ന്യൂദല്‍ഹി: ടുജി ലേലം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ലൈസന്‍സ് റദ്ദായ ടുജി മൊബെയില്‍ സേവനദാതാക്കള്‍ക്ക് ഫെബ്രുവരി നാല് വരെ പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. കേന്ദ്രം സ്വീകരിച്ച ശക്തമായ തീരുമാനത്തിന്റെ പ്രതിഫലനമാണ് ലൈസന്‍സിന്റെ കാലാവധി നീട്ടിയതിലൂടെ വ്യക്തമാകുന്നതെന്നും സിബല്‍ അഭിപ്രായപ്പെട്ടു.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സ്പെക്ട്രത്തിന്റെ വില സംബന്ധിച്ച വിഷയത്തില്‍ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കേസില്‍ സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കുന്നത് ഫെബ്രുവരി നാലിനാണ്. ലൈസന്‍സ് റദ്ദായ ടുജി മൊബെയില്‍ സേവന ദാതാക്കള്‍ക്ക് അടുത്ത ടുജി ലേലം വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീം കോടതി മുമ്പാകെ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 11 നാണ് രണ്ടാംവട്ട ടുജി ലേലം ആരംഭിക്കുക. നവംബറില്‍ നടന്ന ആദ്യ ലേലത്തില്‍ 55 ശതമാനം ജിഎസ്എം സ്പെക്ട്രം ലൈസന്‍സുകളാണ് ലേലം ചെയ്തത്. അഞ്ച് മൊബെയില്‍ കമ്പനികളാണ് ഈ ലേലത്തില്‍ പങ്കെടുത്തത്. ടാറ്റ ടെലിസര്‍വീസസും വീഡിയോകോണുമാണ് സിഡിഎംഎ ലേലത്തില്‍ പങ്കെടുത്തത്. 14,000 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇതും ടെലികോം കമ്പനികളില്‍ നിന്നുള്ള തണുത്ത പ്രതികരണത്തിന് ഇടയാക്കി. ഇതേ തുടര്‍ന്നാണ് മാര്‍ച്ചില്‍ വീണ്ടും ലേലം നടത്താന്‍ തീരുമാനിച്ചത്. രണ്ടാം റൗണ്ട് ലേലത്തിന് ഒന്നാം റൗണ്ട് ലേലത്തിനേക്കാള് കുറഞ്ഞ അടിസ്ഥാന വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
മാര്‍ച്ച് 11 ന് ആരംഭിക്കുന്ന രണ്ടാം വട്ട ലേലത്തിലൂടെ 45,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ആദ്യ വട്ട ലേലത്തില്‍ കേവലം 9,410 കോടി രൂപയാണ് സമാഹരിക്കാന്‍ സാധിച്ചത്-പ്രതീക്ഷിച്ചതിനേക്കാള്‍ 25 ശതമാനം കുറവായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: