വിധിച്ചത്. ലഷ്കറെ തോയ്ബയെ സഹായിച്ച കേസിലും, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ച ഡെന്മാര്ക്കിലെ പത്രസ്ഥാപനത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത കേസിലുമാണിത്. പാക്ക് വംശജനും കനേഡിയന്‍ പൗരനുമായ റാണ ഈ രണ്ട് കേസുകളിലും കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലാണു റാണ പിടിയിലായതെങ്കിലും ഇതില്‍ കുറ്റക്കാരനല്ലെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ലക്ഷ്യകേന്ദ്രങ്ങള്‍ സംബന്ധിച്ചു ലഷ്കറിന് വിവരങ്ങള്‍ കൈമാറിയ ഡേവിഡ് ഹെഡ്ലിയുടെ കൂട്ടാളിയാണ് റാണ.
അതേസമയം, റാണയ്ക്ക് ശിക്ഷ ലഭിച്ചത് ഭീകരര്‍ക്കുള്ള ശക്തമായ സന്ദേശമാണെന്ന് അമേരിക്ക പ്രതികരിച്ചു. ഭീകരവാദികള്‍ക്ക് എന്നും സുരക്ഷിതായി കഴിയാമെന്ന ധാരണയ്ക്കേറ്റ ശക്തമായ തിരിച്ചടിയാണിത്. നിയമത്തിന്റെ പിടിയില്‍ നിന്നും ശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒളിച്ചുകഴിയാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഷിക്കാഗോ കോടതി വിധിയില്‍ നിന്നും ഉണ്ടായിരിക്കുന്നുതെന്ന് ഇല്ലിയാനോസ് അറ്റോര്‍ണി ജനറല്‍ ഗ്യാരി എസ് ഷാപ്പിരോ പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ തടയുകയും അതിന് സഹായം നല്‍കുന്നവരെ നിയമത്തിനുകൊണ്ടുവരുന്നുതിനുവേണ്ടിയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. ഭീകരവാദത്തെ ചെറുക്കുക അതു തന്നെയായിരിക്കും അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ ഇല്യാസ് കാശ്മീരി, ലഷ്കര്‍ ഭീകരന് സജീദ് മിര്‍ എന്നിവര്‍ക്കെതിരെയും അമേരിക്ക കുറ്റം ചുമത്തിയിട്ടുണ്ട്. അബ്ദുര്‍ റഹ്മാന് ഹാഷിം സയിദ്, അബു കഹഫാ, മസാര്‍ ഇക്ക്ബാല്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
ഇല്യാസ് കാശ്മീരി അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കാശ്മീരി കൊല്ലപ്പെട്ടിട്ടില്ലെന്നും പാക്കിസ്ഥാനില്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ലഷ്കറിന്റെ വാദം. ഈ ആറ് പ്രതികള്‍ക്കെതിരെയുമുള്ള കേസ് തീര്ച്ചപ്പെടത്തിയിട്ടില്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: